തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ യു.പി ചീഫ് സെക്രട്ടറി: വിവാദം പുകയുന്നു
അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അനുപ് പാണ്ഡെയുടെ നിയമനം ഗൂഡാലോചനയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
മുന്‍ ഉത്തര്‍പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും യോഗി ആദിത്യാഥിന്റെ ചീഫ് സെക്രട്ടറിയുമായിരുന്ന അനുപ് ചന്ദ്ര പാണ്ഡെയെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതില്‍ വിമര്‍ശനം ഉയരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന സുനില്‍ അറോറ ഏപ്രില്‍ 12ന് വിരമിച്ച ഒഴിവിലേക്കാണ് അനുപ് ചന്ദ്ര നിയമിക്കപ്പെട്ടത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്രക്ക് പുറമെ രാജീവ് കുമാറാണ് നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് അംഗങ്ങള്‍.
Former chief secretary to Adityanath Yogi is appointed Election Commissioner as we count down to UP polls. FYI Just Saying https://t.co/vG9hN5BC3G
— Saba Naqvi (@_sabanaqvi) June 9, 2021
1984 ബാച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രവരി 2024 വരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തുടരും. ഉത്തര്‍പ്രദേശില്‍ 2019 ആഗസ്റ്റ് വരെ യോഗി ആദിത്യനാഥിന്റെ ചീഫ് സെക്രട്ടറിയായിരുന്ന അനുപ് ചന്ദ്ര, സംസ്ഥാനത്തെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡെവലെപ്‌മെന്റ് കമ്മീഷണറായും സര്‍വീസിലുണ്ടായിരുന്നു. എന്നാല്‍ പാണ്ഡെയുടെ നിയമനം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശ്വാസ്യതയെ മോശമായി ബാധിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനം ഉയര്‍ന്നു.
യോഗി സര്‍ക്കാരിന്റെ കീഴില്‍ കൂടുതല്‍ ക്രിമിനലുകളെ പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത് നേട്ടമായി എടുത്തുകാണിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറിയായിരിക്കെ പാണ്ഡെ നിര്‍ദേശം നല്‍കിയത് ചര്‍ച്ചയായിരുന്നു. പ്രയാഗ് രാജിൽ കുംഭമേള നടത്തിയതിന്റെയും നിക്ഷേപ ഉച്ചകോടി നടത്തിയതിന്റെയും മേൽനോട്ടം ഇദ്ദേഹത്തിനായിരുന്നു.
2019 ഫെബ്രുവരിയില്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കേണ്ടിയിരുന്ന പാണ്ഡെക്ക് യോഗി ആദിത്യനാഥ് ആറ് മാസം കൂടി കാലാവധി നീട്ടി നല്‍കുകയായിരുന്നു.
അടുത്ത വര്‍ഷം ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അനുപ് പാണ്ഡെയുടെ നിയമനം ഗൂഡാലോചനയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. യു.പിക്ക് പുറമെ, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളിലും അനുപ് ചന്ദ്ര പാണ്ഡെ മേല്‍നോട്ടം വഹിക്കും.
Adjust Story Font
16