സംഗീതനിശയ്ക്കിടെ വേദിയില്‍ കുഴഞ്ഞുവീണു; അമേരിക്കൻ റാപ്പർ ഫാറ്റ്മാൻ സ്‌കൂപ്പ് അന്തരിച്ചു
മിസ്സി എല്ലിയട്ട്, സിയാരാ എന്നിവരുമൊന്നിച്ച് 2005ൽ ചെയ്ത 'ലോസ് കൺട്രോൾ', മരിയാ കാരെയുടെ 'ഇറ്റ്‌സ് ലൈക്ക് ദാറ്റ്' എന്നിവ സ്‌കൂപ്പിന്റെ ഹിറ്റുകളിൽ ഉൾപ്പെടുന്നു
ഫാറ്റ്മാന്‍ സ്കൂപ്പ്
വാഷിങ്ടൺ: പ്രമുഖ അമേരിക്കൻ റാപ്പർ ഫാറ്റ്മാൻ സ്‌കൂപ്പ് എന്ന ഐസക്ക് ഫ്രീമാൻ അന്തരിച്ചു. 53 വയസായിരുന്നു. വെള്ളിയാഴ്ച കണക്ടികട്ടിൽ നടന്ന സംഗീതനിശയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആഗസ്റ്റ് 30നു രാത്രി കണക്ടികട്ടിലെ ഹാംഡെൻ ടൗൺ സെന്റർ പാർക്കിൽ നടന്ന 'ഗ്രീൻ ആൻഡ് ഗോൾഡ്' പാർട്ടിയിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
'ബീ ഫെയ്ത്ത്ഫുൾ' എന്ന ഹിറ്റ് റാപ്പിലൂടെയാണ് സ്‌കൂപ്പ് ശ്രദ്ധ നേടുന്നത്. മിസി എലിയട്ട് ഉൾപ്പെടെയുള്ള കലാകാരന്മാരുമായി ചേർന്നുള്ള ആൽബങ്ങളും സംഗീതാസ്വാദകർ ഏറ്റെടുത്തു. 1978ൽ പുറത്തിറങ്ങിയ ചിക് ചീർ എന്ന ഗാനത്തിൽനിന്നു പ്രചോദനമുൾക്കൊണ്ട് ഫെയ്ത്ത് ഇവാൻസിന്റെ ശബ്ദത്തിൽ പുറത്തിറങ്ങിയ 'ലവ് ലൈക്ക് ദിസ്' സ്‌കൂപ്പിന്റെ പ്രധാന രചനകളിലൊന്നാണ്. ഇവാൻസിനെ കൂടാതെ ജാനറ്റ് ജാക്സൺ, വിറ്റ്നി ഹൗസ്ടൺ തുടങ്ങിയ പ്രമുഖരുടെ കൂടെയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
അമേരിക്കൻ ഹിപ്‌ഹോപ്പ് ബാൻഡ് ക്രൂക്ലിൻ ക്ലാനിന്റെ ഭാഗമായി സ്‌കൂപ്പ് അവതരിപ്പിച്ച 'ബി ഫെയ്ത്ഫുൾ' യു.കെയിലും അയർലൻഡിലും പ്രസിദ്ധി നേടിക്കൊടുത്തു. ആസ്‌ട്രേലിയയിലും ഡെന്മാർക്കിലും പ്രധാനപ്പെട്ട 10 ഗാനങ്ങളിലും ഇത് ഇടംപിടിച്ചു. മിസ്സി എല്ലിയട്ട്, സിയാരാ എന്നിവരുമൊന്നിച്ച് 2005ൽ ചെയ്ത 'ലോസ് കൺട്രോൾ', മരിയാ കാരെയുടെ 'ഇറ്റ്‌സ് ലൈക്ക് ദാറ്റ്' എന്നീ ഗാനങ്ങൾ സ്‌കൂപ്പിന്റെ ഹിറ്റുകളിൽ ഉൾപ്പെടുന്നു.
രണ്ടു പതിറ്റാണ്ടായി സംഗീതപ്രേമികൾക്ക് ഹരമേകാൻ സ്‌കൂപ്പിന്റെ ശബ്ദത്തിനും ഊർജത്തിനും കഴിഞ്ഞെന്ന് മിസ്സി എലിയട്ട് എക്‌സിൽ കുറിച്ചു. സംഗീതലോകത്ത് താങ്കൾ സൃഷ്ടിച്ച ചലനം വലുതാണെന്നും അവ ഒരിക്കലും മറക്കാൻ പോകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Summary: US rapper Fatman Scoop dies after collapsing on stage mid-performance
Adjust Story Font
16