മലബാറിലെ കോൺഗ്രസിന്റെ സുൽത്താൻ; ലീഗിനോട് ഇടഞ്ഞും കാന്തപുരത്തെ കൂട്ടുപിടിച്ചും രാഷ്ട്രീയ ജീവിതം
മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരായ സത്യഗ്രഹം മുതൽ ലീഗുമായുള്ള ആര്യാടന്റെ പോര് തുടങ്ങുന്നു. മുഹമ്മദലി ശിഹാബ് തങ്ങൾ അടക്കമുള്ള സാമുദായിക നേതൃത്വത്തെ ചോദ്യംചെയ്തും 'ദേശീയവാദി മുസ്‌ലിമാ'യി സ്വയം അഭിമാനം കൊണ്ടും വേറിട്ടുനടന്നു അദ്ദേഹം
മലപ്പുറം: പതിറ്റാണ്ടുകളോളം മലബാറിൽ കോൺഗ്രസിന്റെ അവസാന വാക്കായിരുന്നു ആര്യാടൻ മുഹമ്മദ്. മുന്നണിയിലെ വിഷയങ്ങളായാലും പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളായാലും ആര്യാടൻ പറഞ്ഞാൽ അവിടെ നിൽക്കും പ്രവർത്തകർ. മലപ്പുറത്തെ മുസ്‌ലിം ലീഗ് കോട്ടയിൽ ഇടഞ്ഞും പടവെട്ടിയുമായിരുന്നു ആര്യാടൻ കോൺഗ്രസിന് ഒരു ഇടമുണ്ടാക്കിക്കൊടുത്തത്. മലബാറിലെ കോണ്‍ഗ്രസുകാര്‍ക്ക് ഒരു വികാരം തന്നെയായിരുന്നു ആര്യാടന്‍. സ്നേഹത്തോടെ 'മലബാര്‍ സുല്‍ത്താന്‍' എന്ന് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിളിച്ചു.
മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരായ സത്യഗ്രഹം മുതൽ ലീഗുമായി നേരിട്ട് ഏറ്റുമുട്ടുന്നുണ്ട് ആര്യാടന്‍. മുഹമ്മദലി ശിഹാബ് തങ്ങൾ അടക്കമുള്ള സാമുദായിക നേതൃത്വത്തെ ചോദ്യംചെയ്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചു. 'ദേശീയവാദി മുസ്‌ലിമാ'യി സ്വയം അഭിമാനം കൊണ്ടും വേറിട്ടു നടന്നു അദ്ദേഹം.
ലീഗിനോട് പടവെട്ടി, കാന്തപുരത്തെ കൂടെനിർത്തി
ലീഗിലേക്ക് ചാഞ്ഞുനിൽക്കുന്ന മലപ്പുറം മനസ് തിരിച്ചറിഞ്ഞ് അതിന്റെ നേർഎതിർദിശയിലായിരുന്നു തുടക്കംതൊട്ടേ ആര്യാടന്റെ രാഷ്ട്രീയ ജീവിതം. മലപ്പുറം ജില്ലാ രൂപീകരണം തൊട്ട് തുടങ്ങുന്നു അത്. അന്ന് മലപ്പുറത്ത് നടന്ന ജില്ലാ രൂപീകരണ വിരുദ്ധ സത്യഗ്രഹത്തിന്റെ മുൻനിരയിൽ ആര്യാടനുണ്ടായിരുന്നു. മലപ്പുറം ജില്ല വന്നാൽ അതൊരു കുട്ടിപ്പാകിസ്താനാകുമെന്നായിരുന്നു അദ്ദേഹമടക്കം കോൺഗ്രസ് നേതൃത്വം പരസ്യമായി വ്യക്തമാക്കിയ നിലപാട്. പിന്നീടങ്ങോട്ട് ഓരോ ഘട്ടത്തിലും ലീഗിനും മലപ്പുറത്തെ യു.ഡി.എഫ് സംവിധാനത്തിനകത്ത് ആര്യാടൻ തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു. ഏറ്റവുമൊടുവിൽ മലപ്പുറം നഗരസഭയെ കോർപറേഷനാക്കാനുള്ള ലീഗിന്റെ മോഹം തകർത്തതും ആര്യാടനായിരുന്നുവെന്ന തരത്തിൽ പ്രചാരണമുണ്ടായിരുന്നു.
