ഹരിത, ലിംഗനീതി വിവാദങ്ങൾക്ക് ശേഷം 'വേര് ' പിടിച്ച് എം.എസ്.എഫ്
പന്ത്രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ ഒരു പകലും രാത്രിയും പങ്കെടുത്ത വേര് സമ്മേളനം എംഎസ്എഫിനും സംസ്ഥാന പ്രസിഡണ്ട് പി കെ നവാസിനും ഏറെ നിര്‍ണായകമായിരുന്നു.
വിഭാഗീയതയിലും ലിംഗനീതി വിവാദത്തിലും തകര്‍ന്ന് പോയ എംഎസ്എഫിന്റെ സംഘടനാ സംവിധാനം ശക്തി വീണ്ടെടുക്കുന്നതിന്റെ പ്രഖ്യാപനമായി കോഴിക്കോട് നടന്ന വേര് സമ്മേളനം. തര്‍ക്കങ്ങളും ബഹളവുമില്ലാതെ ജില്ലാ - സംസ്ഥാന കമ്മിറ്റികളുടെ യോഗം പോലും ചേരാനാകാത്ത സാഹചര്യത്തില്‍ നിന്നാണ് പതിനായിരത്തിലധികം വിദ്യാര്‍ഥികളുടെ സമ്മേളനം ചിട്ടയോടെ നടത്താവുന്ന സ്ഥിതിയിലേക്ക് സംഘടന എത്തിയത്. പന്ത്രണ്ടായിരത്തിലധികം വിദ്യാര്‍ഥികള്‍ ഒരു പകലും രാത്രിയും പങ്കെടുത്ത വേര് സമ്മേളനം എംഎസ്എഫിനും സംസ്ഥാന പ്രസിഡണ്ട് പി കെ നവാസിനും ഏറെ നിര്‍ണായകമായിരുന്നു. ആയിരത്തി ഇരനൂറിലധികം പെണ്‍കുട്ടികളും സമ്മേളനത്തില്‍ പങ്കെടുത്തു.
1. നവാസിനെ പ്രസിഡണ്ടാക്കിയത് പ്രശ്നത്തിന്റെ തുടക്കം
ഒരു പതിറ്റാണ്ടോളം പി കെ ഫിറോസിന്റെയും ടി പി അഷ്റഫലിയുടയും നിയന്ത്രണത്തിലായിരുന്ന എംഎസ്എഫിന്റെ അധ്യക്ഷ സ്ഥാനത്ത് പി കെ നവാസിനെ കൊണ്ടുവന്നത് മുതലാണ് വിഭാഗീയത ശക്തമായത്. നിഷാദ് കെ സലീമിനെ പ്രസിഡണ്ടാക്കണമെന്നായിരുന്നു സംഘടനയിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായം. ഭൂരിപക്ഷം അവഗണിച്ച് പി കെ നവാസിനെ പ്രസിഡണ്ടാക്കിയ സ്വാദിഖലി തങ്ങളുടെ നിലപാടിനെതിരെ വലിയ കലാപം നടന്നു. ലീഗ് ഹൗസില്‍ പാര്‍ട്ടി നേതാക്കളെ പൂട്ടിയിട്ടതും സോഷ്യല്‍ മീഡിയയിലെ യുദ്ധവും പൊലീസ് കേസും തുടങ്ങി രണ്ടു വര്‍ഷത്തോളം ഗ്രൂപ്പ് തിരിഞ്ഞുള്ള പോര്‍വിളികളായിരുന്നു. നവാസിനെ അംഗീകരിക്കാന്‍ എംഎസ്എഫ് ജില്ലാ കമ്മിറ്റികളും ഹരിതയും തയ്യാറാകാതെ വന്നതോടെ സംഘടനാ പ്രവര്‍ത്തനം വഴിമുട്ടി. പി കെ ഫിറോസ് - അഷ്റഫലി പക്ഷക്കാരായിരുന്ന ഹരിത നേതാക്കള്‍ പി കെ നവാസിന്റെ കമ്മിറ്റിയുമായി നേര്‍ക്കുനേര്‍ യുദ്ധം ചെയ്തു.
സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി കെ നവാസ് ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയുമായി ഫാത്തിമ തഹ്‍ലിയയും നജ്മ തബ്ഷീറയും മുഫീദ തസ്നിയും ലീഗ് നേതൃത്വത്തെ സമീപിച്ചു. ഹരിത പക്ഷത്ത് പി കെ ഫിറോസും ടി പി അഷ്റഫലിയും ഉറച്ചു നിന്നതോടെ സംഘടന രണ്ടായി ചേരിതിരിഞ്ഞു. പ്രതീക്ഷിച്ച നടപടി ഇല്ലാതെ വന്നപ്പോള്‍ ഹരിത നേതാക്കള്‍ പൊലീസിനെ സമീപിച്ചു. പൊലീസ് കേസെടുത്ത് നവാസിന്റെ മൊഴി രേഖപ്പെടുത്തി. പാണക്കാട് തങ്ങളെയും ലീഗ് നേതൃത്വത്തെയും വെല്ലുവിളിച്ച് ഹരിത നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയതോടെ പാര്‍ട്ടി നടപടി വന്നു. മുഫീദ തസ്നി പ്രസഡണ്ടും നജ്മ തബ്ഷീറ ജനറല്‍ സെക്രട്ടറിയുമായ ഹരിത സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു. എം എസ് എഫ് ദേശീയ ഭാരവാഹിത്വത്തില്‍ നിന്നും ഫാത്വിമ തഹ്‍ലിലയെ പുറത്താക്കി. മുഖം നഷ്ടപ്പെട്ട പി കെ നവാസിന്റെ എംഎസ്എഫ് കമ്മിറ്റി ഒറ്റപ്പെട്ട നിലയിലായി. ഇതോടെ സംഘടനാ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിച്ചു.
പി കെ നവാസിന് പിന്നില്‍ ലീഗ് സംസ്ഥാന നേതൃത്വം ഉറച്ചു നിന്നതോടെ എംഎസ്എഫ് സംസ്ഥാന - ജില്ലാ നേതൃത്വങ്ങളിലെ ചില വിമതര്‍ക്കെതിരെയും നടപടി വന്നു. ഏതാനും വിമതിരെ കൂടി പുറത്താക്കിയ ശേഷമാണ് സംഘടനാ പ്രവര്‍ത്തനം ചെറുതായെങ്കിലും പി കെ നവാസിന്റെ കമ്മിറ്റിക്ക് പുനരാരംഭിക്കാനായത്.
വേര് നല്‍കിയ ജീവന്‍
സമ്പൂര്‍ണമായ ചേരിതിരിവും കുത്തഴിഞ്ഞ സംഘടനാ സംവിധാനവും പുനരുദ്ധരിക്കാനാണ് ശാഖാ തലം മുതൽ വേര് കാംപയിന്‍ നടത്തിയത്. മൂന്ന് മാസം നീണ്ട ശാഖാതല കാംപയിന്റെ സമാപന സമ്മേളനമെന്ന നിലക്കാണ് കോഴിക്കോട്ടെ സമ്മേളനം സംഘടിപ്പിച്ചത്. മുന്‍കൂട്ടിയുള്ള റജിസ്ട്രേഷനും റജിസ്ട്രേഷന്‍ ഫീസും എല്ലാം വെച്ചാണ് പ്രതിനിധികളെ ക്ഷണിച്ചത്. അയ്യായിരത്തിലധികം വരുന്ന എംഎസ്എഫ് യൂനിറ്റുകളുടെ പ്രസിഡണ്ടും സെക്രട്ടറിയും ട്രഷററുമാണ് പ്രതിനിധികള്‍. ഹരിതയുടെ ശാഖാ ഭാരവാഹികളും പ്രതിനിധികളായി. 13500 പേര്‍ റജിസ്റ്റര്‍ ചെയ്തു.
