Quantcast

പഞ്ചാബ് സര്‍ക്കാര്‍ കോവിഡ് വാക്സിന്‍ കൊള്ളലാഭത്തിന് വിറ്റെന്ന ആരോപണം; അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി

400 രൂപയ്ക്ക് വാങ്ങിയ വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസ് ഒന്നിന് 1,060 രൂപയ്ക്ക് വിറ്റെന്നായിരുന്നു അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബിര്‍ ബാദലിന്‍റെ ആരോപണം.

MediaOne Logo

Web Desk

  • Updated:

    2021-06-04 11:19:46.0

Published:

4 Jun 2021 11:13 AM GMT

പഞ്ചാബ് സര്‍ക്കാര്‍ കോവിഡ് വാക്സിന്‍ കൊള്ളലാഭത്തിന് വിറ്റെന്ന ആരോപണം; അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി
X

അടുത്തവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ ആഭ്യന്തര കലഹം മുറുകുന്നു. കോവിഡ് വാക്‌സിന്‍ സംസ്ഥാന സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്ക് കൊള്ള ലാഭത്തിന് വില്‍ക്കുന്നുവെന്നതാണ് പുതിയ വിവാദം. ഈ ആരോപണത്തിന് മറുപടിയുമായി പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ് സിദ്ധു രംഗത്തെത്തി. ആരോപണത്തില്‍ അന്വേഷണം നടത്തുമെന്നാണ് മന്ത്രി ഉറപ്പുനല്‍കുന്നത്.

തനിക്ക് വാക്‌സിനുകള്‍ക്കു മേല്‍ നിയന്ത്രണമില്ല. ചികിത്സ, പരിശോധന, സാമ്പിള്‍ ശേഖരണം, വാക്‌സിനേഷന്‍ ക്യാമ്പുകള്‍ തുടങ്ങിയ കാര്യങ്ങളാണ് താന്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍, സര്‍ക്കാരിനെതിരായ നിലവിലെ ആരോപണം വ്യക്തിപരമായി അന്വേഷിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഡോസ് ഒന്നിന് 400 രൂപയ്ക്ക് വാങ്ങിയ വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസ് ഒന്നിന് 1,060 രൂപയ്ക്ക് വിറ്റെന്നും ഒരോ ഡോസിലും 660 രൂപ ലാഭമുണ്ടാക്കിയെന്നുമായിരുന്നു സര്‍ക്കാരിനെതിരായ ആരോപണം. അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബിര്‍ ബാദലാണ് കഴിഞ്ഞദിവസം ആരോപണമുന്നയിച്ചത്.

സ്വകാര്യ മേഖലയ്ക്ക് വാക്‌സിന്‍ നല്‍കുന്നത് കൃത്രിമക്ഷാമം സൃഷ്ടിക്കാനാണ്. വിഷയത്തില്‍ ഹൈക്കോടതി അന്വേഷണം വേണമെന്നും ആരോഗ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നുമായിരുന്നു ബാദല്‍ ആവശ്യപ്പെട്ടത്. സ്വകാര്യ ആശുപത്രികൾ ഡോസിന് 1,560 രൂപ നിരക്കിലാണ് വാക്‌സിന്‍ നല്‍കുന്നത്. ഒരു കുടുംബത്തിന് ഒരു ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ 6000 മുതല്‍ 9000 രൂപ വരെ ചിലവ് വരും. മൊഹാലിയില്‍ ഒരുദിവസം 35,000 ഡോസ് വാക്‌സിന്‍ രണ്ടുകോടിയോളം രൂപയുടെ ലാഭത്തില്‍ വിറ്റതായും ബാദല്‍ ആരോപിച്ചിരുന്നു.

TAGS :

Next Story