Quantcast

ഗയയിലെ ധീരജ് സിങ്, അഥവാ റിക്ഷാവണ്ടിയിലെ ശ്രീബുദ്ധൻ

അറിവുതേടി, ശ്രദ്ധയോടെ മോക്ഷത്തിനായി പ്രയത്‌നിക്കുക എന്നതാണ് ശ്രീബുദ്ധന്റെ അവസാനത്തെ സാരോപദേശം. ഇത് സാക്ഷാത്ക്കരിക്കാൻ ഗയയിൽ വരുന്നവർക്ക് ഏറ്റവുമിണങ്ങിയ 'ബോധിവൃക്ഷ'മാണ് ധീരജ് ഭായിയുടെ റിക്ഷ

MediaOne Logo
ഗയയിലെ ധീരജ് സിങ്, അഥവാ റിക്ഷാവണ്ടിയിലെ ശ്രീബുദ്ധൻ
X

ബിഹാറി ഭാഷയിൽ ധീരജ് എന്ന വാക്കിനർത്ഥം ക്ഷമ എന്നാണ്. എന്നാൽ ക്ഷമയുടെ മാത്രമല്ല അറിവ്, വിനയം, ലോകവീക്ഷണം, രാഷ്ട്രീയബോധം, സാമൂഹ്യചിന്ത... അങ്ങനെ പലതിന്റെയും പര്യായമായിരുന്നു ധീരജ്‌സിങ് എന്ന ആ റിക്ഷാഡ്രൈവർ. യാത്രയോടുളള ഇഷ്ടം ഉന്മാദമായി മാറിയപ്പോൾ പുറപ്പെട്ടുപോയ ഒരു വരാണസി-ഗയ യാത്രയുടെ അഞ്ചാംദിവസമാണ് ധീരജ് എന്ന പച്ചമനുഷ്യനെ കണ്ടുമുട്ടുന്നത്.

യാത്ര എപ്പോഴും ആഘോഷമാകണമെന്നാണ് ആഗ്രഹമെങ്കിലും അത്രയ്ക്ക് പ്രതീക്ഷയില്ലാതെയാണ് ക്ഷേത്രനഗരിയിലേക്ക് അമ്മയെയും സഹോദരിയെയും കൂട്ടി യാത്രതിരിച്ചത്. സഹയാത്രക്കാരിലധികവും മുതിർന്ന പൗരന്മാർ. അവരുടെ ആത്മീയാന്വേഷണങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും ഇണങ്ങുംവിധമായിരുന്നു യാത്രാപദ്ധതി. ഓരോ ദിവസവും സന്ദർശനം നിശ്ചിതസ്ഥലങ്ങളിൽ മാത്രം. പിന്നെ മതിയായ വിശ്രമം. രണ്ട് യാത്രയ്ക്കിടയിൽ ആവശ്യത്തിലേറെ ഇടവേളകളും. യാത്രാക്ഷീണം ലവലേശം ബാധിക്കാത്തതിനാൽ ഈ ഇടവേളകൾ എങ്ങനെ ഉപയോഗിക്കാമെന്നായി ആലോചന. യാത്രക്കാരിലധികവും അപരിചിതർ. പക്ഷേ ഒരേ മനസുള്ളവർ ഒരുമിച്ചല്ലേ പറ്റൂ. ആ സൗഹൃദനിര താനേ ഒഴുകിക്കൂടി. സ്വാഭാവികമായി രൂപപ്പെട്ട ആ സുഹൃദ്‌സംഘം വരാണസിയുടെ വരണ്ടമണ്ണിനെ കുളിരുപുതപ്പിച്ചു.

