Quantcast

കഞ്ഞിക്കുഴിയിലെ ഉമ്മൻചാണ്ടി കോളനി; ആദിവാസികളുടെ ഒരു നന്ദിപ്രകടനത്തിന്റെ കഥ

'ഞങ്ങൾ പാവങ്ങൾക്ക് ഇനിയാരുണ്ട്. ഞങ്ങളുടെ തണലാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കുടുംബത്തിലെ ഒരു കാരണവരായിരുന്നു അദ്ദേഹം.'

MediaOne Logo

Shaheer

  • Published:

    18 July 2023 9:02 AM GMT

Story of thanksgiving of tribal families in Kanjikuzhy, Story of Oommen Chandy colony in Idukki, Oommen Chandy colony in Kanjikuzhy, tribal families in Oommen Chandy, Kanjikuzhy, Idukki
X

1. ഉമ്മന്‍ചാണ്ടി കോളനിയിലേക്കുള്ള കവാടം, 2. ഒരു പഴയ ഉമ്മന്‍ചാണ്ടി ചിത്രം

ഇടുക്കി: രാഷ്ട്രീയനേതാക്കളും സാമൂഹിക, സാംസ്‌കാരികരംഗത്തുള്ള പ്രമുഖരും മരിച്ച ശേഷം കോളനികൾക്കും സ്മാരകങ്ങൾക്കുമെല്ലാം അവരുടെ പേരിടുന്നത് കേരളത്തിൽ പുതിയൊരു സംഭവമല്ല. എന്നാൽ, ജീവിതകാലത്തുതന്നെ, വെറും 31-ാം വയസിൽ, സ്വന്തം പേരിലൊരു കോളനി കാണാനുള്ള 'ഭാഗ്യം' അന്തരിച്ച കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിക്കുണ്ടായിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിയിൽനിന്ന് 3.5 കി.മീറ്റർ അകലെയാണ് ആ കോളനി സ്ഥിതിചെയ്യുന്നത്. എന്തെങ്കിലും രാഷ്ട്രീയഭക്തി മൂത്തോ, രാഷ്ട്രീയനേതാവിനോടുള്ള സ്‌നേഹംകൊണ്ടോ വന്നതല്ല ആ പേര്. വാക്കുപാലിച്ച ഒരു ഭരണാധികാരിക്കുള്ള നന്ദിപ്രകടനമായിരുന്നു അത്.

മണ്ണാൻ വിഭാഗക്കാരായ ആദിവാസി സമൂഹമാണ് കോളനിയിലെ താമസക്കാർ. 85 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 1974ലാണ് കോളനിക്ക് ഉമ്മൻചാണ്ടി ഗ്രാമം എന്നു പേരിടുന്നത്. 1970കളിലാണ് ഇവിടത്തെ ആദിവാസി സമൂഹം ഭൂമിക്കു വേണ്ടി സമരവുമായി രംഗത്തെത്തുന്നത്. എന്നാൽ, ആദിവാസി ഭൂമിയിൽ പട്ടയം അനുവദിക്കാൻ പാടില്ലെന്ന നിയമം ഇവരുടെ സ്വപ്‌നങ്ങൾക്കു കുരുക്കായി നിന്നു.

കരിമ്പൻ ജോസ് എന്നൊരു പ്രാദേശിക കോൺഗ്രസ് നേതാവ് അന്ന് ആദിവാസികളുടെ സമരത്തിനു മുന്നിലുണ്ടായിരുന്നു. അന്നു സംസ്ഥാനത്തെ യൂത്ത് കോൺഗ്രസിൻരെ ജനകീയ മുഖമായിരുന്ന ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിയുടെ ഉറ്റ കൂട്ടാളി കൂടിയായിരുന്ന ജോസ് പ്രശ്‌നവുമായി അദ്ദേഹത്തിനു മുന്നിലെത്തി. ആദിവാസി കുടുംബങ്ങളുടെ ദയനീയസ്ഥിതി വിവരിച്ചു. ഉമ്മൻചാണ്ടിയെ കോളനിയിലേക്ക് കൊണ്ടുവന്നു ദുരിതാവസ്ഥ നേരിട്ടു കാണിച്ചു.

അധികം താമസിച്ചില്ല. ഉമ്മൻചാണ്ടിയുടെ ഇടപെടലിൽ ആദിവാസികൾക്ക് ഭൂമിയും വീടും കോളനിയിലേക്ക് റോഡും അനുവദിച്ച് സർക്കാർ ഉത്തരവായി. ഏറെ വൈകാതെ ഉത്തരവ് പ്രാബല്യത്തിൽ വരികയും ചെയ്തു. അന്ന് 29 മണ്ണാൻ കുടുംബങ്ങളായിരുന്നു ആ ഇടപെടലിന്റെ ഗുണഭോക്താക്കൾ. ഇപ്പോഴത് 85 കുടുംബങ്ങളായി വളർന്നിരിക്കുകയാണ്.

വാഗ്ദാനങ്ങളെല്ലാം യാഥാർത്ഥ്യമായതോടെ ആദിവാസി സമൂഹത്തിനു പ്രിയങ്കരനായി മാറി ഉമ്മൻചാണ്ടി. അങ്ങനെയാണ് കോളനിക്കു തന്നെ അദ്ദേഹത്തിന്റെ പേരുനൽകുന്നത്. അതു തങ്ങളുടെ ഒരു നന്ദിപ്രകടനമായിരുന്നുവെന്ന് ആദിവാസി നേതാവ് സുകുമാരൻ കുന്നുംപുറത്ത് പറഞ്ഞത്. കോളനി ഉൾപ്പെടുന്ന മഴുവാടി വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു സുകുമാരൻ. 1970കളിൽ കോളനിയിലെ ആദിവാസികളുമായുള്ള ബന്ധം ഇതുവരെയും ശക്തമായി തുടർന്നിരുന്നുവെന്ന് സുകുമാരൻ പറയുന്നത്.

തങ്ങൾക്ക് വീടും റോഡുമെല്ലാം സാറാണ് ഉണ്ടാക്കിത്തന്നത്, ഇനി ഞങ്ങൾക്ക് ആരാണുള്ളതെന്നാണ് ഉമ്മൻചാണ്ടിയുടെ മരണവിവരം അറിഞ്ഞ് കോളനിക്കാർ പറയുന്നത്. ഞങ്ങളുടെ കുടുംബത്തിലെ ഒരു കാരണവരായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായ ശേഷം എന്തു വേണമെങ്കിലും വരണമെന്നു പറഞ്ഞിരുന്നു. ഈ വിയോഗം താങ്ങാനാകാത്തതാണെന്നും കോളനിവാസികൾ പറയുന്നു.

Summary: Oommen Chandy colony, a story of thanksgiving of tribal families in Kanjikuzhy, Idukki

TAGS :

Next Story