സയ്യിദ് ജലാലുദ്ദീൻ ഉമരി അന്തരിച്ചു
ജമാഅത്തെ ഇസ്‌ലാമി മുൻ അഖിലേന്ത്യാ അമീറും ആൾ ഇന്ത്യാ മുസ്‍ലിം പേഴ്‌സണൽ ലോ ബോർഡ് സ്ഥാപകാംഗവുമാണ് ജലാലുദ്ദീൻ ഉമരി
ന്യൂഡൽഹി: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി മുൻ അഖിലേന്ത്യാ അമീറുമായ സയ്യിദ് ജലാലുദ്ദീൻ ഉമരി അന്തരിച്ചു. 85 വയസായിരുന്നു. ഡൽഹിയിൽ സ്വകാര്യ ആശുപത്രിയിൽ വൈകീട്ട് 8.30നാണ് അന്ത്യം.
നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ജലാലുദ്ദീൻ ഉമരി 2007 മുതല്‍ 2019 വരെ നീണ്ട കാലം ജമാഅത്ത് അഖിലേന്ത്യാ അമീറായിരുന്നു. ആൾ ഇന്ത്യാ മുസ്‍ലിം പേഴ്‌സണൽ ലോ ബോർഡ് സ്ഥാപകാംഗവുമാണ്. ബോര്‍ഡിന്‍റെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
1935ൽ തമിഴ്‌നാട്ടിലാണ് ജനനം. തമിഴ്‌നാട്ടിലെ പ്രസിദ്ധ ഇസ്‍ലാമിക കലാലയമായ ഉമറാബാദ് ജാമിഅ ദാറുസ്സലാമിൽനിന്ന് മതപഠനം പൂർത്തിയാക്കി. മദ്രാസ് സർവകലാശാലയിൽനിന്ന് ബിരുദവും അലിഗഢ് മുസ്‌ലിം സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
1956ൽ ജമാഅത്തെ ഇസ്‍ലാമി അംഗമായി. അലിഗഢിൽ പ്രാദേശിക അമീറായി പത്ത് വർഷം പ്രവർത്തിച്ചു. അലിഗഢിലെ 'ഇദാറെ തഹ്ഖീഖ് ഓ തൻസീഫെ ഇസ്‍ലാമി'യുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. അസംഗഢിലെ ജാമിഅത്തുൽ ഫലാഹ് ചാൻസലറും അലിഗഢിലെ സിറാജുൽ ഉലും നിസ്‌വാൻ കോളജിന്റെ മാനേജിങ് ഡയറക്ടറുമാണ്. ജമാഅത്തെ ഇസ്‍ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, അന്ധ്രാപ്രദേശിലെ വാറങ്കൽ ജാമിഅത്തുസ്സുഫ്ഫയുടെ ചാൻസലർ, കേരളത്തിലെ ഇസ്‍ലാമിക് സർവീസ് ട്രസ്റ്റ് ചെയർമാൻ എന്നീ പദവികൾ വഹിച്ചുവരികയായിരുന്നു.
Summary: Former president of Jamaat-e-Islami Hind and renowned Islamic scholar Syed Jalaluddin Umri passes away
Adjust Story Font
16