ബ്ലാക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാനയും
എന്‍പതോളം ബ്ലാക് ഫംഗസ് രോഗങ്ങളാണ് തെലങ്കാനയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
ബ്ലാക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാനയും. 1897ലെ പകര്‍ച്ചവ്യാധി നിയമത്തിന്റെ കീഴിലാണ് ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. നേരത്തെ, രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രാജസ്ഥാനും ബ്ലാക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു.
എന്‍പതോളം ബ്ലാക് ഫംഗസ് രോഗങ്ങളാണ് തെലങ്കാനയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ബ്ലാക് ഫംഗസിന്റെ ലക്ഷണങ്ങളോടെയുള്ള രോഗങ്ങള്‍ നിര്‍ബന്ധമായും ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ രോഗം സ്ഥികരിച്ചവരുടെയും സംശയമുള്ളവരുടെയും റിപ്പോര്‍ട്ടും ദിനംപ്രതി നല്‍കണം.
ബ്ലാക് ഫംഗസ് രോഗ പരിശോധനയും ചികിത്സയും ഐ.സി.എം.ആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കണം നടത്തേണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് ബാധിച്ചവരില്‍ പ്രമേഹ രോഗികളായവര്‍ക്കാണ് രോഗം എളുപ്പത്തില്‍ പിടിപെടാന്‍ സാധ്യതയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
ബ്ലാഗ് ഫംഗസ് ഗുരുതരമായ രോഗമാണ്. എന്നാല്‍ പ്രതിരോധിക്കാവുന്നതും ചികിത്സിച്ച് ഭേദപ്പെടുത്താവുന്നതുമാണെന്ന് സംസ്ഥാന ആയുഷ് വകുപ്പ് ഡയറക്ടര്‍ ഡോ വി.എസ് അളകു വര്‍ഷിനി മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ രാജസ്ഥാന് പുറമെ കര്‍ണാടക, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ആന്ധ്ര പ്രദേശ്, ഹരിയാന, ബിഹാര്‍ എന്നിവിടങ്ങളിലും ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Adjust Story Font
16