Quantcast

ഗോമൂത്രത്തില്‍ അപകടകരമായ ബാക്ടീരിയകള്‍; ആരോഗ്യത്തിന് നല്ലതല്ലെന്ന് ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭോജ് രാജ് സിങ്ങിന്‍റെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്

MediaOne Logo

Web Desk

  • Updated:

    2023-04-11 07:41:59.0

Published:

11 April 2023 7:34 AM GMT

cow
X

ഇന്ത്യന്‍ പശുക്കള്‍

ബറേലി: ഗോമൂത്രത്തില്‍ അപകടകരമായ ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെന്നും മനുഷ്യന്‍റെ ആരോഗ്യത്തിനു നല്ലതല്ലെന്നും പഠനം. ബറേലി ആസ്ഥാനമായുള്ള ഐസിഎആർ-ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഐവിആർഐ) നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭോജ് രാജ് സിങ്ങിന്‍റെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. മൂന്ന് പിഎച്ച്ഡി വിദ്യാര്‍ഥികളും ഗവേഷണത്തിന്‍റെ ഭാഗമായി. ആരോഗ്യമുള്ള പശുക്കളുടെയും കാളകളുടെയും മൂത്രസാമ്പിളുകളിൽ കുറഞ്ഞത് 14 തരം ഹാനികരമായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. രോഗകാരിയായ എഷെറിച്ചിയ കോളി എന്ന ബാക്ടീരിയയുടെ സാന്നിധ്യം വയറുവേദനക്ക് കാരണമാകുന്നു. എന്നാല്‍ ചില ബാക്ടീരിയകൾക്കെതിരെ എരുമയുടെ മൂത്രം കൂടുതൽ ഫലപ്രദമാണെന്നും പഠനത്തില്‍ പറയുന്നു. ഗവേഷണത്തിന്‍റെ കണ്ടെത്തലുകൾ ഓൺലൈൻ റിസർച്ച് വെബ്സൈറ്റായ റിസർച്ച്ഗേറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



"പശുക്കളുടെയും എരുമകളുടെയും മനുഷ്യരുടെയും 73 മൂത്രസാമ്പിളുകള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ എരുമയുടെ മൂത്രത്തിലെ ആന്‍റി ബാക്ടീരിയൽ പ്രവർത്തനം പശുക്കളെക്കാൾ വളരെ മികച്ചതാണെന്നാണ് സൂചിപ്പിക്കുന്നത്. എസ് എപിഡെർമിഡിസ്, ഇ റാപോണ്ടിസി തുടങ്ങിയ ബാക്ടീരിയകള്‍ക്കെതിരെ എരുമയുടെ മൂത്രം കൂടുതൽ ഫലപ്രദമാണ്'' ഭോജ് രാജ് സിങ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിലെ എപ്പിഡെമിയോളജി വിഭാഗം മേധാവിയാണ് സിങ്. 2022 ജൂണിനും 2022 നവംബറിനും ഇടയിൽ മൂന്ന് പിഎച്ച്ഡി വിദ്യാർഥികളോടൊപ്പം പ്രാദേശിക ഡയറി ഫാമുകളിൽ നിന്നുള്ള സഹിവാൾ, തർപാർക്കർ, വിന്ദവാനി (ക്രോസ് ബ്രീഡ്) എന്നീ മൂന്ന് തരം പശുകളെക്കുറിച്ച് ഗവേഷണം നടത്തി.മനുഷ്യരിൽ നിന്നും എരുമകളിൽ നിന്നുമുള്ള സാമ്പിളുകൾ പഠനത്തിനായി പരിഗണിച്ചു.

അതേസമയം, ഐവിആർഐയുടെ മുൻ ഡയറക്ടർ ആർ.എസ്. ചൗഹാൻ ഗവേഷണത്തെ ചോദ്യം ചെയ്തു."ഞാൻ 25 വർഷമായി ഗോമൂത്രത്തിൽ ഗവേഷണം നടത്തുകയാണ്, വാറ്റിയെടുത്ത ഗോമൂത്രം മനുഷ്യന്‍റെ പ്രതിരോധശേഷി വർധിപ്പിക്കുകയും ക്യാൻസറിനും കോവിഡിനും എതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്ന് ഞങ്ങൾ കണ്ടെത്തി.ഈ പ്രത്യേക ഗവേഷണം നടത്തിയത് വാറ്റിയെടുത്ത മൂത്രത്തിന്റെ സാമ്പിളുകളിലല്ല, അത് ആളുകൾ കഴിക്കാൻ ഞങ്ങൾ ശിപാർശ ചെയ്യുന്നു'' അദ്ദേഹം പറഞ്ഞു.

TAGS :

Next Story