Quantcast

ചരിത്രം നമുക്ക് മാപ്പുതരട്ടെ!

ഇടതുപക്ഷവും സംഘ്പരിവാറും സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ആദ്യ പതിറ്റാണ്ടിൽ ആഗോള മുതലാളിത്ത പിശാചിന്റെ പ്രതിരൂപമായി മന്‍മോഹന്‍ സിങ്ങിനെ അവതരിപ്പിച്ചു. നയപരവും വസ്തുനിഷ്ഠവുമായ എല്ലാ വിമർശനങ്ങൾക്കും അദ്ദേഹം പാർലമെന്റിലും പുറത്തും മറുപടി നൽകി. വ്യക്തിഹത്യയെയും പുലഭ്യം പറച്ചിലുകളെയും തന്റെ സഹജമായ മാന്യത കൊണ്ട് രാജകീയമായി അവഗണിച്ചു

MediaOne Logo
Dr. Manmohan Singh obituary, Dr Manmohan Singh demise, Manmohan Singh life, Former Indian PM Manmohan Singh
X

ഡോ. മൻമോഹൻ സിങ്ങിനെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസിലേക്കെത്തുന്നത് സാമ്പത്തിക പരിഷ്‌കരണങ്ങളുടെ തീക്ഷണമായ ആദ്യ ദിനങ്ങളെ കുറിച്ച് ജയറാം രമേശ് എഴുതിയ Insider account ആയ To the Brink and Back എന്ന പുസ്തകത്തിൽ പരാമർശിച്ച ഒരു സംഭവമാണ്. പരിഷ്‌കരണങ്ങളുടെ ഭാഗമായി രൂപയുടെ മൂല്യം കുറച്ചപ്പോൾ, തന്റെ കൈയിലുണ്ടായിരുന്ന ഡോളർ ആസ്തിക്ക് കിട്ടിയ അധിക മൂല്യം ധനകാര്യ മന്ത്രിയായിരുന്ന മൻമോഹൻ സിങ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടച്ച് റസീറ്റ് കൈപ്പറ്റി. തനിക്കു കിട്ടിയ Windfall(അപ്രതീക്ഷിതമായി വന്നണഞ്ഞ ഭാഗ്യം) എന്നാണ് ഫലിതരൂപേണ ഈ സംഖ്യയെ അദ്ദേഹം വിശേഷിപ്പിച്ചതെന്നു പുസ്തകത്തിൽ പറയുന്നുണ്ട്. ധനകാര്യ മന്ത്രി എന്ന പദവിയിൽ എടുക്കുന്ന ഒരു തീരുമാനത്തിലും തനിക്ക് വ്യക്തിപരമായ നേട്ടങ്ങൾ ഉണ്ടാവരുതെന്ന് കണിശമായി ഉറപ്പുവരുത്തിയ സത്യസന്ധതയുടെ പര്യായമായ ഒരു മഹാനുഭാവൻ.


ഇന്ത്യയുടെ സാമ്പത്തിക നയരൂപീകരണത്തിൽ നേതൃപരമായ പങ്കുവഹിക്കുന്ന എല്ലാ സ്ഥാനങ്ങളുമലങ്കരിച്ച സിങ് അക്കാര്യത്തിൽ അദിത്വീയനാണ്. സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, ധനകാര്യ സെക്രട്ടറി, റിസർവ് ബാങ്കിന്റെ ഡയറക്ടറും പിന്നീട് ഗവർണറും, ആസൂത്രണ കമ്മീഷന്റെ ഡെപ്യൂട്ടി ചെയർമാൻ, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്, ധനകാര്യ മന്ത്രിയും അവസാനം പ്രധാനമന്ത്രിയുമായി അദ്ദേഹം. അതിനു പുറമെ യുനൈറ്റഡ് നാഷൻസിലും ലോക ബാങ്കിലും ഐഎംഎഫിലും സാമ്പത്തിക വിദഗ്ധൻ, സൗത്ത് കമ്മീഷൻ(ഇപ്പോൾ സൗത്ത് സെന്റർ) ഡയറക്ടർ എന്നീ അന്താരാഷ്ട്ര പദവികളും വഹിച്ചു.