പറഞ്ഞുതുടങ്ങിയത് ധീരജ് ഭായിയെക്കുറിച്ചാണ്. കാഴ്ചയിൽ മെലിഞ്ഞൊരു മനുഷ്യൻ... മിതമായ വർത്തമാനം, അതിവിനയം, അൽപം കൂനിയ നിൽപ്പ്. ഗയയിലെത്തിയ രാത്രി അൽപ്പം വൈകിയതിനാൽ ഗൗതമബുദ്ധൻ ബോധോദയം കൈവരിച്ച ബോധിവൃക്ഷവും പരിസരവും ആസ്വദിച്ച് കാണാനാകാത്ത നിരാശയിലായിരുന്നു ഞങ്ങൾ. വരാണസിയിലെ പുലർകാല കാഴ്ചകൾ ആസ്വദിച്ച യാത്രാനുഭവം, ഗയയിലെ ഉദയവും ആകാശവും ഭൂമിയും നാട്ടുവഴികളും അടുത്തറിയാൻ പ്രചോദിപ്പിച്ചുകൊണ്ടേയിരുന്നു. അതിരാവിലെ താമസസ്ഥലത്തുനിന്ന് ബിഹാറിന്റെ ഇടവഴികളിലേക്കിറങ്ങാൻ രാത്രി തന്നെ റിക്ഷ ഏർപ്പാടാക്കി.

'റിക്ഷാഭായി'യുടെ ഇംഗ്ലീഷ്

പുലർച്ചെ ഹോട്ടൽ റിസപ്ഷനിൽ ഒത്തുകൂടി റിക്ഷ കാത്തിരിക്കവെയാണ് വരാമെന്ന് പറഞ്ഞിരുന്ന വണ്ടിക്കാരിൽ ഒരാൾ പിന്മാറിയ വിവരം വന്നത്. ഒട്ടുംവൈകാതെ കൂട്ടുകാരിലൊരാൾ ഹോട്ടലിലേക്ക് വന്നുകൊണ്ടിരുന്ന റിക്ഷാഡ്രൈവറെ വിളിച്ച് മറ്റൊരു റിക്ഷ ആവശ്യപ്പെട്ടു. പതിനഞ്ച് മിനിറ്റിന്റെ കാത്തിരുപ്പിനുശേഷം ഞങ്ങളുടെ സംഘാംഗം മനോജ് റിക്ഷാഡ്രൈവറെ വിളിച്ച് എത്താറായോ എന്ന് ഹിന്ദിയിൽ ചോദിച്ചു. അതിന് മറുപടി വന്നത് നല്ല തെളിഞ്ഞ ഇംഗ്ലീഷിൽ: 'I will be there within 5 minutes'.

ആ മറുപടി കേട്ടതിന്റെ അമ്പരപ്പ് വിട്ടുമാറാതെ മനോജ് വിശദീകരിച്ചു: 'നമ്മുടെ റിക്ഷാഭായി ഇംഗ്ലീഷ് പറയുന്നു'. ബിഹാറുകാരനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്‌തോ എന്ന ജാള്യത അന്നേരം ഞങ്ങളെ മൂടി.

ബിഹാറിന്റെ പുലർകാല മനോഹര കാഴ്ചകളിലേക്കാണ് റിക്ഷ ഓടിത്തുടങ്ങിയത്. കേരളത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന കാർഷികക്കാഴ്ചകൾ, ആമ്പൽപാടങ്ങൾ, നാട്ടു വരമ്പുകൾ, ചാണക വരളികൾ, പുല്ലുമേഞ്ഞ കുടിലുകൾ, സാവധാനം സഞ്ചരിക്കുന്ന മനുഷ്യർ.... എല്ലാത്തിലും ബുദ്ധസാന്നിധ്യം. എല്ലാ കാഴ്ചകളിലും ശാന്തത. വിശാലമായ ആമ്പൽക്കുളത്തിൽ പുലർച്ചെ മുങ്ങിനിവരുകയും വീണ്ടും മുങ്ങുകയും ചെയ്യുന്ന നാട്ടുകാരെ കണ്ട് അവരെന്താ ചെയ്യുന്നതെന്ന ചോദ്യമെറിഞ്ഞു. 'ആമ്പലിന്റെ കിഴങ്ങ് ശേഖരിക്കുകയാണ്'-നിശബ്ദനായി റിക്ഷയോടിച്ചിരുന്ന ധീരജ് ഭായിയുടെ മറുപടി. 'ബുദ്ധദേവന്റെ അമ്പലത്തിലേക്ക് ആമ്പലിന്റെ പൂവ് നൽകും, ഭക്ഷ്യയോഗ്യമായ കിഴങ്ങ് ഗ്രാമത്തിലെ ചന്തയിലെത്തിച്ച് വിൽക്കും, ഇവിടുത്തെ നാട്ടുകാരുടെ ജീവിതരീതിയാണിത്'- ഒരൊറ്റ ചോദ്യത്തിന് ഏറ്റവും ചുരുക്കി വിശദമായ മറുപടി.

