കേരള ബി.ജെ.പിയിൽ കടുത്ത ജാതിവിവേചനം-വെള്ളാപ്പള്ളി നടേശൻ
'ഹിന്ദുവായി പറഞ്ഞുനടക്കുന്നവരാരും ഞങ്ങളെ ഹിന്ദുക്കളായി കൂട്ടാറില്ല. ഒരു പട്ടികജാതിക്കാരനും പിന്നാക്കക്കാരനും ബി.ജെ.പിയുടെ ചിഹ്നത്തിൽ നിന്നാൽ പോലും വോട്ട് ചെയ്യുന്നില്ല.'
വെള്ളാപ്പള്ളി നടേശന്‍
കോഴിക്കോട്: കേരള ബി.ജെ.പിയിൽ ജാതിവിവേചനം ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബി.ജെ.പിയിൽ പിന്നാക്കക്കാരൻ സ്ഥാനാർത്ഥിയായി നിന്നാൽ ഒറ്റ സവർണനും വോട്ട് ചെയ്യില്ല. ഇവിടെയുള്ള ബി.ജെ.പിക്കാർ പിന്നാക്കവിരോധികളാണ്. പിന്നാക്കക്കാരെ വിശ്വാസത്തിലെടുക്കാൻ അവർക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'അമൃത ടി.വി'ക്ക് നൽകിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി തുറന്നടിച്ചത്. 'അഞ്ച് സീറ്റ് ലഭിക്കുമെന്നാണ് കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി നേതാവ് എന്നോട് പറഞ്ഞത്. അദ്ദേഹം ഇവിടെ വന്നിരുന്നു. ഉള്ളുതുറന്നുള്ള സത്യങ്ങളെല്ലാം ഞാൻ പറഞ്ഞു. കേരളത്തിൽ ബി.ജെ.പി ഭരിക്കാൻ വളരെ പ്രയാസമാകുമെന്ന് ഞാൻ പറഞ്ഞു.'-അദ്ദേഹം വെളിപ്പെടുത്തി.
'ആദിവാസി തൊട്ട് നമ്പൂതിരി വരെയുള്ളവരുടെ കൂട്ടായ്മ വേണമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. നായാടി തൊട്ട് നമ്പൂതിരി വരെയുള്ള ഹിന്ദുക്കളുടെ കൂട്ടായ്മ. എന്നാൽ, ഞങ്ങളെ ആരും ഹിന്ദുവായി കൂട്ടാറില്ല. ഹിന്ദുവായി പറഞ്ഞുനടക്കുന്നവരാരും ഞങ്ങളെ ഹിന്ദുക്കളായി കൂട്ടാറില്ല. വല്ല പിരിവിനും വരുമ്പോൾ ഞങ്ങൾ ഹിന്ദുക്കളാണ്. ഹിന്ദുക്കളുടെ ഒരു സമ്മേളനം നടത്തിയാൽ അവിടെയൊന്നും ഞങ്ങളുടെ ആളോ, ഞങ്ങളുടെ ആളുകളുടെ പേരോ കാണില്ല.
ബി.ജെ.പി ഇവിടെ ഒരുപാട് തട്ടുകളിലാണുള്ളതെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. ഇവിടെ ബി.ജെ.പിയിൽ ഒരു പിന്നാക്കക്കാരൻ സ്ഥാനാർത്ഥിയായി നിന്നാൽ ഒറ്റ സവർണനും വോട്ട് ചെയ്യില്ല. ആ വോട്ടൊക്കെ എവിടെപ്പോകുന്നു? ഇന്നും ജാതിവിവേചനം ശക്തമായി കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
'കേരളത്തിൽ സവർണ വിഭാഗങ്ങൾ 15 ശതമാനമാണുള്ളത്. അതിൽ കുറേ കോൺഗ്രസിലും കുറച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിലും പോകും. കമ്മ്യൂണിസ്റ്റ് പാർട്ടിയിലുള്ളവർ നേതാക്കളാകും, അനുയായികളിലുണ്ടാകില്ല. ബാക്കിയുള്ളത് ബി.ജെ.പിയിലും പോയിക്കഴിഞ്ഞാൽ അവരെക്കൊണ്ട് നിയമസഭ പിടിച്ചടക്കാനും എം.പിയാകാനും സാധിക്കുമോ? മറ്റ് ഹിന്ദുക്കളെ അവർക്ക് സ്വാധീനിക്കാൻ സാധിക്കുന്നുണ്ടോ? പട്ടികജാതി, പട്ടികവർഗങ്ങൾ 15 ശതമാനത്തോളമുണ്ട്. ഈഴവർ 28 ശതമാനവുമുണ്ട്.'
ഒരു പട്ടികജാതിക്കാരനും പിന്നാക്കക്കാരനും ബി.ജെ.പിയുടെ ചിഹ്നത്തിൽ നിന്നാൽ പോലും വോട്ട് ചെയ്യുന്നില്ല. ആ ജാതിവിചേനം ഉള്ളിൽനിന്നു മാറാത്തിടത്തോളം കാലം മാറ്റമുണ്ടാകില്ല. വടക്കേ ഇന്ത്യയിൽ അതില്ല. പുറത്ത് വിശാലമായി പ്രവർത്തിക്കുമ്പോൾ കേരളത്തിൽ സങ്കുചിതത്വവും പരസ്പരം തമ്മിലടിയുമാണ്. ഇവിടെ സെക്രട്ടറിയെ പ്രസിഡന്റ് അംഗീകരിക്കില്ല, പ്രസിഡന്റിനെ സെക്രട്ടറി അംഗീകരിക്കില്ല. ഇങ്ങനെ പരസ്പരം കാലുവാരുകയാണ്. എങ്ങനെ നന്നാകും!?-അദ്ദേഹം ചോദിച്ചു.
പിടിച്ചുനിൽക്കണമെങ്കിൽ ക്രിസ്ത്യൻ സമുദായത്തെക്കൂടി വിശ്വാസത്തിലെടുക്കാൻ ബി.ജെ.പി തയാറാകണം. അവരും പിന്നാക്ക വിഭാഗമാണ്. അവരെ വിശ്വാസത്തിലെടുക്കാനുള്ള നയമുണ്ടാകുകയാണെങ്കിൽ ഒരുപക്ഷെ എവിടെയെങ്കിലും ഒന്നോ രണ്ടോ സീറ്റ് കിട്ടിയാൽ ഭാഗ്യം. ഇവിടെയുള്ള ബി.ജെ.പിക്കാർ പിന്നാക്കവിരോധികളാണ്. പിന്നാക്കക്കാരെ വിശ്വാസത്തിലെടുക്കാൻ അവർക്ക് സാധിക്കുന്നില്ല. ബി.ഡി.ജെ.എസിൽ ആദ്യം കണ്ട ആവേശം പിന്നീട് കണ്ടില്ല. സമത്വ മുന്നേറ്റ യാത്രയുടെ ബലത്തിൽ അന്ന് എൻ.ഡി.എക്ക് കുറേ വോട്ട് കിട്ടി. അതെല്ലാം ബി.ജെ.പിയുടെ വോട്ടാണെന്ന് അവർ കരുതി. രണ്ടാമത്തെ തെരഞ്ഞെടുപ്പ് നടന്നപ്പോൾ ആ വോട്ടെല്ലാം എവിടെപ്പോയി? അവരെ പിടിച്ചുനിർത്താൻ സാധിച്ചില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
Summary: 'Caste discrimination is still strong in Kerala BJP. Not a single upper caste will vote for backward candidates in BJP', alleges SNDP Yogam General Secretary Vellappally Natesan
Adjust Story Font
16