Quantcast

വർഗീയത പറഞ്ഞിട്ടും ഏശിയില്ല, ബി.ജെ.പിയെ ജനം കൈവിട്ടു; ഏഴ് ഘട്ടങ്ങളിലും നടന്നത്...

മോദി വിദ്വേഷ പരാമർശങ്ങൾ നടത്തിയ 15ൽ ഒമ്പതിലും ഇൻഡ്യ സഖ്യമാണ് വിജയിച്ചത്. ആറിടത്ത് മാത്രമെ ബി.ജെ.പിക്ക് ജയിക്കാനായുള്ളൂ

MediaOne Logo

Web Desk

  • Updated:

    2024-06-06 07:08:40.0

Published:

5 Jun 2024 3:03 PM GMT

Modi Election Campaign
X

ന്യൂഡൽഹി: വികസനത്തിൽ തുടങ്ങി വിദ്വേഷ പരാമർശങ്ങളാൽ നിറഞ്ഞൊരു തെരഞ്ഞെടുപ്പ്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഇങ്ങനെ വിശേഷിപ്പിക്കാം. തെരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങളിലും മോദിയും ടീമും കണക്കിന് തീവ്രമതവികാരങ്ങൾ ആളിക്കത്തിച്ചു. ആദ്യ ഘട്ടത്തില്‍ അല്‍പം വികസനം പറഞ്ഞതൊഴിച്ചാല്‍ പിന്നീടുള്ള ആറ് ഘട്ടങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലും നോക്കുകുത്തിയാക്കുന്നതായിരുന്നു.

വികസനത്തില്‍ തുടങ്ങി പച്ചയായ വര്‍ഗീയതയിലൂടെയാണ് പ്രചാരണം മുന്നോട്ട് പോയത്. ജനാധിപത്യത്തെ തന്നെ നാണിപ്പിക്കുംവിധമുള്ള വര്‍ഗീയ പരാമര്‍ശങ്ങള്‍ കൊണ്ടുപോയത് സാക്ഷാല്‍ പ്രധാനമന്ത്രി തന്നെയായിരുന്നു. ഒടുവിലിതാ ഫലവും വന്നിരിക്കുന്നു. എന്‍.ഡി.എ അധികാരം നിലനിര്‍ത്തിയെങ്കിലും ബി.ജെ.പിക്ക് കേവലഭൂരിപക്ഷം ജനം കൊടുത്തില്ല. ഇങ്ങനെയൊക്കെ വിദ്വേഷം പുറത്തെടുത്തിട്ടും ബി.ജെ.പിക്ക് 272 എന്ന മാന്ത്രിക സംഖ്യയിലെത്താനായില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ഹൈലൈറ്റ്. മോദി പോലും വാരാണസിയില്‍ വിയര്‍ത്തു.

വികസന ഭാരതവുമായി ബി.ജെ.പിയുടെ ആദ്യഘട്ടം

ഏപ്രിൽ 19നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. 400 സീറ്റ് എന്ന അവകാശവാദമായിരുന്നു ഈ ഘട്ടത്തിൽ ബി.ജെ.പി പ്രധാനമായും ഉയർത്തിയിരുന്നത്. ഒപ്പം വികസനവും പറഞ്ഞുതുടങ്ങി. ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു ബി.ജെ.പിയുടെ ഇങ്ങനെയൊരു നീക്കം. തങ്ങൾക്കറിയാവുന്ന വർഗീയത ഒഴിവാക്കി മോദി വികസനം പറയുകയാണോ എന്നാണ് മറ്റുള്ളവർ ചോദിച്ചത്.

അത്രയ്ക്ക് ആത്മവിശ്വാസം ഉള്ളതുകൊണ്ടാവും വർഗീയത വിട്ടതെന്നാണ് കരുതിയത്. എന്നാൽ ആദ്യഘട്ട വോട്ടെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞു. 102 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 65.4 ആയിരുന്നു പോളിങ് ശതമാനം. 2019ൽ ഇത് 69.3 ആയിരുന്നു. വികസനവും കോണ്‍ഗ്രസിന്റെ പ്രകടനപത്രികയുമൊക്കെ പറഞ്ഞ ഘട്ടത്തിൽ 33 സീറ്റുകളെ എന്‍.ഡി.എക്ക് നേടാനായുള്ളൂ. ഇൻഡ്യ സഖ്യമാകട്ടെ 65 ഇടങ്ങളിൽ നേടുകയും ചെയ്തു. മറ്റുള്ളവര്‍ മൂന്ന് സീറ്റുകള്‍ നേടി. 2019ൽ ഇത് 51, 48 എന്നിങ്ങനെയായിരുന്നു സീറ്റ് നില. വോട്ട് ഷെയറിലും നേട്ടമുണ്ടാക്കിയത് ഇൻഡ്യ സഖ്യമായിരുന്നു.

