പണ്ഡിതനും എഴുത്തുകാരനുമായ പിണങ്ങോട് അബൂബക്കര്‍ അന്തരിച്ചു
ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ് ലിയാര്‍, ഇ.കെ ഹസന്‍ മുസ്‌ലിയാര്‍, സി.എച്ച് ഹൈദ്രൂസ് മുസ് ലിയാര്‍, കൂറ്റനാട് കെ.വി മുഹമ്മദ് മുസ് ലിയാര്‍ തുടങ്ങിയ സമസ്ത നേതാക്കളുടെ സന്തത സഹചാരി കൂടിയായിരുന്നു പിണങ്ങോട് അബൂബക്കര്‍ ഹാജി
പണ്ഡിതനും എഴുത്തുകാരനുമായ പിണങ്ങോട് അബൂബക്കര്‍ ഹാജി(64) അന്തരിച്ചു. അഞ്ച് പതിറ്റാണ്ടിലധികമായി സുന്നി സാഹിത്യ രംഗത്ത് നിറസാന്നിധ്യമാണ്. സുപ്രഭാതം ദിനപത്രം, സുന്നി അഫ്കാര്‍, സന്തുഷ്ട കുടുംബം തുടങ്ങിയവയുടെ പത്രാധിപ സമിതി അംഗമായ പിണങ്ങോട് ഏഴ് ചരിത്ര പുസ്തകങ്ങള്‍ ഉള്‍പ്പെടെ അന്‍പതിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെങ്ങപ്പള്ളി പഞ്ചായത്തംഗം, എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി, സമസ്ത കേരള ഇസ്‌ലാംമത വിദ്യഭ്യാസ ബോര്‍ഡ് മാനേജര്‍, പിണങ്ങോട് മഹല്ല് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു. ബഹ്‌റൈനിന്റെ പ്രതിരോധ സേനയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രമുഖ പ്രഭാഷകന്‍ കൂടിയായ പിണങ്ങോട് അബൂബക്കര്‍ ഇസ്‌ലാമിക വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങള്‍ വിവിധ പംക്തികള്‍ക്കായി എഴുതിയിട്ടുണ്ട്. സുന്നി അഫ്കാറിലെ വിചാരപഥം, സന്തുഷ്ട കുടുംബം മാസികയിലെ വര്‍ത്തമാനം, അല്‍മുഅല്ലിം മാസികയിലെ അകത്തളം എന്നീ പംക്തികളെല്ലാം തുടക്കം മുതല്‍ കൈകാര്യം ചെയ്ത് വരുന്നത് പിണങ്ങോട് അബൂബക്കര്‍ ഹാജിയാണ്. 1975 മുതല്‍ എഴുത്ത് ആരംഭിച്ച് അദ്ദേഹം സുന്നി ടൈംസ്, സുന്നി വോയ്‌സ്, ഹിക്മത്ത്, ഫിര്‍ദൗസ്, അല്‍മുബാറക്, സത്യധാര, കുരുന്നുകള്‍, ലീഗ് ടൈംസ്, ചന്ദ്രിക, മാധ്യമം, മാതൃഭൂമി തുടങ്ങിയ ആനുകാലികങ്ങളിലും ദിനപത്രങ്ങളിലുമെല്ലാം നിരന്തരം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ് ലിയാര്‍, ഇ.കെ ഹസന്‍ മുസ്‌ലിയാര്‍, സി.എച്ച് ഹൈദ്രൂസ് മുസ് ലിയാര്‍, കൂറ്റനാട് കെ.വി മുഹമ്മദ് മുസ് ലിയാര്‍ തുടങ്ങിയ സമസ്ത നേതാക്കളുടെ സന്തത സഹചാരി കൂടിയായിരുന്നു പിണങ്ങോട് അബൂബക്കര്‍ ഹാജി. മദ്‌റസയിലെ പൊതുപരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ പിണങ്ങോട് അബൂബക്കര്‍ ഹാജിക്ക് പാണക്കാട് സയ്യിദ് പി.എം.എസ്.എ പുക്കോയ തങ്ങളായിരുന്നു കാഷ് അവാര്‍ഡ് നല്‍കിയത്. 2018ലെ പ്രളയത്തെ തുടര്‍ന്ന് വയനാട് ജില്ലാ സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപം നല്‍കിയ ആശ്വാസ് ചാരിറ്റബിള്‍ ട്രസ്റ്റ് പിണങ്ങോട് അബൂബക്കര്‍ ഹാജിയുടെ മനസില്‍ നിന്ന് ഉദയം കൊണ്ടതായിരുന്നു. ട്രസ്റ്റിന് കീഴില്‍ നിരാലംബരായ 25ലധികം കുടുംബങ്ങള്‍ക്കാണ് രണ്ട് വര്‍ഷത്തിനിടയില്‍ വീടുകള്‍ നിര്‍മിച്ച് കൈമാറിയത്. വയനാട് ജില്ലയില്‍ സമസ്തയുടെ രൂപീകരണത്തിലും വളര്‍ച്ചയിലും നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടയാളും പിണങ്ങോട് അബൂബക്കര്‍ ഹാജിയാണ്.
