നിങ്ങൾക്ക് നല്ലൊരു മരണം ആശംസിക്കുന്നു
എങ്ങനെ മാന്യമായി മരിക്കാം എന്ന് ചോദിച്ചാൽ ആർക്കും ഉത്തരമുണ്ടാവില്ല
- Published:
1 Jun 2022 7:17 AM GMT
നിങ്ങൾക്ക് എങ്ങനെ മാന്യമായി ജീവിക്കാമെന്നും എങ്ങനെ സമ്പന്നൻ ആകാം എന്നും എങ്ങനെയാണ് ബിൽഗേറ്റ്സ് ഉൾപ്പെടെയുള്ള ആൾക്കാർ കോടീശ്വരൻമാരായത് എന്നുമൊക്കെയുള്ള കുറുക്കുവഴികൾ നിങ്ങൾക്ക് ഇഷ്ട്ടം പോലെ ലഭ്യമാണ്. അതൊക്കെ ജീവിതത്തിൽ ഒരുപാട് പ്രയോജനം ചെയ്യും, ഇതൊക്കെ വിറ്റ് കാശുണ്ടാക്കുന്നവർക്കു മാത്രം.
പക്ഷേ എങ്ങനെ മാന്യമായി മരിക്കാം എന്ന് ചോദിച്ചാൽ ആർക്കും ഉത്തരമുണ്ടാവില്ല.
അടുത്തിടെ എന്‍റെ നാട്ടിൽ ഒരു ഡോക്ടർ രോഗികളെ നോക്കി കൊണ്ടിരിക്കുന്ന സമയത്ത് മരിച്ചുപോയി. ഇടവ ബഷീർ പാടി കൊണ്ടിരുന്നപ്പോൾ കുഴഞ്ഞുവീണ് മരിച്ചു. നമ്മുടെ പ്രിയങ്കരനായ പ്രസിഡന്‍റ് ഡോ. കലാം IIM ൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ടിരുന്നപ്പോൾ മരിച്ചു. "ഹാർട്ട് അറ്റാക്ക് വന്ന് മരിക്കുക എന്നത് തികച്ചും ഭാഗ്യമുള്ള ഒരു കാര്യം തന്നെയാണ്" എന്റെ സുഹൃത്തായ കാർഡിയോളജിസ്റ്റ് എന്നോട് പറഞ്ഞതാണിത്.
ജീവിതത്തിൽ സംഭവിക്കുമെന്ന് എല്ലാവർക്കും ഉറപ്പുള്ള ഏക കാര്യമാണ് മരണം. അപ്പോൾ പിന്നെ അത് ഏറ്റവും മാന്യമായ രീതിയിൽ ബാക്കിയുള്ളവരെ ബുദ്ധിമുട്ടിക്കാതെ, വേദനയും ദുരിതങ്ങളും സാമ്പത്തിക ഭാരങ്ങളും ഉണ്ടാക്കാതെ, ബാക്കിയുള്ളവരുടെ മനസ്സിൽ എന്നും നല്ല ചിത്രങ്ങൾ മാത്രം അവശേഷിച്ച് തന്നെ കടന്നു പോവുകയല്ലേ നല്ലത്.
എന്‍റെ നാട്ടിലെ ഒരു അധ്യാപിക രണ്ടേകാൽ കൊല്ലം, കോമാ സ്റ്റേജിൽ കിടന്ന് അടുത്തിടെ മരിച്ചു . ഒരു മാസം ഏതാണ്ട് ഒരു ലക്ഷത്തി 35,000 രൂപ ചെലവു വരുമായിരുന്നു എന്നാണ് അവരുടെ സഹോദരൻ എന്നോട് പറഞ്ഞത്.
