Quantcast

എന്താണ് ബ്ലാക്ക് ഫംഗസ്? എത്രത്തോളം അപകടകാരിയാണീ രോഗം?

രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇത്തരത്തില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഈ ഫംഗസ് ബാധ ബാധിക്കുന്നതാണ് ഇതിനെ അപകടകാരിയാക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-05-09 12:32:20.0

Published:

9 May 2021 12:11 PM GMT

എന്താണ് ബ്ലാക്ക് ഫംഗസ്?  എത്രത്തോളം അപകടകാരിയാണീ രോഗം?
X

ഇന്ത്യയില്‍ കോവിഡ് ഭേദമായവരില്‍ പലവിധ പാര്‍ശ്വഫലങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഉറക്കമില്ലായ്മ മുതല്‍ മുടികൊഴിച്ചില്‍ വരെ അനുഭവിക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകള്‍ വന്നതാണ്. ഇതിനിടയിലാണ് പുതിയ പാര്‍ശ്വഫലം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മ്യുകോര്‍മികോസിസ് എന്നറിയപ്പെടുന്ന കറുത്ത ഫംഗസ് ബാധയാണിത്.

ബ്ലാക്ക് ഫംഗസ് പടരുന്നു എന്ന വാര്‍ത്ത ആശങ്കയുണ്ടാക്കുന്നു. ഡല്‍ഹി, പുണെ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ഇത്തരത്തില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഈ ഫംഗസ് ബാധ ബാധിക്കുന്നതാണ് ഇതിനെ അപകടകാരിയാക്കുന്നത്. മഹാരാഷ്ട്രയില്‍ മാത്രം എട്ടുപേരാണ് ഫംഗസ് ബാധയെ തുടര്‍ന്ന് മരിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി 200 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഗുജറാത്തില്‍ മാത്രം ഇത് നൂറിന് മുകളില്‍ വരും.

ബ്ലാക്ക് ഫംഗസ്

സൈഗോമൈക്കോസിസ് എന്നറിയപ്പെട്ട മ്യൂകോർമിക്കോസിസ് അപൂര്‍വ്വ ഫംഗസ് അണുബാധയാണ് എന്ന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡീസിസസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷേന്‍ പറയുന്നു. മ്യൂകോർമിസെറ്റസ് എന്ന ഫംഗസാണ് അണുബാധയ്ക്ക് കാരണമാകുന്നത്. കണ്ണുകളിലേക്ക് വ്യാപിക്കുന്നു. പെട്ടെന്ന് കണ്ടെത്തുന്നതും ചികിത്സ ലഭ്യമാക്കുന്നതും രോഗബാധ കുറയ്ക്കും. എന്നാൽ യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കിൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ദുർബലമാകുമ്പോൾ ഫംഗസ് മനുഷ്യ ശരീരത്തെ ഗുരുതരമായി ബാധിക്കും.

ഇത് പകരുമോ?

ഈ ഫംഗസിന് അന്തരീക്ഷത്തില്‍ ജീവിക്കാന്‍ സാധിക്കും. വായുവിലൂടെയാണ് ഫംഗസ് ശരീരത്തില്‍ എത്തുക. സൈനസിനെയും ശ്വാസകോശത്തെയുമാണ് ഇത് മുഖ്യമായി ബാധിക്കുക. ശരീരത്തില്‍ മുറിവോ, പൊള്ളലേല്‍ക്കുകയോ ചെയ്താല്‍ അതുവഴി ത്വക്കിനും അണുബാധയേല്‍ക്കാമെന്ന് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡീസിസസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷേന്‍ പറയുന്നു. ചിലരില്‍ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടാനും ഇത് ഇടയാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എത്രത്തോളം അപകടകരമാണിത്?

സാധാരണഗതിയിൽ അത്ര അപകടകാരിയല്ലാത്ത ഫംഗസ് ബാധ, പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് കൊലയാളിയായി മാറുന്നത്. ശ്വാസകോശത്തിലോ സൈനസിലോ അണുബാധയുണ്ടാക്കുകയും അത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. മസ്തിഷ്‌കം, ശ്വാസകോശം, ത്വക്ക് എന്നീ അവയവങ്ങളേയും ബ്ലാക്ക് ഫംഗസ് ബാധിക്കാറുണ്ട്. പ്രമേഹം, അര്‍ബുദം, ലിംഫോമ, വൃക്ക രോഗം, സിറോസിസ് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരില്‍ കോവിഡ് ബാധയുണ്ടാകുമ്പോള്‍ മ്യൂകോര്‍മൈക്കോസിസിന് സാധ്യത കൂടുതലാണെന്നതാണ് രോഗം ഗുരുതരമാക്കുന്നത്. പ്രമേഹരോഗികളെ ഫംഗസ് വളരെ പെട്ടെന്ന് ബാധിക്കും.

ലക്ഷണങ്ങള്‍

തലവേദന, പനി, കണ്ണിനുതാഴെയുള്ള വേദന, മൂക്കൊലിപ്പ്, സൈനസ് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.ആഴ്ചകള്‍ക്കുമുമ്പ് കോവിഡ്മുക്തരായ ഒട്ടേറെപ്പേര്‍ക്കാണ് ഫംഗസ് ബാധയേറ്റതെന്ന് സൂറത്തിലെ കിരണ്‍ സൂപ്പര്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടറായ മാഥുര്‍ സവാനി പറഞ്ഞു. ഇത്തരത്തില്‍ 60 പേര്‍ ചികിത്സയിലുണ്ടെന്നും ഇവരില്‍ പലര്‍ക്കും കാഴ്ച നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story