വിമതർക്ക് സ്വാധീനമുള്ള കോഴിക്കോട് ജില്ലാ നേതൃത്വം സമ്മേളനത്തോട് നിസ്സഹകരിച്ചുവെന്ന വിമർശനം സംസ്ഥാന നേതൃത്വത്തിനുണ്ട്. എന്നാൽ, ഈ വിമർശനത്തെ പൂർണ്ണമായി തള്ളിക്കളയുകയാണ് കോഴിക്കോട് ജില്ലാ നേതൃത്വം.
സമ്മേളനം ഭംഗിയായി നടക്കേണ്ടത് മുസ്ലിം ലീഗിനും അനിവാര്യമാണെന്ന് പാര്‍ട്ടി വിലയിരുത്തിയതോടെ പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും രംഗത്തിറങ്ങി. കെ എം ഷാജിയും പി എം സ്വാദിഖലിയും ആദ്യാവസാനം സമ്മേളന വേദിയില്‍ സജീവമായി.
പെണ്‍കുട്ടികളുടെ വന്‍ പങ്കാളിത്തം
സമ്മേളന പ്രതിനിധികളിൽ 1200 പേര്‍ പെണ്‍കുട്ടികളായിരുന്നു. സംഘാടകരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചായിരുന്നു ഇത്രയും വലിയ പങ്കാളിത്തം. വിമതരുടെ നിസ്സഹകരണം പെണ്‍കുട്ടികളുടെ പങ്കാളിത്തത്തെ ബാധിച്ചില്ല. മലപ്പുറം ജില്ലയിലെ ഹരിത പ്രവര്‍ത്തകരുടെ സജീവ പങ്കാളിത്തം സമ്മേളനത്തിലുണ്ടായി. കോഴിക്കോട് ജില്ലയില്‍ നിന്നും മുന്നൂറിലധികം ഹരിത പ്രവര്‍ത്തകര്‍ സമ്മേളനത്തിനെത്തി . കോഴിക്കോട് ഒഴികെയുള്ള എംഎസ്എഫ്- ഹരിത ജില്ലാ കമ്മിറ്റികള്‍ തങ്ങളോടൊപ്പമാണെന്ന് സാക്ഷ്യപ്പെടുത്താൻ സംസ്ഥാന നേതൃത്വത്തിന് സമ്മേളനത്തിലൂടെ സാധിച്ചു. സംഘടന സംവിധാനത്തില്‍ ഐക്യം പുനസ്ഥാപിക്കാനായതോടെ പ്രവര്‍ത്തന രംഗത്ത് സജീവമാകാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് സംസ്ഥാന നേതൃത്വം.
വിമത നേതാക്കള്‍ വിട്ടു നിന്നു
ഹരിത - എം എസ് എഫ് നേതൃത്വത്തില്‍ നിന്നും പുറത്താക്കപ്പെട്ട മുഫീദ തസ്നി, നജ്മ തബ്ഷീറ തുടങ്ങിയവര്‍ സമ്മേളനത്തില്‍ നിന്ന് വിട്ടു നിന്നു. വിട്ടുനിന്നത് വാര്‍ത്തയായതോടെ വൈകുന്നേരം ആറ് മണിക്ക് ഫാത്തിമ തഹ്‍ലിയ സമ്മേളന സ്ഥലത്തെത്തി. വേദിയിലെത്തി. എന്നാല്‍ തഹ്‍ലിയയെ വേദിയിലേക്ക് ക്ഷണിക്കാന്‍ സന്നദ്ധരായില്ല. തഹ്‍ലിയ സോഷ്യല്‍ മീഡിയയില്‍ നല്‍കിയ സമ്മേളന ചിത്രത്തിന്റെ അടിക്കുറിപ്പ് തങ്ങള്‍ നേരിടുന്ന അവഗണനയും വിവേചനവും സൂചിപ്പിക്കുന്നതായിരുന്നു.