അതുകൊണ്ടുതന്നെയാണ് നോട്ടുനിരോധനത്തെ കുറിച്ച് മൻമോഹൻ സിങ് legalized plunder and organized loot (സംഘടിതകൊള്ളയും നിയമം മറയാക്കിയുള്ള പിടിച്ചുപറിയും) എന്നു പറഞ്ഞപ്പോൾ എന്തുമാത്രം വലിയ ദുരന്തമാകുമിതു കൊണ്ടുവരാൻ പോകുന്നതെന്നു നമുക്കെല്ലാം ഉറപ്പായതും. അദ്ദേഹത്തിന്റെ വാക്കുകൾ എത്രമാത്രം ശരിയായിരുന്നുവെന്നു കാലം എത്ര പെട്ടെന്നാണ് തെളിയിച്ചത്. രാജ്യത്തിന് ഗുണകരമാകുന്ന ഒരു കാര്യത്തെയും കേവല രാഷ്ട്രീയത്തിന് വേണ്ടി മൻമോഹൻ സിങ് ഇത്ര രൂക്ഷമായി വിമർശിക്കില്ലെന്ന് അദ്ദേഹം ജീവിതം കൊണ്ട് തെളിയിച്ചതാണ്.


സാമ്പ്രദായിക രാഷ്ട്രീയ നേതാവിന്റെ പരിമിതികൾ ഒന്നുമില്ലാതെയാണ് ഡോ. സിങ് ധനമന്ത്രിയാവുന്നത്. പ്രധാനമന്ത്രിക്ക് തന്നിൽ വിശ്വാസമുണ്ടെന്നു ബോധ്യപ്പെട്ടതു മുതൽ വിപ്ലവകരമായ, അന്നുവരെ നമ്മുടെ നയനിർമാണ പ്രക്രിയയിൽ പരിചിതമല്ലാതിരുന്ന നിരവധി നീക്കങ്ങളാണ് 1991 ജൂലൈ മുതൽ ഡിസംബർ വരെ സിങ് നടത്തിയത്. ലൈസൻസ് ക്വാട്ട രാജ് നിർത്തലാക്കിയും വ്യവസായ നയത്തിൽ കാതലായ മാറ്റങ്ങൾ വരുത്തിയും രൂപയുടെ മൂല്യം കുറച്ചും നിക്ഷേപക സമൂഹത്തിന്റെ വിശ്വാസം പുനരാർജിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയമായി പ്രധാനമന്ത്രിക്കും കോൺഗ്രസ് പാർട്ടിക്കും കനത്ത വെല്ലുവിളികൾ ഉയർന്ന സമയത്ത് രാജിസന്നദ്ധത പരസ്യമായി അറിയിച്ച് സിങ് തന്നെ ഒരു പരിധി വരെ പ്രതിസന്ധി പരിഹരിക്കാൻ സഹായിച്ചു. ഈ നീക്കങ്ങൾ പാളിപ്പോയാൽ താൻ മാത്രമാവും ബലിയാടാകുക എന്ന ബോധ്യത്തോടുകൂടിയും അതിനു സ്വയംസന്നദ്ധനായുമായാണ് അദ്ദേഹം വലിയ ദൗത്യം ഏറ്റെടുത്തതെന്നു കൂടെ പ്രവർത്തിച്ച പലരും പിന്നീട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.


ഓർമയിൽ വരുന്ന മറ്റൊരു കാര്യം, 2004-2014 കാലത്തെ ജന്തർ മന്ദർ ആണ്. ഞാൻ പൂർണമായും ഡൽഹിയിൽ ജീവിച്ച പത്ത് കൊല്ലമാണത്. എന്റെ ഡൽഹി ജീവിതം തുടങ്ങുന്നത് ഒന്നാം മൻമോഹൻ സിങ് സർക്കാർ അധികാരത്തിൽ വന്ന ഉടനെയാണ്. പ്രക്ഷോഭങ്ങളുടെയും പ്രതിഷേധങ്ങളുടെയം ദിനരാത്രങ്ങൾ. നർമദ മൂവ്‌മെന്റ്, സിംഗൂർ നന്ദിഗ്രാം, നിരവധി ആദിവാസി-പിന്നാക്ക ജനവിഭാഗങ്ങളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും നിരന്തര സമരങ്ങൾ. സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടല്ലേ പ്രതിഷേധങ്ങളെന്നു ലളിതയുക്തിയിൽ ചോദിക്കാം. അല്ലെന്ന് ഉത്തരം പറയാൻ കഴിഞ്ഞ പത്ത് കൊല്ലം നമ്മെ പഠിപ്പിച്ചുകഴിഞ്ഞു. സംവിധാനത്തിൽ പ്രതീക്ഷ ഉണ്ടാകുമ്പോഴാണ് സാധാരണ മനുഷ്യർ തെരുവിലേക്കിറങ്ങുന്നത്. നീതിക്കു വകയുണ്ടെന്നും ഭരണകർത്താക്കൾക്ക് മനുഷ്യത്വം ബാക്കിയുണ്ടെന്നുമുള്ള വിശ്വാസത്തിലാണ് ആ പ്രതീക്ഷ പിറക്കുന്നത്. അപ്പോൾ അവർ തങ്ങളുടെ ശബ്ദം ഘോരഘോരം തെരുവിലുയർത്തുന്നു. ശബ്ദമുഖരിതവും ജനനിബിഡവുമായിരുന്ന ജന്തർ മന്ദറും പാർലമെന്റിന്റെ പടിവാതിൽ വരെ എത്തിയ ജനകീയ പ്രക്ഷോഭങ്ങളും മൻമോഹൻ സിങ് എന്ന, ജനാധിപത്യ മൂല്യങ്ങളിൽ നാട്യങ്ങൾക്കുമപ്പുറം അടിയുറച്ചു വിശ്വസിച്ച ഭരണകർത്താവിനെ കാലത്തിനു മുന്നിൽ സാക്ഷ്യപ്പെടുത്തുന്നു.