പിണങ്ങോട്ടെ കര്‍ഷക കുടുംബമായ പള്ളിക്കണ്ടിയിലെ ഇബ്രാഹിം-ഖദീജ ദമ്പതികളുടെ മൂന്നാമത്തെ മകനായി 1956 മാര്‍ച്ച് 26നാണ് പിണങ്ങോട് അബൂബക്കര്‍ ഹാജി ജനിച്ചത്. ഓത്തുപ്പള്ളിയിലും സര്‍ക്കാര്‍ സ്‌കൂളിലുമായി പ്രാഥമിക പഠനം. 1972ല്‍ കമ്പളക്കാട് ദര്‍സില്‍ ചേര്‍ന്നു. ഒന്‍പത് വര്‍ഷം ദര്‍സ് പഠനവുമായി കാപ്പുണ്ടിക്കല്‍, ശ്രീകണ്ഠാപുരം, അങ്കടിമുഗര്‍ എന്നിവിടങ്ങളിലായിരുന്നു. ഹൈദ്രോസ്‌കുട്ടി മൊല്ലാക്ക, കെ.വി മുഹമ്മദ് മുസ് ലിയാര്‍, ബീരാന്‍കുട്ടി ഹാജി, ശ്രീകണ്ഠാപുരം അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവരായിരുന്നു ഗുരുനാഥന്‍മാര്‍. കല്‍പ്പറ്റ റെയിഞ്ച് ജോയിന്റ് സെക്രട്ടറിയായാണ് സംഘടനാ പ്രവര്‍ത്തനം തുടങ്ങുന്നത്. 1979ല്‍ പ്രവാസത്തിലെത്തിയ പിണങ്ങോട് ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സിലാണ് സേവനമനുഷ്ടിച്ചിരുന്നത്. പാക്കിസ്ഥാന്‍, ശ്രീലങ്ക, സഊദി അറേബ്യ, ഒമാന്‍, ഖത്തര്‍, യു.എ.ഇ, മലേഷ്യ, സിങ്കപ്പൂര്‍, ലക്ഷദീപുകള്‍, ആന്‍ഡമാന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെല്ലാം സന്ദര്‍ശനം നടത്തി. 1980ല്‍ ബഹറൈന്‍ കേരള സുന്നി ജമാഅത്ത് രൂപീകരിച്ച് സ്ഥാപക സെക്രട്ടറിയായി. 1989ല്‍ ബഹറൈന്‍ സമസ്ത കേരള സുന്നി ജമാഅത്ത് രൂപീകരിക്കുകയും ജനറല്‍ സെക്രട്ടറിയാവുകയും ചെയ്തു. സിറാജ് പത്രത്തിന്റെ തുടക്കത്തില്‍ അതിന്റെ പത്രാധിപ സമിതി അംഗമായിരുന്നു.
എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, സമസ്ത ലീഗല്‍ സെല്‍ ജനറല്‍ കണ്‍വീനര്‍, സമസ്ത കേരള ഇസ്‌ലാംമത വിദ്യഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം, സുന്നി അഫ്കാര്‍ വാരികയുടെ മാനേജിംഗ് എഡിറ്റര്‍, സുപ്രഭാതം ദിനപത്രം ഡയറക്ടര്‍, സുന്നി മഹല്ല് ഫെഡറേഷന്‍ വയനാട് ജില്ലാ പ്രസിഡന്റ്, സമസ്ത വയനാട് ജില്ലാ കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍, സമസ്ത ലീഗല്‍ സെല്‍ വയനാട് ജില്ലാ ചെയര്‍മാന്‍, ദാറുല്‍ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി മാനേജിംഗ് കമ്മിറ്റി അംഗം, വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമി ട്രഷറര്‍, വാകേരി ശിഹാബ് തങ്ങള്‍ അക്കാദമി രക്ഷാധികാരി, കണിയാപുരം ഖാദിരിയ്യ ട്രസ്റ്റ് അംഗം, വയനാട് മുസ്‌ലിം ഓര്‍ഫനേജ്, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം ജനറല്‍ ബോഡി അംഗം, വെങ്ങപ്പള്ളി പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ്, പിണങ്ങോട് പുഴക്കല്‍ മഹല്ല് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
സുല്‍ത്താന്‍ ബത്തേരി ചേലക്കൊല്ലി ചൂരപ്പിലാക്കല്‍ മുഹമ്മദ് കുട്ടി മേസ്തിരിയുടെയും കണിയാത്തൊടിക ആമിനയുടെയും മകള്‍ ഖദീജയാണ് പിണങ്ങോട് അബൂബക്കര്‍ ഹാജിയുടെ ഭാര്യ. നുസൈബ, ഉമൈബ, സുവൈബ എന്നിവര്‍ മക്കളാണ്. പറക്കൂത്ത് സിദ്ധീഖ്, സ.വി ഷാജിര്‍ കല്‍പ്പറ്റ, മുഹമ്മദ് അജ്മല്‍ കല്‍പ്പറ്റ എന്നിവര്‍ മരുമക്കളാണ്.
Adjust Story Font
16