ഓക്സിജന്‍ ക്ഷാമത്തെ കുറിച്ച് മിണ്ടരുത്: ആശുപത്രികളോട് യോഗി സര്‍ക്കാര്‍
ഓക്‌സിജന്‍ ക്ഷാമത്തെ പറ്റി മാധ്യമങ്ങളോട് സംസാരിക്കുകയോ ഓക്‌സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുകയോ ചെയ്താല്‍ ആശുപത്രികള്‍ അടച്ചു പൂട്ടുമെന്ന് മുന്നറിയിപ്പ്
കോവിഡ് രണ്ടാം ഘട്ടം രാജ്യത്തെ പിടിച്ചുലയ്ക്കുമ്പോള്‍ ഉത്തര്‍പ്രദേശിലെ ആശുപത്രികള്‍ക്ക് പുതിയ നിര്‍ദേശവുമായി യോഗി സര്‍ക്കാര്‍. ഓക്‌സിജന്‍ ക്ഷാമത്തെ പറ്റി മാധ്യമങ്ങളോട് സംസാരിക്കുകയോ ഓക്‌സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുകയോ ചെയ്താല്‍ ആശുപത്രികള്‍ അടച്ചു പൂട്ടാനാണ് പൊലീസിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം.
ഉത്തര്‍പ്രദേശിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് ഓക്സിജന്‍ ക്ഷാമത്തെ കുറിച്ച് മിണ്ടിപ്പോകരുതെന്ന സന്ദേശം യോഗി ആദിത്യനാഥ് ആശുപത്രികള്‍ക്ക് നല്‍കിയതെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം ഇല്ലെന്നും അനാവശ്യമായി പരിഭ്രാന്തി ഉണ്ടാക്കുകയാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം യു.പിയിലെ നിരവധി ആശുപത്രികള്‍ക്ക് മുന്‍പില്‍ ഓക്‌സിജന്‍ ലഭ്യമല്ലെന്നും രോഗികളെ പ്രവേശിപ്പിക്കാനാകില്ലെന്നും ബോര്‍ഡുകളുണ്ട്.
ലഖിംപൂര്‍, മീററ്റ്, ബറേലി, ഫിറോസാബാദ് ജില്ലകളിലെ ഡോക്ടര്‍മാര്‍ ഓക്സിജനില്ലാതെ പ്രതിസന്ധി നേരിടുന്നുവെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയുണ്ടായി. മീററ്റിലെ ആനന്ദ് ആശുപത്രിയിലെ ഡോക്ടര്‍ സഞ്ജയ് ജെയിന്‍ പറഞ്ഞതിങ്ങനെ- "ഓക്സിജന്‍ ലഭ്യമാവാത്തതിനാല്‍ 20 രോഗികളെ ഞങ്ങള്‍ ഡിസ്ചാര്‍ജ് ചെയ്ത് ആര്യാവര്‍ത്ത് ആശുപത്രിയിലേക്ക് അയച്ചു. ഒരു ദിവസം 300-400 ഓക്സിജന്‍ സിലിണ്ടറുകള്‍ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. പക്ഷേ 150 എണ്ണം മാത്രമാണ് ലഭിക്കുന്നത്".
മീററ്റിലെ നുതേമ ആശുപത്രിയിലെ ഡോ. രോഹിത് കാമ്പോജ് പറയുന്നത് അദ്ദേഹത്തിന്‍റെ ആശുപത്രിയില്‍ 80 കോവിഡ് രോഗികളെ ചികിത്സിക്കുന്നുണ്ടെന്നാണ്. പക്ഷേ ഓക്സിജന്‍ ലഭ്യതയിലെ കുറവ് ചികിത്സക്ക് തടസ്സമാകുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 100 ഓക്സിജന്‍ സിലിണ്ടറുകള്‍ ആവശ്യപ്പെടുമ്പോള്‍ 10 എണ്ണമേ ലഭിക്കുന്നുള്ളൂ എന്ന് ഫിറോസാബാദ് ജില്ലാ ആശുപത്രിയിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഡോക്ടര്‍ പറഞ്ഞു. ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ആഗ്രയിലെ 10 ആശുപത്രികള്‍ ശനിയാഴ്ച കോവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്തെന്ന് ഐഎംഎ ജില്ലാ പ്രസിഡന്‍റ് ഡോ. ഒ പി യാദവ് വെളിപ്പെടുത്തി. യശ്വന്ത് ആശുപത്രിയിലെ ഡോ.സുരേന്ദ്ര സിങ് പറഞ്ഞത് ആഴ്ചയില്‍ 50 ഓക്സിജന്‍ സിലിണ്ടറുകള്‍ നല്‍കുമെന്ന വാഗ്ദാനം ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ 10 ദിവസമായി 5 എണ്ണമേ ലഭിച്ചുള്ളൂ എന്നാണ്. വേറെ വഴിയില്ലാതെ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യേണ്ടിവന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഓക്സിജന്‍ സംബന്ധിച്ച അഭ്യൂഹങ്ങൾ പരത്തുന്നവരുടെ സ്വത്ത് പിടിച്ചടക്കുമെന്നും യു.പി മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കുകുണ്ടായി. സാമൂഹിക മാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ പങ്കുവെയ്ക്കുന്നവർക്കെതിരെ ദേശസുരക്ഷാ നിയമപ്രകാരം കേസെടുക്കാനും യോഗി പൊലീസിന് നിർദേശം നൽകി. സർക്കാർ-സ്വകാര്യ ആശുപത്രികളിലൊന്നും ഓക്‌സിജൻ ക്ഷാമമില്ലെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പുമാണ് യഥാർത്ഥ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. വ്യാജവാർത്തകൾ പരത്തി, അന്തരീക്ഷം മോശമാക്കുന്നവർക്കെതിരെ പൊതുസുരക്ഷാ-ഗുണ്ടാ നിയമപ്രകാരം കേസെടുക്കും. ഇത്തരം ആളുകൾ ജനങ്ങൾക്കിടയിൽ അനാവശ്യമായ ഭയം ഉണ്ടാക്കുകയാണ്. മരുന്നുകൾ പൂഴ്ത്തിവയ്ക്കുന്നവർക്കെതിരെയും കരിഞ്ചന്തയില്‍ വിൽക്കുന്നവർക്ക് എതിരെയും ശക്തമായ നടപടിയുണ്ടാകും- യോഗി ആദിത്യനാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതിനിടെ ഉത്തര്‍പ്രദേശിലെ കോവിഡ് സാഹചര്യം ഏപ്രില്‍ അവസാനത്തോടെ മഹാരാഷ്ട്രയിലേതിനേക്കാള്‍ മോശമാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ യു.പിയിലെ പ്രതിദിന കോവിഡ് കണക്ക് ഏപ്രില്‍ 30ഓടെ 1,19,000 ആവുമെന്നാണ് നീതി ആയോഗ് അംഗം വി കെ പോള്‍ പറയുന്നത്. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് വി കെ പോള്‍ ഇക്കാര്യം അറിയിച്ചത്.
Adjust Story Font
16