കാനഡയിലും അമേരിക്കയിലും യൂറോപ്പിലും മരണം ഇത്രയും ബീഭത്സമായ രീതിയിൽ അവർ കൊണ്ടാടുകയില്ല. മരിച്ച ഒരാളുടെ ശവശരീരം വച്ച്, ഭീകരവും ഭയാനകവും വെറുക്കുന്നുതുമായ അന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയിൽ പാട്ടുകളും ശോകമൂകമായ അന്തരീക്ഷം സൃഷ്ടിക്കലുമൊന്നും അവിടെ ഇല്ല. മരിച്ചുകഴിഞ്ഞാൽ, ശവപ്പെട്ടിക്ക് ഉള്ളിൽ ശവശരീരം വെച്ച് കഴിഞ്ഞാൽ പിന്നെ,പലരും ബോഡി കാണാൻ പോലും അനുവദിക്കാറില്ല. അവർ പറയുന്ന ന്യായം ഇതാണ്.
നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ എന്നെ എങ്ങനെ കണ്ടോ, എന്നെ കുറിച്ചുള്ള ഓർമ്മ അതുപോലെ തന്നെ നിങ്ങളുടെ മനസ്സിൽ അവശേഷിക്കട്ടെ . ഞാൻ മരിച്ചു ഒരു ശവശരീരം ആയി കിടക്കുന്നത് അവരുത് നിങ്ങളുടെ മനസ്സിൽ എന്നെക്കുറിച്ചുള്ള അവസാനത്തെ ഓർമ്മ.
അരുണ ഷാൻബാഗ് എന്നുപറയുന്ന ഒരു സ്ത്രീയെ പലരും മറന്നിട്ടുണ്ടാവും. ഏതാണ്ട് 42 വർഷം ആണ് അവർ കോമയിൽ കിടന്നത്. അവർക്ക് ദയാവധം നൽകാൻ വേണ്ടി പത്രപ്രവർത്തകയായ പിങ്കി വിരാണി സുപ്രീംകോടതിയിലും കേന്ദ്രസർക്കാരിന്‍റെ മുമ്പിലും ഒരുപാട് മുട്ടി .പക്ഷേ കോടതി ദയാവധം തള്ളി .പക്ഷെ അവസാനം ചില തീരുമാനങ്ങൾ കോടതി എടുത്തു . അതിലൊന്നായിരുന്നു പാസിവ് യുത്തനേഷ്യ അനുവദിച്ചത്.
മസ്തിഷ്കത്തിനു സാരമായ കേടുപാടുകൾ സംഭവിക്കുക, കോമ സ്റ്റേജിൽ ആവുക തുടങ്ങിയവർക്കുള്ള ഭക്ഷണവും മരുന്നുകളും മറ്റ് ജീവൻ നില നിർത്തുന്ന കാര്യങ്ങളും കുറച്ചുകൊണ്ടുവന്ന് സാവകാശം അവരെ മരണത്തിലേക്ക് പോകാൻ അനുവദിക്കുക. ആത്മഹത്യക്ക് ശ്രമിച്ചു അതിൽ നിന്ന് രക്ഷപ്പെട്ടു അവർക്കെതിരെ കേസെടുക്കുന്ന രീതിയും ഈ വിധിക്കൊപ്പം സുപ്രീംകോടതി റദ്ദാക്കി. അരുണ ഷാൻബാഗിന് പക്ഷേ ഈ നീതി പോലും കിട്ടിയില്ല. അവർ നുമോണിയ വന്ന് മരിച്ചു
ലോകത്തിലെ പല രാജ്യത്തും ദയാവധം അതിന്‍റെ പൂർണ തലത്തിൽ അല്ലെങ്കിലും ഭിന്നമായ രീതിയിൽ നിലനിൽക്കുന്നുണ്ട്.ഇന്ത്യയിൽ Do Not Resuscitate ( ജീവൻ തിരിച്ചുപിടിക്കാൻ ശ്രമിക്കരുത്) എന്ന ഒരു തീരുമാനം നമുക്ക് മരണത്തിനു മുമ്പ് തന്നെ എഴുതി വയ്ക്കാം. ഗുരുതരമായ രോഗം പിടിപെടുന്ന അവസ്ഥയിൽ ചികിത്സ നിഷേധിക്കാം .എന്‍റെ പിതാവിന്റെ ജേഷ്ഠൻ ക്യാൻസർ ട്രീറ്റ്മെൻറ് അങ്ങനെ നിഷേധിച്ച ആളാണ്.