അങ്ങേയറ്റം ശാന്തമായിരുന്നു ആ തുടക്കം. പക്ഷെ അൽപസമയത്തിനകം അന്തരീക്ഷമാകെ മാറി. കുളിരണിഞ്ഞ പുലരി സൂര്യകിരണങ്ങളേറ്റ് തെളിഞ്ഞപോലെ തെല്ലുനേരം കൊണ്ട് ധീരജെന്ന സാധുമനുഷ്യൻ ഞങ്ങൾക്കുചുറ്റും അറിവിന്റെ പ്രകാശം പരത്തി. മഹാനെ നദിക്കിപ്പുറത്തെ റോഡിൽ റിക്ഷയൊതുക്കി ദുംഗേശ്വരി മലനിരകളിലേക്ക് കൈചൂണ്ടി ധീരജ് ഭായ് പറഞ്ഞുതുടങ്ങി: 'അങ്ങ് ദൂരെ സ്തൂപം തെളിഞ്ഞുകാണുന്നിടത്താണ് സിദ്ധാർത്ഥ ബുദ്ധൻ തപസിരുന്ന ഗുഹ'. പിന്നെ വിശദമായ വിവരണം. ഗുഹാമുഖത്തെ ക്ഷേത്രത്തെക്കുറിച്ച്, ഗയയെകുറിച്ച്, ബിഹാറിനെക്കുറിച്ച് പിന്നെ ഇന്ത്യയെക്കുറിച്ച്, ഭൂമിയെക്കുറിച്ച്.. എല്ലാ വിവരണങ്ങളെയും അതിശയിപ്പിക്കുന്ന ലോകവീക്ഷണങ്ങൾ വേറിട്ടുനിർത്തി. പുതിയ പുതിയ ബോധോദയങ്ങളാൽ ഞങ്ങൾ വിസ്മയഭരിതരായി.


ബിഹാറിലെ പോളിടെക്‌നിക്കും കേരളത്തിലെ ടോയ്‌ലെറ്റുകളും

ഹിന്ദുമത വിശ്വാസികൾ ഏറെ ആരാധിക്കുന്ന, ശ്രാദ്ധകർമങ്ങൾക്ക് പ്രസിദ്ധമായ ഗയാശ്രാദ്ധം നടത്തുന്ന ഫൽഗുനി നദിക്കരയിലെ വിഷ്ണുപാദ ക്ഷേത്രത്തിലേക്കായിരുന്നു ആദ്യയാത്ര. വെറും പത്ത് കിലോമീറ്റർ ദൂരമേയുള്ളൂ അവിടേക്ക്. പക്ഷേ ഗയയിൽ എല്ലാ വസ്തുക്കളിലും മനുഷ്യരിലും സകലജീവജാലങ്ങളിലും കാണുന്ന മിതത്വവും സാവകാശവും ഞങ്ങളുടെ വാഹനമായ ഇ-റിക്ഷയ്ക്കുമുണ്ടായിരുന്നു. 20 കിലോമീറ്ററിനുതാഴെയാണ് പരമാവധി വേഗത. വഴിയരികിലെ പോളിടെക്‌നിക് കെട്ടിടം ചൂണ്ടിക്കാട്ടി ധീരജ് ഭായ് ചോദിച്ചു: ''അതൊരു വിദ്യാഭ്യാസസ്ഥാപനമാണെന്ന് തോന്നുമോ? നിങ്ങളുടെ നാട്ടിലെ ടോയ്‌ലെറ്റ് കോംപ്ലക്‌സുകൾ ഇതിലും വലുതല്ലേ?''

