ഉത്തര്‍പ്രദേശ് മന്ത്രി വിജയ് കശ്യപ് അന്തരിച്ചു; കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മന്ത്രി
യുപിയില്‍ കോവിഡ് രണ്ടാംതരംഗത്തില്‍മാത്രം ജീവന്‍ നഷ്ടമായത് അഞ്ച് എംഎല്‍എമാര്‍ക്ക്.
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഉത്തര്‍പ്രദേശ് മന്ത്രി വിജയ് കശ്യപ് അന്തരിച്ചു. സംസ്ഥാനത്തെ റവന്യൂ-പ്രളയനിയന്ത്രണ വകുപ്പ് മന്ത്രിയായിരുന്നു. യുപിയില്‍ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായ മൂന്നാമത്തെ മന്ത്രിയാണ് വിജയ് കശ്യപ്. 56 വയസ്സായിരുന്നു. ഗുഡ്‍ഗാവിലെ മെഡാന്‍റ ആശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം.
കോവിഡിന്‍റെ ഒന്നാം തരംഗത്തില്‍, കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ച് യുപിയില്‍ രണ്ട് മന്ത്രിമാര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. കമല്‍ റാണി വരുണും, ചേതന്‍ ചൌഹാനുമാണ് കഴിഞ്ഞ തവണ കോവിഡ് ബാധിച്ച് മരിച്ച മന്ത്രിമാര്‍. കോവിഡിന്‍റെ രണ്ടാംതരംഗത്തില്‍ ജീവന്‍ നഷ്ടമാകുന്ന അഞ്ചാമത്തെ ബിജെപി എംഎല്‍എയാണ് വിജയ് കശ്യപ്. മുസഫര്‍ നഗര്‍ ചര്‍തവാള്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്.
സലോണ്‍ മണ്ഡലത്തില്‍ നിന്നുള്ള ദല്‍ ബഹദൂര്‍ കേരി, നവാബ്‍ ഗഞ്ചില്‍ നിന്നുള്ള കേസര്‍ സിങ് ഗന്‍വാര്‍, ഒരയ്യയില്‍ നിന്നുള്ള രമേഷ് ദിവാകര്‍, ലഖ്നൌവില്‍ നിന്നുള്ള സുരേഷ് കുമാര്‍ ശ്രീവാസ്തവ എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ച മറ്റ് ബിജെപി എംഎല്‍എമാര്‍.
വിജയ് കശ്യപിന്‍റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ അനുശോചിച്ചു.
Adjust Story Font
16