എന്നാൽ, മറുവശത്ത് ലീഗ് വിരുദ്ധ മനോഭാവം കൊണ്ടുനടക്കുന്ന കാന്തപുരം അബൂബക്കർ മുസ്‌ലിയാരുമായി സഖ്യം ചേർന്ന് പുതിയ രാഷ്ട്രീയ നയതന്ത്രവും ആരംഭിച്ചു. മലപ്പുറത്തടക്കം മലബാറിൽ ലീഗിനെ വിട്ടുപിടിച്ച് മുസ്‌ലിം ബെൽറ്റിൽ സ്വാധീനമുറപ്പിക്കാനുള്ള നീക്കമായിരുന്നു അത്. പലതവണ തെരഞ്ഞെടുപ്പുകളിൽ കാന്തപുരം വിഭാഗവും ആര്യാടനും തമ്മിൽ ധാരണയുണ്ടായി. കാന്തപുരത്തിന്റെ സ്വപ്‌നപദ്ധതിയായ നോളജ് സിറ്റിയിലും മർക്കസിലുമടക്കം ആര്യാടൻ പലപ്പോഴും പ്രത്യേക ക്ഷണിതാവായും എത്തി. ആ ബന്ധത്തിന്റെ തുടർച്ചയായാണ് കഴിഞ്ഞ മാസം കാന്തപുരം അബൂബക്കർ മുസ്ലിയാർ ആര്യാടനെ വീട്ടിലെത്തി സന്ദർശിച്ചത്. ആര്യാടന്റെ സുഖവിവരങ്ങൾ അന്വേഷിച്ച് കാൽമണിക്കൂർ നേരമാണ് അന്ന് അദ്ദേഹം നിലമ്പൂരിലെ വീട്ടിൽ തങ്ങിയത്.
ദേശീയമുസ്‍ലിം കോണ്‍ഗ്രസ്
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, ഇ. മൊയ്തു മൗലവി തുടങ്ങിയ ദേശീയ മുസ്‌ലിം കോൺഗ്രസ് ധാരയുടെ പിന്തുടർച്ചക്കാരായി സ്വയം കരുതുകയും അവകാശപ്പെടുകയും ചെയ്യുന്ന കോൺഗ്രസുകാരുടെ മുൻനിരയിൽ ആര്യാടനുണ്ടായിരുന്നു. സുന്നി വിഭാഗത്തിലെ ഇ.കെ വിഭാഗത്തെ കൂട്ടുപിടിച്ചും പാണക്കാട് തങ്ങന്മാരെ മുന്നിൽനിർത്തിയുമുള്ള ലീഗിന്റെ രാഷ്ട്രീയതന്ത്രങ്ങളെ നേരിടാൻ ആര്യാടൻ സ്വയം എടുത്തണിഞ്ഞ വിശേഷണമായിരുന്നു ദേശീയ മുസ്‌ലിം.
അന്തരിച്ച മുഹമ്മദലി ശിഹാബ് തങ്ങൾ അടക്കമുള്ള പാണക്കാട് കുടുംബത്തിന്റെ ആത്മീയനേതൃത്വത്തെ ചോദ്യംചെയ്ത് പലതവണ ആര്യാടൻ രംഗത്തെത്തിയിരുന്നു. ലീഗിനകത്തുനിന്നും സമുദായത്തിനകത്തുനിന്നും വലിയ തോതിൽ പ്രതിഷേധമുയർന്നിട്ടും ആര്യാടൻ കുലുങ്ങിയില്ല. തന്റെ നേതാവ് സോണിയാ ഗാന്ധിയാണെന്നും ശിഹാബ് തങ്ങളല്ലെന്നും രാഷ്ട്രീയ നേതാവായ തങ്ങൾ വിമർശനത്തിന് അതീതനല്ലെന്നുമായിരുന്നു ഒരു തവണ ആര്യാടൻ ഉയർത്തിയ വാദം.