ബിഹാർ രാഷ്ട്രീയത്തെക്കുറിച്ച വേറിട്ട കാഴ്ചകളിലേക്കുള്ള ധീരജ് ഭായിയുടെ കവാടമായിരുന്നു ആ ചോദ്യം. സിവിൽ സർവീസിലെ ബിഹാരി സാന്നിധ്യം മറുചോദ്യമാക്കിയപ്പോൾ ആ ധാരണയെ തിരുത്തുന്ന കണക്കുകളുടെ അകമ്പടിയോടെ വിശദമായ വിവരണം. ദാരിദ്ര്യം നിലനിർത്താൻ ബിഹാറിലെ രാഷ്ട്രീയ നേതൃത്വം സ്വീകരിക്കുന്ന നിഗൂഢവഴികൾ ഉദാഹരണസഹിതം വിശദീകരിക്കുന്നതുകേട്ട് അന്തംവിട്ടിരുന്നു ഞങ്ങൾ. വെറുമൊരു റിക്ഷാക്കാരൻ എന്ന കാഴ്ചപ്പാട് നിമിഷനേരംകൊണ്ട് വഴിമാറിയപ്പോൾ പരസ്പരം നോക്കിയിരുന്ന ഞങ്ങളുടെ മനോവിചാരം തൊട്ടറിഞ്ഞ് ധീരജ് ഭായിയുടെ പുതിയ ചോദ്യം വന്നു: ''നിങ്ങളുടെ കാഴ്ചപ്പാടിൽ വിദ്യാഭ്യാസം എന്നാൽ എന്താ?'' പിന്നാലെ ഉത്തരവും: ''നിങ്ങൾ വായിക്കുന്നതല്ല, നിങ്ങൾ പഠിക്കുന്നതാണ് വിദ്യാഭ്യാസം.''

നാട്ടുവഴികളും ഗ്രാമചന്തയും പിന്നിട്ട് ധീരജെന്ന സാരഥി ഞങ്ങളെ സേനാനി ഗ്രാമത്തിലെ സുജാതാ സ്തൂപത്തിലെത്തിച്ചു. ഏഴ് വർഷക്കാലത്തെ നിരന്തരധ്യാനം അവസാനിപ്പിച്ച ഗൗതമബുദ്ധന് വ്രതനിഷ്ഠയോടെ പാലും ചോറും നൽകി ഊട്ടിയ, ഗ്രാമത്തിലെ സുജാതയെന്ന സ്ത്രീയുടെ ഓർമയ്ക്കായി അശോകചക്രവർത്തി ഗുപ്തകാലഘട്ടത്തിൽ പണിതതാണ് സ്തൂപം. ഇഷ്ടിക ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന ഈ സ്മാരകത്തിന് സുജാതഗഢ് എന്നും പേരുണ്ട്. ഗ്രാമത്തിലെ ഒരു ലോക്കൽ ഗൈഡ് മറ്റൊരു യാത്രാസംഘത്തിന് സുജാതഗഢിന്റെ പ്രത്യേകതകൾ വിവരിച്ചുനൽകുന്നുണ്ട്. കൂടെയൊരു എൻസൈക്ലോപീഡിയയുള്ളപ്പോൾ എന്ത് ഗൈഡ് എന്ന ചിന്തയായിരുന്നു ഞങ്ങൾക്ക്. കണ്ടപാടെ പടംപിടിക്കാൻ സ്തൂപത്തിലേക്ക് ഓടിക്കയറി കൂട്ടത്തിലെ യുവമിഥുനങ്ങൾ. ഉടനെ വന്നു ആജ്ഞ: ''ചവിട്ടരുത്... ചെരിപ്പിട്ട് കയറരുത്, ഇതൊരു പുണ്യസ്ഥലമാണ്. അതിലുപരി ചരിത്രസ്മാരകമാണ്, വരുംതലമുറയ്ക്കായി സംരക്ഷിച്ചുവയ്‌ക്കേണ്ടതാണ്.''

