മുന്‍ഗണന കോവിഡ് വാര്‍ത്തകള്‍ക്ക്; ഇലക്ഷന്‍ പ്രത്യേക കവറേജ് ഉണ്ടാവില്ലെന്ന് ടൈംസ് നൗ
രാജ്യം ഏറ്റവും വലിയ ആരോഗ്യ അടിയന്തരാവസ്ഥ നേരിടുമ്പോള്‍ ഇലക്ഷന്‍ പ്രത്യേക കവറേജ് നടത്തില്ലെന്ന് ടൈംസ് നൗ
കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രത്യേക ഇലക്ഷന്‍ കവറേജ് വേണ്ടെന്ന് വെച്ച് ടൈംസ് നൗ ചാനല്‍. കോവിഡുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കാണ് മുന്‍ഗണന നല്‍കുക. കേരളം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് നാളെ വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ പ്രമാണിച്ച് പൊതുവെ ചാനലുകള്‍ നടത്താറുള്ള തത്സമയ കവറേജ് ഉണ്ടാവില്ലെന്നാണ് ടൈംസ് നൗ അറിയിച്ചത്.
സമീപകാലത്തെ ഏറ്റവും വലിയ ആരോഗ്യ അടിയന്തരാവസ്ഥയാണ് നമ്മുടെ രാജ്യം നേരിടുന്നത്. ഈ സാഹചര്യത്തില്‍ ടൈംസ് നൗ കോവിഡുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കാണ് മുന്‍ഗണന നല്‍കുക. മെയ് 2നും അതിനുശേഷവുമുള്ള പ്രത്യേക തെരഞ്ഞെടുപ്പ് കവറേജ് വേണ്ടെന്നുവെച്ചിരിക്കുകയാണ്. കോവിഡ് 19മായി ബന്ധപ്പെട്ട അനുബന്ധ വാര്‍ത്തകള്‍, കോവിഡ് വാക്സിനേഷന്‍ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ സംപ്രേഷണം ചെയ്യും. അതോടൊപ്പം ആരോഗ്യപ്രവര്‍ത്തകരുമായും മാനസികാരോഗ്യ വിദഗ്ധരുമായും പ്രേക്ഷകര്‍ക്ക് സംവദിക്കാന്‍ അവസരമുണ്ടാകും. വോട്ടെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ പതിവ് ബുള്ളറ്റിനുകളിലുണ്ടാവുമെന്നും ടൈംസ് നൗ അറിയിച്ചു.
ടൈംസ് നൗവിന്‍റെ 60ഓളം ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് ബാധിച്ചിരിക്കുകയാണ്. വീടുകളിലിരുന്നാണ് മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
TIMES NOW suspends its election results coverage for 4 States & 1 UT on May 2. pic.twitter.com/dV19Q3tN6N
— TIMES NOW (@TimesNow) May 1, 2021
നേരത്തെ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഐപിഎല്ലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യില്ലെന്ന് വ്യക്തമാക്കിയിരുന്നു. രാജ്യത്ത് പതിനായിരങ്ങൾ മഹാമാരിക്കു മുൻപിൽ മരിച്ചുവീഴുമ്പോൾ അപ്പുറത്ത് ക്രിക്കറ്റ് മാമാങ്കം പൊടിപൊടിക്കുന്നത് അനുചിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഐപിഎൽ വാർത്തകൾ പത്രം തത്കാലം നല്‍കില്ലെന്ന് തീരുമാനിച്ചത്.
കോവിഡ് മഹാമാരിയുടെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഒരു ചെറു വൈറസ് ഉയർത്തിയ വെല്ലുവിളികൾക്കു മുൻപിൽ ആരോഗ്യ സംവിധാനത്തിന് മറുപടിയില്ലെന്ന് തെളിഞ്ഞതോടെ പതിനായിരങ്ങളാണ് ജീവന് വേണ്ടി മല്ലടിക്കുന്നത്. ഇത്തരമൊരു ദുരന്തവേളയിൽ അതീവ സുരക്ഷയൊരുക്കി ഇന്ത്യയിൽ ക്രിക്കറ്റ് മാമാങ്കം തുടരുന്നത് അനുചിതമാണ്. ഈ വാണിജ്യവൽക്കരണം വിവേകമില്ലാത്തതാണ്. കളിയല്ല പ്രശ്‌നം, കളി നടക്കുന്ന സമയമാണെന്ന് പത്രത്തിന്റെ മുൻപേജിൽ പ്രസിദ്ധീകരിച്ച എഡിറ്ററുടെ കുറിപ്പിൽ വ്യക്തമാക്കുകയുണ്ടായി.
Adjust Story Font
16