ഇനിയുമൊരു കാര്യം തിരിച്ചറിവിന്റേതാണ്. അതിശയോക്തി നിറഞ്ഞതും അത്യധികം പർവതീകരിക്കപ്പെട്ടതുമായ തനത് ഇടതുപക്ഷ ബുദ്ധിജീവി ചമയങ്ങളാൽ സ്വാധീനിക്കപ്പെട്ട ഒരു രാഷ്ട്രീയബോധവും കൊണ്ടാണ് ഞാൻ ഡൽഹിയിൽ എത്തുന്നതും പഠനം പുനരാരംഭിക്കുന്നതും. ഈ പറയപ്പെട്ട സാമ്പത്തിക പരിഷ്‌കാരങ്ങൾ ഇന്ത്യയുടെ സുരക്ഷയെ എങ്ങനെ സ്വാധീനിച്ചുവെന്നതായിരുന്നു എന്റെ ഗവേഷണം. സെക്യൂരിറ്റി എന്ന ആശയത്തെ കേവല സൈനികവൃത്തത്തിൽനിന്നു പുറത്തുകടത്തി പ്രവിശാലമായ human security പ്രതലത്തിൽ പഠിക്കാൻ ഒരുമ്പെട്ടതുതന്നെ വിമർശിക്കാൻ കാര്യമായി എന്തെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. ജിഡിപി വളർച്ചയ്ക്കു ക്രമാനുഗതമായ പുരോഗതി മാനവവികാസത്തിൽ(Human Development) ഉണ്ടായില്ലെന്നത് ഇരിക്കെത്തന്നെ, മൻമോഹൻ സിങ് എന്ന ധനമന്ത്രി മുതൽ പ്രധാനമന്ത്രി വരെ എങ്ങനെയാണ് കോടിക്കണക്കിനു സാധാരണ ഇന്ത്യക്കാരുടെ ജീവിതത്തെ ഗുണപരമായി മാറ്റിയെടുത്തതെന്ന് പിഎച്ച്ഡി ഗവേഷണം വരച്ചുകാട്ടിത്തന്നു.


ജിഡിപി വളർച്ച മധ്യവർഗത്തെയും വൻകിട മുതലാളിമാരെയും മാത്രം പരിപോഷിപ്പിച്ചുവെന്ന നിരീക്ഷണങ്ങൾ പൂർണാർഥത്തിൽ തള്ളിക്കളയാവുന്നതല്ല. നവലിബറൽ പരിഷ്‌കാരങ്ങൾ നടപ്പാക്കിയ രാജ്യങ്ങളിലെല്ലാം അസമത്വം വളർന്നിട്ടുണ്ട്. സാമൂഹിക-സാമ്പത്തിക അസമത്വം യഥാർഥത്തിൽ ഒരു ആഗോള പ്രശ്‌നമായി ഒട്ടുമിക്ക രാജ്യങ്ങളും കരുതുന്നുവെന്നാണ് കഴിഞ്ഞ വർഷം പുറത്തുവന്ന Pew Research സർവേ വെളിപ്പെടുത്തുന്നത്. ഇന്ത്യൻ ജനത നേരിട്ട കൂടുതൽ ഗുരുതരമായ അടിസ്ഥാനപ്രശ്‌നങ്ങളെ(വിശപ്പ്, പട്ടിണി, തൊഴിലില്ലായ്മ) വലിയൊരളവിൽ പരിഹരിക്കാൻ സർക്കാരിന്റെ അധിക വരുമാനം കൊണ്ട് സാധ്യമായിട്ടുണ്ട്. അസമത്വം നിലനിൽക്കുമ്പോൾ തന്നെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്ന നിരവധി നിയമനിർമാണങ്ങളും കർമപദ്ധതികളും രൂപംകൊണ്ടത് മൻമോഹൻ സിങ് സർക്കാരുകളിലാണ്. വിവരാവകാശ നിയമം(2005), ദേശീയ തൊഴിലുറപ്പ് പദ്ധതി, ദേശീയ വിദ്യാഭ്യാസ നിയമം(2009), ദേശീയ ഭക്ഷ്യസുരക്ഷാ നിയമം(2013), നാഷണൽ റൂറൽ ഹെൽത്ത് മിഷൻ തുടങ്ങിയവ മൻമോഹൻ സിങ്ങിനെ കേവലമൊരു ആഗോള മുതലാളിത്ത വ്യവസ്ഥയുടെ പ്രതിനിധി എന്നൊക്കെ വിശേഷിപ്പിക്കുന്നതിലെ അസാംഗത്യം വിളിച്ചോതുന്നുണ്ട്. ഒരു രാജ്യമെന്ന നിലയ്ക്ക് നാം ഈ മനുഷ്യനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു.


