ഛോട്ടാ രാജന്‍ മരിച്ചിട്ടില്ല; പ്രതികരണവുമായി എയിംസ് അധികൃതര്‍
കോവിഡ് ബാധിച്ച് ഡല്‍ഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഛോട്ടാ രാജൻ മരിച്ചെന്നാണ് നേരത്തെ പുറത്തുവന്ന വാർത്ത.
മുംബൈ അധോലോകത്തിൽ സജീവമായിരുന്ന ഗ്യാങ്‌സ്റ്റർ ഛോട്ടാ രാജൻ കോവിഡ് ബാധിച്ച് മരിച്ചെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി എയിംസ് അധികൃതര്‍. ഛോട്ടാ രാജൻ ചികിത്സയിൽ തന്നെ ഉണ്ടെന്ന് എയിംസ് അധികൃതർ വ്യക്തമാക്കി. വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച് ഡല്‍ഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഛോട്ടാ രാജൻ മരിച്ചെന്നാണ് നേരത്തെ പുറത്തുവന്ന വാർത്ത.
Underworld don Chhota Rajan is still alive. He is admitted at AIIMS for treatment of #COVID19: AIIMS official
— ANI (@ANI) May 7, 2021
(File photo) pic.twitter.com/gvAgKDuPqC
രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ഡല്‍ഹി എയിംസില്‍ ചികിത്സയിലാണ് രാജേന്ദ്ര സദാശിവ നികൽജെ എന്ന ഛോട്ടാ രാജന്‍. തിഹാർ ജയിലിലെ ഏകാന്ത തടവിൽ കഴിഞ്ഞിരുന്ന രാജനെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 26നാണ് എയിംസിലേക്ക് മാറ്റിയത്.
തിഹാര്‍ ജയിലില്‍ പാർപ്പിച്ചിട്ടുള്ള ഇരുപതിനായിരത്തിൽപരം ജയില്‍പുള്ളികളിൽ 170 പേർക്കും, അറുപതോളം ജയിൽ ജീവനക്കാർക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, ഏകാന്ത സെല്ലിൽ പാർപ്പിച്ചിരുന്ന ഛോട്ടാ രാജന് വൈറസ് ബാധയുണ്ടായതെങ്ങനെയെന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ല. ലക്ഷണങ്ങൾ പ്രകടിപ്പിക്കാതിരുന്ന ഏതെങ്കിലുമൊരു ജയിൽ ഉദ്യോഗസ്ഥനിൽ നിന്നാകാം രാജന് രോഗം പകർന്നതെന്നാണ് അധികൃതര്‍ പിന്നീട് നല്‍കിയ വിശദീകരണം.
കൊലപാതകവും പണംതട്ടലും ഉൾപ്പെടെ 70ഓളം ക്രിമിനൽ കേസുകളാണ് ഛോട്ടാ രാജനെതിരെ മുംബൈയിലുള്ളത്. നേരത്തെ രാജ്യംവിട്ട ഛോട്ടാ രാജനെ 2015ലാണ് ഇൻഡൊനേഷ്യയിൽ നിന്ന് പിടികൂടി തിരികെയെത്തിച്ചത്. തുടർന്ന് തിഹാർ ജയിലിൽ പാർപ്പിക്കുകയായിരുന്നു.
Adjust Story Font
16