കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വിവാഹ പാര്‍ട്ടി; വധൂവരന്‍മാരുള്‍പ്പെടെ 100 പേര്‍ക്ക് കോവിഡ്, 4 മരണം
ഖമ്മം ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് കോവിഡ് വ്യാപനത്തിനിടയാക്കിയ കല്യാണം നടന്നത്
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് തെലങ്കാനയില്‍ നടന്ന വിവാഹപാര്‍ട്ടി ഒടുവില്‍ ദുരന്തത്തില്‍ കലാശിച്ചു. പാര്‍ട്ടിയില്‍ പങ്കെടുത്ത 100 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. നാല് പേര്‍ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തു.
ഖമ്മം ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് കോവിഡ് വ്യാപനത്തിനിടയാക്കിയ കല്യാണം നടന്നത്. വരന്‍റെ പിതാവിനും കോവിഡ് സ്ഥിരീകരിച്ചു. വിവാഹചടങ്ങില്‍ 40 പേര്‍ക്ക് മാത്രമായിരുന്നു അനുമതി ഉണ്ടായിരുന്നത്. എന്നാല്‍ ചട്ടങ്ങള്‍ ലംഘിച്ച് 250 പേരാണ് ചടങ്ങില്‍ പങ്കെടുത്തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല പലരും മാസ്ക് വയ്ക്കുകയോ സാമൂഹ്യ അകലം പാലിക്കുകയോ ചെയ്തില്ല.
പാര്‍ട്ടിയില്‍ പങ്കെടുത്തവരിൽ ഒരാൾ രോഗലക്ഷണങ്ങൾ കാണിക്കുകയും സ്വയം പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തതിന് ശേഷമാണ് സംഭവം ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് കൂടുതല്‍ ആളുകളോട് പരിശോധന നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. വധൂവരന്‍മാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കുടുംബം ക്വാറന്‍റെനിലാണ്.
വിവാഹം തുടങ്ങിയ ചടങ്ങുകളില്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും തെലങ്കാനയില്‍ അതൊന്നും പാലിക്കപ്പെടാറില്ല. സമാനരീതിയില്‍ പല സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിസാമാബാദ് ജില്ലയിലെ ഹൻമാജിപേട്ടില്‍ 400 ഓളം പേരാണ് ഒരു വിവാഹത്തില്‍ പങ്കെടുത്തത്. ഇതില്‍ 90 പേര്‍ക്ക് കോവിഡ് ബാധിക്കുകയും ചെയ്തു. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ശനിയാഴ്ച 3,527 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Adjust Story Font
16