അതിമാന്യനായി എങ്ങനെ പൊതുജീവിതത്തിൽ ഇടപഴകണമെന്നും മൻമോഹൻ സിങ് കാണിച്ചുതന്നു. നാല് പതിറ്റാണ്ടിലേറെ നീണ്ട തന്റെ പൊതുജീവിതത്തിൽ ഒരിക്കൽ പോലും അമാന്യമായ പെരുമാറ്റമോ, ഒരു വാക്കുപോലുമോ അദ്ദേഹത്തിൽനിന്നുണ്ടായില്ല. സദാ മിതഭാഷയായി, സൗമ്യനായി അദ്ദേഹം സംസാരിച്ചു. മാന്യമായി പ്രതികരിക്കാൻ സാധ്യമല്ലാത്ത അവസരങ്ങളിൽ മൗനമവലംബിച്ചു. ഇടതുപക്ഷവും സംഘ്പരിവാറും സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ആദ്യ പതിറ്റാണ്ടിൽ ആഗോള മുതലാളിത്ത പിശാചിന്റെ പ്രതിരൂപമായി അദ്ദേഹത്തെ അവതരിപ്പിച്ചു. ലോക ബാങ്കിലെയും ഐഎംഎഫിലെയും സൗത്ത് കമ്മിഷനിലെയും പൂർവകാലത്തെ എത്ര ഭീകരമായാണവർ അവതരിപ്പിച്ചതെന്ന് ഓർത്തുനോക്കുക. നയപരവും വസ്തുനിഷ്ഠവുമായ എല്ലാ വിമർശനങ്ങൾക്കും അദ്ദേഹം പാർലമെന്റിലും പുറത്തും മറുപടി നൽകി. വ്യക്തിഹത്യയെയും പുലഭ്യം പറച്ചിലുകളെയും തന്റെ സഹജമായ മാന്യത കൊണ്ട് രാജകീയമായി അവഗണിച്ചു. പ്രധാനമന്ത്രി കാലത്ത് സംഘ്പരിവാറുകാർ പറഞ്ഞുപരത്തിയ കഥകളും ട്രോളുകളും ഇന്നോർക്കുമ്പോൾ ഒരു ജനത എന്ന തലത്തിൽ നമുക്ക് ആത്മനിന്ദ തോന്നണം.

സഞ്ജയ ബാരുവിന്റെ The Accidental Prime Minister പുറത്തിറങ്ങിയപ്പോൾ മാത്രമാണ് അദ്ദേഹത്തിന്റെ കുടുംബം ആദ്യമായും അവസാനമായും പരസ്യമായി പ്രതിഷേധിച്ചത്. വസ്തുതാരഹിതവും കെട്ടുകഥകൾ നിറഞ്ഞതുമായ ആ പുസ്തകത്തിലെ വസ്തുതാപരമായ തെറ്റുകളെയും വ്യക്തിപരമായ അധിക്ഷേപങ്ങളെയും നിഷേധിച്ചും അതിൽ പ്രതിഷേധിച്ചും അദ്ദഹത്തിന്റെ മകൾ, പരിണതപ്രജ്ഞയായ ചരിത്രകാരിയും ഡൽഹി യൂനിവേഴ്‌സിറ്റിയിലെ പ്രൊഫസറുമായ ഉപേന്ദർ സിങ് ഒരു കുറിപ്പ് പുറത്തിറക്കിയിരുന്നു. അതുപോലും എത്ര മാന്യമായിരുന്നുവെന്ന് ഒരാവർത്തി വായിച്ചുനോക്കുക.