വിദ്വേഷം പറഞ്ഞു തുടങ്ങി, ട്രാക്ക് മാറ്റി ബി.ജെ.പി

രണ്ടാം ഘട്ടം മുതലാണ് മോദിയും ബി.ജെ.പിയും തങ്ങൾക്കറിയാവുന്ന 'പണി' തുടങ്ങുന്നത്. അതായത് വികസം പറഞ്ഞിട്ടൊന്നും കാര്യമില്ല. വർഗീയത പറഞ്ഞാലെ കാര്യമുള്ളൂ എന്നാണ് അവർ കരുതിയത്. രാജസ്ഥാനിലെ ബൻസ്വാര പ്രസംഗം രണ്ടാം ഘട്ടത്തിലാണ്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ നിങ്ങളുടെ സ്വത്തുക്കൾ മുസ്‌ലികൾക്ക് നൽകും എന്നായിരുന്നു മോദിയുടെ ആദ്യത്തെ വിദ്വേഷം.

തുടർന്നങ്ങോട്ടാണ് മോദി പച്ചയായ വർഗീയത പറയാൻ തുടങ്ങുന്നത്. ഇതെ ബൻസ്വാരയിൽ ബി.ജെ.പി തോറ്റ് എന്നതും എടുത്തുപറയേണ്ടതാണ്. രണ്ടാം ഘട്ടത്തിലും കാര്യമായ ചലനം പോളിങിലുണ്ടായില്ലെങ്കിലും എന്‍.ഡി.എയുടെ സീറ്റ് നില മെച്ചപ്പെട്ടു. 88 മണ്ഡലങ്ങളിലേക്കായിരുന്നു രണ്ടാംഘട്ട പോളിങ്. ഇവിടെ നിന്നും ലഭിച്ചത് 52 സീറ്റുകൾ. 2019നെ അപേക്ഷിച്ച് കുറവാണെങ്കിലും ആദ്യഘട്ടത്തിലെ സീറ്റ് നില മെച്ചപ്പെടുത്താനായി. ഇൻഡ്യ സഖ്യത്തിന് 35 സീറ്റുകളും മറ്റുള്ളവർക്ക് ഒരു സീറ്റും ലഭിച്ചു. ഇവിടെ എന്‍.ഡി.എയുടെ വോട്ട് ഷെയറും വർധിച്ചു, 44.4 ശതമനമായി വോട്ട് ഷെയര്‍. ആദ്യഘട്ടത്തില്‍ 36.5 ആയിരുന്നു.

മൂന്ന് നാല് ഘട്ടങ്ങില്‍ നില മെച്ചപ്പെടുത്തി ബി.ജെപി

മൂന്ന് നാല് ഘട്ടങ്ങളിലാണ് ബി.ജെപിയുടെ സീറ്റ് ഷെയറും വോട്ട് ഷെയറും ചെറുതായി വർധിക്കുന്നത്. പോളിങ് ശതമാനവും അൽപം കൂടി. മൂന്നാം ഘട്ടത്തിൽ 94 മണ്ഡലങ്ങളിലേക്കും നാലാം ഘട്ടത്തിൽ 96 മണ്ഡലങ്ങളിലേക്കുമായിരുന്നു വോട്ടെടുപ്പ് നടന്നിരുന്നത്. 60ലേറെ സീറ്റുകൾ ഈ രണ്ട് ഘട്ടങ്ങളിലും ബി.ജെ.പി നേടി. അംബാനിയിൽ നിന്നും അദാനിയിൽ നിന്നും ലോറി നിറയെ കോൺഗ്രസിന് പണം ലഭിച്ചിട്ടുണ്ടെന്ന് മോദി പറയുന്നത് നാലാം ഘട്ടത്തിലാണ്. മൂന്നാം ഘട്ടത്തിൽ 70.2 ശതമാനവും നാലാം ഘട്ടത്തിൽ 62.5 ശതമാനവുമായിരുന്നു എൻ.ഡി.എയുടെ സീറ്റ് ഷെയർ. വോട്ട് ഷെയറിന്റെ സിംഹഭാഗവും എൻ.ഡി.എ സഖ്യം കൊണ്ടുപോയി.

