പി.എസ്.സി വിവാദം; സി.പി.എം നേതാവ് കോഴ വാങ്ങിയത് ഹോമിയോ ഡോക്ടർ നിയമനത്തിന്
ടൗൺ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെയാണ് പരാതി
കോഴിക്കോട്: സി.പി.എം അംഗം കോഴ വാങ്ങിയത് പി.എസ്.സി ഹോമിയോ ഡോക്ടർ നിയമനത്തിന് വേണ്ടി. ഇത് സംബന്ധിച്ച് പാർട്ടി പ്രവർത്തകരാണ് പരാതി നൽകിയത്. കോഴിക്കോട് ടൗൺ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെയാണ് പരാതി.
നേരത്തെ പി.എസ്.സി അംഗത്വത്തിന് വേണ്ടി കോഴ വാങ്ങിയെന്നായിരുന്നു റിപ്പോർട്ടുകൾ. പ്രമോദ് കോട്ടൂളിക്കെതിരെ കടുത്ത നടപടി പാർട്ടി സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. സി.ഐ.ടി.യുവിൻ്റെ ചുമതലകളും വഹിക്കുന്ന നേതാവാണ് പ്രമോദ്. പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നടക്കം പ്രമോദിനെ പുറത്താക്കിയേക്കും. സി.ഐ.ടി.യുവിൽ നിന്നും പുറത്താക്കും.
മന്ത്രി മുഹമ്മദ് റിയാസിൻ്റെ പേര് പറഞ്ഞാണ് കോഴ വാങ്ങിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഹമ്മദ് റിയാസ് പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ട്.
നേതാവ് കോഴ വാങ്ങിയെന്ന വാർത്ത തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നിരുന്നു. തട്ടിപ്പുകൾ പലതരത്തിൽ നടക്കുന്നുണ്ടെന്നും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പി.എസ്.സി അംഗങ്ങളെ നിയമിക്കുന്നത് അഴിമതിയുടെ ഭാഗമായിട്ടല്ലെന്നും ഒരുതരത്തിലുള്ള വഴിവിട്ട രീതികളും നിയമനത്തിൽ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16