അവസാനമായി 2011ലെ ആ ലോക്‌സഭാ പ്രസംഗം. ശഹാബ് ജാഫ്രിയുടെ കവിത ഉദ്ധരിച്ച് സുഷമ സ്വരാജ് പ്രധാനമന്ത്രിയെ വിമർശിക്കുന്നു.

Tu idhar udhar ki na baat kar ye bata ki qafile kyuuñ luTe

Tiri rahbari ka saval hai hameñ rahzan se gharaz nahiñ

(അതും ഇതും പറഞ്ഞിരിക്കാതെ,
എങ്ങനെ ഈ സാർഥവാഹകസംഘം
കൊള്ളയടിക്കപ്പെട്ടെന്നു പറയൂ..
ഇത് നിങ്ങളുടെ നേതൃത്വത്തെ കുറിച്ചുള്ള ചോദ്യമാണ്..
അല്ലാതെ കള്ളന്മാരോടല്ല ഞങ്ങളുടെ പരാതി!)

പ്രധാനമന്ത്രി തന്റെ സ്വതസിദ്ധമായ പതിഞ്ഞ സ്വരത്തിൽ, തെല്ലൊരു ലജ്ജയോടെ അല്ലാമാ ഇഖ്ബാലിന്റെ കവിത കൊണ്ട് മറുപടി പറയുന്നു:

Maana ki teri diid ke qabil nahiñ huuñ maiñ

Tu mera shauq dekh mira intizar dekh

(നിങ്ങളുടെ ദർശനത്തിനർഹനല്ല
ഞാനെന്നതു സമ്മതിക്കുന്നു,
എങ്കിലും, എന്റെ അഭിനിവേശവും
കാത്തിരിപ്പുമെല്ലാം ഒന്നു നോക്കൂ, നിങ്ങൾ..)

സുഷമ സ്വരാജിന്റെ മുഖത്ത് വിരിഞ്ഞ ആ പുഞ്ചിരി, അദ്വാനിയുടെ മുഖത്തെ ചിരി, സഭാതലം ഒന്നടങ്കം കൈയടികൾ കൊണ്ടും ആർപ്പുവിളികൾ കൊണ്ടും പൊട്ടിച്ചിരികൾ കൊണ്ടും മുഖരിതമായത്. എന്തൊരു ആസുരകാലത്താണ് ഇന്നു ജീവിക്കുന്നതെന്നു നാം തിരിച്ചറിയുന്നുണ്ട്.


നാട്യങ്ങളില്ലാത്ത, പത്രക്കാരോടും പൊതുജനത്തോടും സംസാരിക്കാൻ പേടിയോ മടിയോ ഇല്ലാത്ത ഇന്ത്യയുടെ ജെന്റിൽമാൻ രാഷ്ട്രനേതാവാണ് വിടപറഞ്ഞത്. സ്വയം കോമാളികളാകുന്ന, രാഷ്ട്രീയം സർക്കസാക്കി മാറ്റിയ പേക്കോലങ്ങൾക്കിടയിൽ ഈ മനുഷ്യൻ എത്രമാത്രം ഔന്നത്യത്തിലായിരുന്നുവെന്ന് നാം അത്ഭുതപ്പെടുന്നു. രാഷ്ട്രീയവും രാഷ്ട്രനിർമാണവും ഇലക്ഷൻ കാംപയിൻ മാത്രമാവുന്ന, വിദേശനയം പിആർ മെറ്റീരിയൽ മാത്രമാവുന്ന മോദിക്കാലത്ത് ഇതെല്ലാം എത്രമാത്രം അപ്രസക്തമാണെന്ന് നാം തിരിച്ചറിയുന്നു.

പ്രിയപ്പെട്ട ഞങ്ങളുടെ മുൻ പ്രധാനമന്ത്രീ, അർഹിക്കുന്നതിലും നല്ല നേതാവിനെ ഒരു ജനതയ്ക്കു കൈവന്നതിന്റെ അപൂർവ ഉദാഹരണങ്ങളിൽ ഒന്നാണ് താങ്കൾ!

(നൈജീരിയൻ തലസ്ഥാനമായ അബുജയിലെ നൈൽ യൂനിവേഴ്‌സിറ്റി ഓഫ് നൈജീരിയയിൽ ഇന്റർനാഷനൽ റിലേഷൻസ്, പീസ് ആൻഡ് കോൺഫ്‌ളിക്ട് സ്റ്റഡീസ് വിഭാഗത്തിൽ അധ്യാപകനാണ് ലേഖകൻ)

TAGS :

Next Story