ഈ കാഴ്ച ലോക്കൽ ഗൈഡിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. അയാളലറി: ''റിക്ഷാവാലാ ബാഹർ ജാവോ, യെ തുമാരാ കാം നഹി ഹെ.'' കേരളത്തിൽനിന്ന് 2,700ലധികം കിലോമീറ്ററുകൾക്കപ്പുറംവച്ച് അന്നുരാവിലെ മാത്രം കണ്ട ആ റിക്ഷാഡ്രൈവർക്കുവേണ്ടി ഒരേസ്വരത്തോടെ ധീരഘോരം വാദിച്ചു ഞങ്ങളോരോരുത്തരും. ചുരുങ്ങിയ സമയത്തിനുള്ളിൽ അത്രമേൽ വളർന്നിരുന്നു ആ അവിചാരിത ആത്മബന്ധം. ഞങ്ങളുടെ വഴക്കും ബഹളവുമൊന്നും തീരെ ബാധിക്കാതെ, ഞാൻ പുറത്തുപോവാൻ തയാറാണെന്ന മട്ടിൽ സ്ഥായിയായ പുഞ്ചിരിയോടെ ധീരജ് ഭായ് മാറിനിന്നു.

ലാലുവിനു വേണ്ടി സമയം കളയണോ!

ഓരോ സ്ഥലത്തുനിന്ന് മടങ്ങുമ്പോഴും പറഞ്ഞുതീരാത്തത്രയും വിവരങ്ങൾ ധീരജ് ഭായി കൈമാറി. ഒന്നും വെറുതെ പറയുന്നതല്ല, എല്ലാത്തിനും വ്യക്തമായ കാഴ്ചപ്പാട്. കുട്ടികളോട് വിശദീകരിക്കുന്നതുപോലെ ഏറ്റവും ലളിതമായി. വിഷയം രാഷ്ട്രീയത്തിലേക്ക് കടന്നപ്പോൾ കാലിത്തീറ്റ കുംഭകോണവും ലാലുപ്രസാദ് യാദവിന്റെ ജയിൽവാസവുമെല്ലാം എന്റെ മനസിലൂടെ കടന്നുപോയി. വെറുതെ ചോദിച്ചു: ''ഭായ് എപ്പോഴെങ്കിലും ലാലുപ്രസാദിനെ കണ്ടിട്ടുണ്ടോ?'' ''ഞാനെന്തിന് എന്റെ സമയം കളയണം!? എന്റെ ജീവിതത്തിലെ ഒരു ദിവസം നഷ്ടപ്പെടുത്താൻ ഞാനാഗ്രഹിക്കുന്നില്ല!''- എല്ലാം പറയാതെ പറയുന്ന മറുപടി.

പുരോഹിതനാകാൻ ആഗ്രഹിച്ച തന്റെ പിതാവിൽനിന്ന് കുട്ടിക്കാലം മുതൽ സ്വരൂപിച്ച അറിവുകളാണ് ധീരജെന്ന മനുഷ്യന്റെ അറിവിന്റെ ആണിക്കല്ലെന്ന് ആ ദിവസത്തെ സംഭാഷണത്തിൽനിന്ന് ബോധ്യപ്പെട്ടു. ആവർത്തിച്ച് ചോദിച്ചിട്ടും എത്ര പഠിച്ചെന്നോ, എന്ത് പഠിച്ചെന്നോ വ്യക്തമാക്കാതെ അത്ഭുതപ്പെടുത്തുന്ന ഓർമശക്തിയോടെ അതല്ലാത്ത ഏത് സംശയത്തിനും ഉടനടി ഉത്തരം നൽകിക്കൊണ്ടിരുന്നു ആ മനുഷ്യൻ. ഒഴിവാക്കിയ ആ ഉത്തരത്തിലേക്കുള്ള വഴികൾ പക്ഷെ ഒരിക്കൽ അദ്ദേഹം തുറന്നുവച്ചു: ''ചെറുപ്പത്തിൽ അധ്യാപകനാകാൻ അവസരം ലഭിച്ചപ്പോൾ അധികാരികൾ പണം ആവശ്യപ്പെട്ടു. വേണമെങ്കിൽ പണം നൽകി നിയമനം നേടാമായിരുന്നു. പക്ഷേ, അതിലുമഭിമാനം ഓട്ടോറിക്ഷാ ഡ്രൈവറാകുന്നതല്ലേ!?''