കാനഡയിൽ ഈ ദയാവധത്തിന് പറയുന്നത് Medical Assistance in Death എന്നാണ്. ഗുരുതരമായ വേദനയിൽ കഴിയുന്ന ,അധികം താമസിക്കാതെ മരണം ഉണ്ടാകും എന്ന് കരുതുന്ന,വളരെ പ്രായമായവർ ഒക്കെ അവരുടെ പൂർണ്ണ സമ്മതത്തോട് കൂടി,വൈദ്യ സഹായത്തോടുകൂടി മരണത്തെ പുൽകുന്ന രീതി. ഈയൊരു വിഷയത്തെക്കുറിച്ചുള്ള അവിടുത്തെ ഒരു സെമിനാർ അറ്റൻഡ് ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അമ്പരിപ്പിക്കുന്ന ചില ഡേറ്റകൾ ആണ് അന്നവർ പുറത്തുവിട്ടത്. അതിഭീകരമായ വേദന ഉള്ളവരാണ് മരണത്തെ വരിക്കുന്നത് എന്നുള്ള ധാരണ ശരിയല്ല എന്നാണ് അവർ സെമിനാറിൽ പറഞ്ഞത്. നല്ല പ്രായമുള്ളവരും ആരോഗ്യത്തോടെ ഇരിക്കുന്നവരും എന്നാൽ തങ്ങൾക്ക് ഈ ജീവിതത്തിൽ ഇനി ഒന്നും ചെയ്യാനില്ല എന്നും,തങ്ങൾ കിടപ്പിലായി പോയാൽ ബാക്കിയുള്ളവർക്ക് ഒരു ബുദ്ധിമുട്ട് ആകുമോ എന്നും, ജീവിതം മതിയായി, ജീവിച്ചു തീർന്നു എന്നു കരുതുന്നവരും വല്ലാത്ത ഏകാന്തത അനുഭവിക്കുന്ന വൃദ്ധരും ആയ ഒരുപാട് പേർ ഈ പറയുന്ന രീതിയിൽ മരണം ആഗ്രഹിക്കാറുണ്ട്.
ആത്മഹത്യചെയ്യാനുള്ള ഒരു കുറുക്കു വഴിയായി ആളുകൾ ഇത് എടുക്കാതെ ഇരിക്കാൻ വേണ്ട മുൻകരുതലുകൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ലോകത്തിലെ പല രാജ്യങ്ങളിലും അമേരിക്കയിലെ ചില സംസ്ഥാനങ്ങളിലും ഒക്കെയിത് നിലനിൽക്കുന്നുണ്ട് . ഒരു പാട് സങ്കീർണമായ, ഒരുപാട് സാങ്കേതികൾ ഉള്ള ഈ വിഷയം വല്ല്യ ഒരു പഠന മേഖല തന്നെയാണ്. വളരെക്കുറച്ച് വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. മരണമടഞ്ഞ പ്രിയഗായകൻ ബഷീർ ഇടവയ്ക്ക് നല്ല മരണമാണ് ലഭിച്ചിരിക്കുന്നത്. നല്ല ഒരു ജീവിതം പോലെ തന്നെ നല്ല ഒരു മരണവും എല്ലാ വ്യക്തികളും അർഹിക്കുന്നു. അതെല്ലാവർക്കും സാധ്യമാകട്ടെ എന്ന് ആശംസിക്കുന്നു.
(മൈസൂരിൽ ബിഹേവിയറൽ സൈക്കോളജിജിസ്റ്റും സൈബർ സൈക്കോളജി കൺസൽട്ടൻ്റും ആണ് ലേഖകൻ)
Adjust Story Font
16