1200 ഹരിത പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുത്തതോടെ വിമത നേതാക്കളുടെ ശബ്ദം പാര്‍ട്ടിയില്‍ വീണ്ടും ദുര്‍ബ്ബലമായി. വിമതര്‍ ഉന്നയിച്ച 'സ്ത്രീവിരുദ്ധത' എന്ന വിമർശനത്തെ പെൺകുട്ടികളുടെ പങ്കാളിത്തത്തിലൂടെ മറികടക്കാൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് നേതൃത്വം. ഹരിത വിവാദത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ട ലീഗ് സംസ്ഥാന നേതൃത്വവും സമ്മേളന വിജയത്തിൽ സന്തുഷ്ടരാണ്.
ഹരിതയുടെ പോരാട്ട വീര്യം ചോരുന്നു?
ലിംഗനീതി പ്രശ്നമുന്നയിച്ച് ലീഗ് - എംഎസ്എഫ് നേതൃത്വവുമായി പോരടിച്ച് നിന്ന വിമത ഹരിത നേതാക്കള്‍ക്ക് ഇപ്പോള്‍ പഴയ പോരാട്ട വീര്യമില്ല. പാര്‍ട്ടി പരിപാടികളില്‍ ഇവര്‍ക്ക് അപ്രഖ്യാപിത വിലക്കുണ്ട്. കെഎംസിസി സ്പോണ്‍സര്‍ ചെയ്യുന്ന നാട്ടിലെ പരിപാടികളിലാണ് ഫാത്തിമ തഹ്‍ലിയ, മുഫീദ തസ്നി, നജ്മ തബ്ഷീറ എന്നിവര്‍ക്ക് അവസരം ലഭിക്കുന്നത്.
വിമത പക്ഷത്തിന് സ്വാധീനമുള്ള കാലിക്കറ്റ് സര്‍വ്വകലാശാല കാംപസിലെ എംഎസ്എഫ് യൂനിറ്റ് സമ്മേളനത്തില്‍ പി കെ നവാസിനൊപ്പം വേദി പങ്കിടാന്‍ മൂവരും തയ്യാറായി. നവാസിനെതിരെ നജ്മ നല്‍കിയ ലൈംഗികാധിക്ഷേപ കേസില്‍ അന്വേഷണം നടക്കുകയാണ്. ഈ സമയത്ത് തന്നെ നവാസിനൊപ്പം വേദി പങ്കിട്ടത് സമവായ സന്ദേശമായി വ്യാഖ്യാനിക്കപ്പെട്ടു. എന്നാല്‍ ലീഗ് നേതൃത്വം വഴങ്ങുന്ന ലക്ഷണങ്ങളൊന്നും പുറത്തുകാണുന്നില്ല. നടപടി പിന്‍വലിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കൊന്നും ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.
പ്രസിദ്ധീകരണം മുതൽ ബാല സംഘടന വരെ: പുതിയ പദ്ധതികൾ
ഏതാനും പുതിയ പദ്ധതികളുടെ പ്രഖ്യാപനം വേര് സമ്മേളന വേദിയില്‍ നടന്നു. ദ മിഡ് പോയിന്റ് എന്ന പേരില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചു. മൂന്ന് മാസത്തിലൊരിക്കൽ പുസ്തകം സിദ്ധീകരിക്കാനുള്ള പദ്ധതിക്കും സമ്മേളനത്തിൽ തുടക്കമായി. എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ബാലകേരളം എന്ന പേരില്‍ കൂട്ടായ്മ ആരംഭിച്ചു. ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ പൊളിറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ബനാത്‍വാലയുടെ പേരിലുള്ള ഒറേറ്ററി ക്ലബ്ബും പ്രഖ്യാപിച്ചു. സമകാലിക വിഷയങ്ങളില്‍ ഓണ്‍ലൈനായും ഓഫ് ലൈനായും സംവാദങ്ങള്‍ സംഘടിപ്പിക്കാന്‍ സ്പീക്കര്‍ കോര്‍ണറും ആരംഭിച്ചു. എല്ലാ പദ്ധതികള്‍ക്കും പ്രത്യേകം ചുമതലക്കാരെയും നിശ്ചയിച്ചിട്ടുണ്ട്
Adjust Story Font
16