റിക്ഷ ഓടിക്കുമ്പോഴും വായനയാണ് പ്രധാന ജോലി. ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം പൗലോ കൊയ്‌ലോയുടെ ആൽക്കെമിസ്റ്റ്. ആന്തമാൻ നിക്കോബാർ ഒഴികെ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും സന്ദർശിച്ചിട്ടുള്ള ധീരജ് ഭായ് പതിമൂന്നാം വയസ്സിൽ തന്നെ കേരളത്തിൽ വന്നിട്ടുണ്ട്. അതും ആ പ്രായത്തിൽ ഒറ്റയ്ക്ക്, കേരളം കാണാനായി മാത്രം! രണ്ട് മുറികളുള്ള സ്വന്തം വീട്ടിൽ പുസ്തകങ്ങൾ സൂക്ഷിക്കാൻ ഒരിടവും അയാൾ കരുതിയിട്ടുണ്ട്.


ഗയയിലെ ആ പ്രഭാതം അങ്ങനെ കുളിരുപുതച്ച ഉത്സവക്കാലമായി മാറി. സൗഹൃദത്തിന്റെ ഉത്സവം. അതിമനോഹരമായ ഫൽഗുനി നദിപോലെ ശാന്തമായൊഴുകുന്ന ഒരു ഹൃദയബന്ധത്തിന്റെ തുടക്കം. വെറും നാലര മണിക്കൂർ മാത്രം ദൈർഘ്യമുള്ള പരിചയത്തിൽനിന്ന് സ്വാംശീകരിച്ച ആത്മബന്ധം. ഗയയിലെ കുതിരവണ്ടികൾ, ചുവപ്പുവസ്ത്രധാരികളായ അസംഖ്യം ബുദ്ധസന്ന്യാസിമാർ, മഹാബോധിക്ഷേത്രത്തിനകത്തെ ബോധിവൃക്ഷത്തിന്റെ ശിഖരങ്ങളിൽ തട്ടിവരുന്ന കാറ്റിന്റെ സ്വച്ഛത, ധ്യാനനിമഗ്‌നരായ വിശ്വാസികൾ എന്നിങ്ങനെ ഒരുപാടനുഭവങ്ങൾ ഈ സ്വപ്നഭൂമി സമ്മാനിച്ചു. എങ്കിലും ധീരജ് എന്ന ഈ മനുഷ്യൻ വിസ്മയിപ്പിച്ചുകൊണ്ട് മറ്റെന്തിനെക്കാളും മുന്നിൽനിൽക്കുന്നു.

അറിവുതേടി, ശ്രദ്ധയോടെ മോക്ഷത്തിനായി പ്രയത്‌നിക്കുക എന്നതാണ് ശ്രീബുദ്ധന്റെ അവസാനത്തെ സാരോപദേശം. ഇത് സാക്ഷാത്ക്കരിക്കാൻ ഗയയിൽ വരുന്നവർക്ക് ഏറ്റവുമിണങ്ങിയ 'ബോധിവൃക്ഷ'മാണ് ധീരജ് ഭായിയുടെ റിക്ഷ.

സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിൽ സീനിയർ സിവിൽ പൊലീസ് ഓഫിസറാണ് ലേഖിക

TAGS :

Next Story