ഇതേ ശൈലി തന്നെ മകൻ ആര്യാടൻ ഷൗക്കത്തും പിന്തുടർന്നു. സിനിമകളിലൂടെ മാത്രമല്ല പരസ്യമായും സമുദായത്തിനകത്തെ മതനേതൃത്വത്തെ ഷൗക്കത്തും ചോദ്യംചെയ്തു. ശിഹാബ് തങ്ങൾ ആത്മീയവാണിഭം നടത്തുന്നുവെന്നും പാണക്കാട്ട് റെയ്ഡ് നടത്തണമെന്നും ആവശ്യപ്പെട്ട് ഷൗക്കത്ത് പരസ്യമായി രംഗത്തെത്തിയത് അങ്ങനെയാണ്. യു.ഡി.എഫിനകത്ത് തന്നെ വലിയ കോളിളക്കം സൃഷ്ടിച്ച പ്രസ്താവനയ്ക്ക് ആര്യാടന്റെ പിന്തുണയുമുണ്ടായിരുന്നു. ഒടുവിൽ കോൺഗ്രസ് നേതാക്കൾ പാണക്കാട്ടെ തറവാട്ടിൽ നേരിട്ടെത്തിയാണ് പ്രശ്‌നങ്ങൾ ഒരുവിധം പറഞ്ഞവസാനിപ്പിച്ചത്.
കോൺഗ്രസ് രാഷ്ട്രീയത്തിൽ
1935 മേയ് 15ന് നിലമ്പൂരിലാണ് ആര്യാടന്റെ ജനനം. നിലമ്പൂർ ഗവ. മാനവേദൻ ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തി. 1952ലാണ് കോൺഗ്രസ് അംഗമായി രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. 1959ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി. 1960ൽ കോഴിക്കോട് ഡി.സി.സി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1962വണ്ടൂരിൽനിന്ന് കെ.പി.സി.സി അംഗമായി. 1969ൽ മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടപ്പോള്‍ പ്രഥമ ഡി.സി.സി പ്രസിഡന്റായി. 1978 മുതൽ കെ.പി.സി.സി സെക്രട്ടറിയായും പ്രവർത്തിച്ചു.
1965ല്‍ 30-ാം വയസ്സിലാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. പക്ഷെ പരാജയപ്പെട്ടു. 1967ല്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയം തന്നെയായിരുന്നു ഫലം. 1978ല്‍ 'എ' ഗ്രൂപ്പ് കോണ്‍ഗ്രസ് വിട്ട് ഇടത് മുന്നണിക്കൊപ്പം പോയപ്പോള്‍ എ.കെ ആന്റണിക്കൊപ്പം അടിയുറച്ചുനിന്നു. പിന്നീടാണ് എ ഗ്രൂപ്പിന്‍റെ ചാണക്യനായി അദ്ദേഹം മാറുന്നത്.
1977, 1980, 1987, 1991, 1996, 2001, 2006, 2011 എന്നീ വർഷങ്ങളിലാണ് നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽനിന്ന് കേരള നിയമസഭയിലെത്തിയത്. 1980-82 കാലത്ത് ഇ.കെ നായനാർ മന്ത്രിസഭയിൽ തൊഴിൽ, വനം മന്ത്രിയായി. എ.കെ ആന്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം മന്ത്രിയായും ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ(2004-06) വൈദ്യുതി മന്ത്രിയായും പ്രവർത്തിച്ചു.
1969ല്‍ സഖാവ് കുഞ്ഞാലി വധത്തില്‍ അറസ്റ്റിലായി ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. കോടതി പിന്നീട് കുറ്റവിമുക്തനാക്കുകയും ചെയ്തു.
Summary: Aryadan Muhammed, Malappuram and Muslim League
Adjust Story Font
16