Quantcast

കോവിഡ് ആശുപത്രിയിൽ മോഷണം; രണ്ടുപേർ അറസ്റ്റിൽ

ആശുപത്രിയിൽ സഹായിയായി ജോലി ചെയ്യുന്ന യുവതി അടക്കം രണ്ടുപേരെയാണ് പൂനെ പൊലീസ് പിടികൂടിയത്

MediaOne Logo

Web Desk

  • Updated:

    2021-05-29 18:34:47.0

Published:

29 May 2021 2:24 PM GMT

കോവിഡ് ആശുപത്രിയിൽ മോഷണം; രണ്ടുപേർ അറസ്റ്റിൽ
X

കോവിഡ് ആശുപത്രിയിൽ മോഷണം നടത്തിയ രണ്ടുപേർ അറസ്റ്റിൽ. പൂനെ നഗരസഭാ ആശുപത്രിയുടെ കീഴിൽ ബാനെറിൽ പ്രവർത്തിക്കുന്ന കോവിഡ് ആശുപത്രിയിലാണ് സംഭവം.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ സ്വർണാഭരണങ്ങൾ അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോയതായി നിരവധി തവണ പരാതി ഉയർന്നിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ആശുപത്രിയിൽ തന്നെ സഹായിയായി ജോലി ചെയ്യുന്ന യുവതി അടക്കം രണ്ടുപേരാണ് പിടിയിലായത്. ശാരദ ആംബിൽദാഗെ(35) ആണ് ആശുപത്രിയിൽ സഹായായി ജോലി ചെയ്തുവരുന്നത്. ഇവർക്കൊപ്പം അനിൽ തുക്കാറാം(35) എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ആറുമാസത്തിനിടെ ആശുപത്രിയിൽനിന്ന് നിരവധി മോഷണ പരാതികളാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. മുൻപ് പരാതി ഉയർന്നപ്പോൾ ആശുപത്രി അധികൃതർ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചിരുന്നു. ദൃശ്യത്തിൽ ശാരദയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെ ഇവരെ ചോദ്യം ചെയ്യുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. തുടർന്ന് പുറത്താക്കിയെങ്കിലും ജീവനക്കാരുടെ ക്ഷാമം കാരണം യുവതിയെ തിരിച്ചെടുക്കുകയും ചെയ്തു.

ഇതിനുശേഷവും മോഷണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ആശുപത്രിയിൽ കോവിഡ് ബാധിച്ചു മരിച്ച മൂന്നു സ്ത്രീകളുടെയക്കം വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നതായാണു പുതിയ പരാതി. തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ ശാരദയ്ക്ക് പങ്കുണ്ടെന്നു തെളിഞ്ഞു. മോഷണത്തിന് യുവതിയെ സഹായിക്കാനെത്തിയതായിരുന്നു അനിൽ തുക്കാറാം. സ്വർണവും മൊബൈൽ ഫോണുകളുമടക്കം ഒന്നര ലക്ഷം രൂപയുടെ മോഷണമാണ് ഇവർ നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story