Quantcast

റേഷൻ കാർഡുടമകൾക്ക് 4,000 രൂപ കോവിഡ് സഹായം, കോവിഡ് ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുക്കും; വാഗ്ദാനങ്ങൾ പാലിച്ച് സ്റ്റാലിന്റെ തുടക്കം

സ്ത്രീകൾക്ക് ബസുകളിൽ സൗജന്യയാത്ര, പാൽവില കുറച്ചു

MediaOne Logo

Web Desk

  • Updated:

    2021-05-07 11:22:54.0

Published:

7 May 2021 11:18 AM GMT

റേഷൻ കാർഡുടമകൾക്ക് 4,000 രൂപ കോവിഡ് സഹായം, കോവിഡ് ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുക്കും; വാഗ്ദാനങ്ങൾ പാലിച്ച് സ്റ്റാലിന്റെ തുടക്കം
X

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയുടൻ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട്ടിൽ എംകെ സ്റ്റാലിന്റെ തുടക്കം. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച നാല് പ്രധാന വാഗ്ദാനങ്ങൾ പാലിച്ചാണ് സ്റ്റാലിൻ മുഖ്യമന്ത്രി പദവിയില്‍ ആദ്യ ഇന്നിങ്സിന് തുടക്കമിട്ടിരിക്കുന്നത്. മുഴുവൻ റേഷൻ കാർഡുടമകൾക്കും 4,000 രൂപയുടെ കോവിഡ് ആശ്വാസമാണ് ആദ്യ പ്രഖ്യാപനം. കോവിഡ് ചികിത്സ പൂര്‍ണമായും സർക്കാർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. പാൽവില കുറയ്ക്കുകയും സ്ത്രീകൾക്ക് ബസുകളിൽ സൗജന്യ യാത്ര ഏർപ്പെടുത്തുകയും ചെയ്തു.

ഡിഎംകെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു 4,000 രൂപയുടെ കോവിഡ് ധനസഹായം. 2.07 കോടി റേഷൻ കാർഡുടമകൾക്ക് രണ്ടു ഘട്ടങ്ങളിലായാണ് ഈ ധനസഹായം ലഭിക്കുക. കോവിഡ് കാരണമുണ്ടായ ദുരിതങ്ങൾക്കുള്ള താൽക്കാലിക ആശ്വാസമെന്ന നിലയ്ക്കാണ് ഈ തുക നൽകുന്നത്. ആദ്യ ഘട്ടമായി ഈ മാസം തന്നെ 2,000 രൂപ ഓരോ കാർഡുടമകൾക്കും ലഭിക്കും. ഇതിലേക്കായി സർക്കാർ 4,153 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

കോവിഡുമായി ബന്ധപ്പെട്ട എല്ലാ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കും. സർക്കാർ ആശുപത്രികൾക്കു പുറമെ സ്വകാര്യ ആശുപത്രികളിലെ ചെലവും ഇതിൽ ഉൾപ്പെടും. മുഖ്യമന്ത്രിയുടെ ആരോഗ്യ പരിരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ചികിത്സാ സഹായം സൗജന്യമാക്കിയുള്ള പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

വിവിധ തൊഴിൽരംഗങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും ഉന്നത വിദ്യാഭ്യാസം നടത്തുന്ന പെൺകുട്ടികൾക്കുമാണ് ബസുകളിൽ സൗജന്യ യാത്ര ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും സർവീസ് നടത്തുന്ന ഓര്‍ഡിനറി ബസുകളിലാണ് സൗജന്യ യാത്ര. തമിഴ്‌നാട്ടിലെ സഹകരണ ക്ഷീരോൽപാദകരായ ആവിന്റെ പാൽവില കുറച്ചാണ് മറ്റൊരു ഉത്തരവ്. ലിറ്ററിന് മൂന്നു രൂപയാണ് വില കുറച്ചിരിക്കുന്നത്. ഈ മാസം 16 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. 1,200 കോടി രൂപ ഇതിലേക്കായി വകയിരുത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങൾ സമർപ്പിച്ച പരാതികൾ 100 ദിവസത്തിനകം പരിഹരിക്കാനും സ്റ്റാലിൻ നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ പ്രവർത്തനം നിരീക്ഷിക്കാനായി ഒരു ഐഎഎസ് ഓഫിസറെ ചുമതലപ്പെടുത്തുകയും ചെയ്യും.

TAGS :

Next Story