'ഇന്‍ഡ്യയുടെ' തിരിച്ചുവരവ്

അവസാന മൂന്ന് ഘട്ടങ്ങളിലാണ് ഇന്‍ഡ്യ എഴുന്നേല്‍ക്കുന്നത്. അഞ്ചാംഘട്ടത്തില്‍ ആദ്യ സൂചന നല്‍കി. 49 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യമാണ് നേട്ടമുണ്ടാക്കിയത്. അതായത് 24 സീറ്റുകൾ നേടി. 2019ൽ വെറും ആറ് സീറ്റുകളെ ഇവിടെ പ്രതിപക്ഷ സഖ്യത്തിനുണ്ടായിരുന്നുള്ളൂ. 41 സീറ്റുകളുണ്ടായിരുന്ന എൻ.ഡി.എക്ക് 2024ല്‍ നേടാനായത് വെറും 23 സീറ്റുകൾ. 18 സീറ്റുകളാണ് എന്‍.ഡിഎക്ക് അഞ്ചാം ഘട്ടത്തില്‍ നഷ്ടമായത്.

എസ്.പിയും കോൺഗ്രസും അധികാരത്തിലെത്തിയാൽ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് നിരത്തുമെന്ന് മോദി കടത്തിപ്പറഞ്ഞതും ഇവിടെയായിരുന്നു. ഇതൊന്നും ബി.ജെ.പിയുടെ രക്ഷക്കെത്തിയില്ല. റായ്ബറേലിയിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥി പ്രഖ്യാപനം വരുന്നത് ഈ ഘട്ടത്തിലാണെന്നതും എടുത്തുപറയേണ്ടതാണ്.

ആറാംഘട്ടത്തിൽ 58 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 37 സീറ്റുകളാണ് ഇവിടെ നിന്നും എൻ.ഡി.എ സഖ്യം നേടിയത്. ഇൻഡ്യ സഖ്യമാകട്ടെ 21 സീറ്റും നേടി. വോട്ട് ഷെയറിൽ എൻഡിഎയ്‌ക്കൊപ്പം എത്താൻ(45.3) ഇൻഡ്യ സഖ്യത്തിനായി(41.3). 2019ൽ 45 സീറ്റുകളായിരുന്നു ആറാം ഘട്ടത്തിൽ എൻ.ഡി.എ നേടിയെടുത്തതെങ്കിൽ പ്രതിപക്ഷ സഖ്യത്തിന്റെ അക്കൗണ്ടിൽ വെറും അഞ്ച് സീറ്റുകളെ ഉണ്ടായിരന്നുള്ളൂ.

അവസാനഘട്ടത്തിലും ബി.ജെ.പിക്ക് അടികിട്ടി. തന്റേത് സാധാരണ ജന്മമല്ലെന്നും അയച്ചത് ദൈവമാണെന്നുള്ള പരാമര്‍ശം വരെ നടത്തിയിട്ടും ജനം കേട്ടില്ല. വോട്ടെടുപ്പ് നടന്ന 57 മണ്ഡലങ്ങളിൽ നിന്നും ഇൻഡ്യ സഖ്യം നേടിയത് 34 സീറ്റുകളാണ്. 2019ൽ 19 സീറ്റുകളെ നേടാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ എൻ.ഡി.എ സഖ്യമാകട്ടെ 30ൽ നിന്നും 19ലേക്ക് കൂപ്പുകുത്തുകയും ചെയ്തു. അതേസമയം എടുത്തുപറയേണ്ട മറ്റൊരു കാര്യം മോദി വിദ്വേഷ പരാമർശങ്ങൾ നടത്തിയ 15ൽ ഒമ്പതിലും ഇൻഡ്യ സഖ്യമാണ് വിജയിച്ചത്. ആറിടത്ത് മാത്രമെ ബി.ജെ.പിക്ക് ജയിക്കാനായുള്ളൂ...

TAGS :

Next Story