മുംബൈയിലെ പെട്രോൾ വില 99.94; ബ്രാഡ്മാനെ വരെ എയറിൽ നിർത്തി ട്രോളന്മാർ
99.94 എന്ന വില പെട്രോൾ പമ്പുകളിൽ തെളിഞ്ഞുവന്നതോടെ ക്രിക്കറ്റ് പ്രേമികളും ട്രോളന്മാരും ആഘോഷമാക്കുകയായിരുന്നു.
ക്രിക്കറ്റ് ഇതിഹാസം സർ ഡൊണാൾഡ് ബ്രാഡ്മാൻ ഇന്ന് ട്വിറ്ററിൽ നിറയുകയാണ്. ബ്രാഡ്മാന്റെ പിറന്നാളോ മറ്റ് വിശേഷ ദിവസമോ ഒന്നുമല്ല ഇന്ന്, പിന്നെയും എന്താണ് ഇന്ന് ബ്രാഡ്മാൻ ഹാഷ്ടാഗുകൾ ട്വിറ്ററിൽ നിറയുന്നതെന്നല്ലേ... സംഭവം മറ്റൊന്നുമല്ല, ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളായ ഡൊണാൾഡ് ബ്രാഡ്മാന്റെ ബാറ്റിംഗ് ആവറേജുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ട്വിറ്ററിൽ നിറയെ താരത്തിന്റെ പേരുകൾ വെച്ചുള്ള ട്രോളുകൾ പരക്കുന്നത്.
മറ്റൊരു ക്രിക്കറ്റ് താരത്തിനും ഇന്നുവരെ തകർക്കാൻ കഴിയാത്ത റെക്കോർഡായി നിലകൊള്ളുന്ന ഒന്നാണ് ബ്രാഡ്മാന്റെ ഐതിഹാസികമായ 99.94 എന്ന ബാറ്റിങ് ശരാശരിയുടെ റെക്കോർഡ്. ഈ റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് മുംബൈയിലെ പെട്രോൾ വില.
അപ്പോൾ കാര്യം മനസിലായല്ലോ. എന്തുകൊണ്ടാണ് ട്വിറ്ററിൽ ബ്രാഡ്മാന്റെ റെക്കോർഡ് ട്രോളന്മാർ കുത്തിപ്പൊക്കിയതെന്ന്..
ഇന്നലെ അർദ്ധരാത്രിയോടെയാണ് മുംബൈ നഗരത്തിൽ പെട്രോൾ വില ബ്രാഡ്മാന്റെ മാജിക്കൽ ഫിഗറിനൊപ്പം എത്തിയത്. 99.94 എന്ന വില പെട്രോൾ പമ്പുകളിൽ തെളിഞ്ഞുവന്നതോടെ ക്രിക്കറ്റ് പ്രേമികളും ട്രോളന്മാരും ആഘോഷമാക്കുകയായിരുന്നു. ബ്രാഡ്മാന് ആദരമർപ്പിച്ചാണ് പെട്രോൾ വില റെക്കോർഡ് ഫിഗറിൽ എത്തിയതെന്നും റെക്കോർഡ് തകർത്ത് സെഞ്ച്വറി നേടുന്നത് എപ്പോഴാണെന്നുമെല്ലാമായി ട്രോളന്മാരുടെ ചോദ്യങ്ങൾ...!
പെട്രോൾ വില ബ്രാഡ്മാന്റെ റെക്കോർഡ് തകർത്ത് നൂറു കടക്കുന്നത് നോക്കിയിരുന്ന മുംബൈയെ ഞെട്ടിച്ച് ജയ്പൂർ നഗരം ആ നേട്ടം സ്വന്തം അക്കൌണ്ടിലാക്കി . ജയ്പൂരിൽ കഴിഞ്ഞ ദിവസത്തെ പെട്രോൾ വില 100.17 രൂപയാണ്. ജയ്പൂർ ഉൾപ്പടെയുള്ള മറ്റു പല നഗരങ്ങളിലും പെട്രോൾ വില ഇതിനോടകം സെഞ്ച്വറി പൂർത്തിയാക്കിയിട്ടുണ്ട്.
നൂറുകടക്കാൻ കഴിഞ്ഞില്ലെങ്കിലും 91.87 രൂപയുമായി തൊട്ടടുത്തുള്ള ഡീസലുമായി മികച്ച കൂട്ടുകെട്ടാണ് മുംബൈയിൽ പെട്രോൾ ഉണ്ടാക്കിയിരിക്കുന്നത്.
Adjust Story Font
16