സായിപ്പിന്‍റെ ശൈത്യകാലവിനോദങ്ങൾ പഠിക്കുന്നതുകൊണ്ട് നമുക്ക് എന്താണ് പ്രയോജനം?
എന്താണ് വിദ്യാഭ്യാസത്തിന്‍റെ മാനദണ്ഡം… അത് വെറും തൊഴില്‍ പരിചയം മാത്രമാണോ?
- Published:
6 July 2022 9:41 AM GMT
ചപ്പാത്തി ഉണ്ടാക്കി അടുത്തുള്ള ഗ്രാമത്തിലൊക്കെ വിതരണം ചെയ്താണ് ഈ ഗ്രാമത്തിൽ ആളുകൾ ഉപജീവനം നയിക്കുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് അവിടെ ചപ്പാത്തി ഉണ്ടാക്കാൻ വലിയൊരു ഫാക്ടറി സ്ഥാപിക്കുന്നത്. ഈ ഫാക്ടറിയിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ കുറച്ച് ചെറുപ്പക്കാരെ നഗരത്തിൽ കൊണ്ടുപോയി അതിന്‍റെ പ്രവർത്തനങ്ങൾ എല്ലാം പഠിപ്പിച്ചു. അവർ തിരിച്ചു വന്നു നന്നായി ഫാക്ടറി പ്രവർത്തിപ്പിക്കാൻ തുടങ്ങി.
എന്‍റെ ചോദ്യം ഇതാണ്. നിരക്ഷരന്മാരായിട്ടുള്ള, ഈ ഫാക്ടറി പ്രവർത്തിപ്പിക്കുന്ന വിദഗ്ധരെ നമ്മൾ വിദ്യാഭ്യാസമുള്ളവർ എന്ന് വിളിക്കുമോ? വിളിക്കില്ല. കാരണം വിദ്യാഭ്യാസത്തിന്‍റെ അടിസ്ഥാനം എന്തെങ്കിലും ഒരു തൊഴിൽ അറിയാവുന്നതല്ല എന്ന് നിങ്ങളൊക്കെ സമ്മതിക്കും. പക്ഷേ വാസ്തവത്തിൽ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസം ഈ പറയുന്ന തൊഴിൽ പരിചയം മാത്രമാണ്. ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് അവർക്ക് ക്ലാർക്കുമാരെ സൃഷ്ടിക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണിത്. ഇന്നും നമ്മുടെ വിദ്യാഭ്യാസം സൃഷ്ടിക്കുന്നത് തൊഴിലാളികളെയാണ്. ഡോക്ടർ തൊഴിലാളി, നഴ്‍സ് തൊഴിലാളി, അധ്യാപക തൊഴിലാളി, ശാസ്ത്ര തൊഴിലാളി, സോഫ്റ്റ്‌വെയർ തൊഴിലാളി തുടങ്ങിയവർ.
നമ്മുടെ ഒരു പ്രശസ്തമായ ചൊല്ലുതന്നെ- ഏട്ടിലെ പശു പുല്ലു തിന്നില്ല എന്നായിരുന്നു. അതായത് പുസ്തകത്തിൽ എഴുതി വച്ചിരിക്കുന്ന ന്യൂട്ടന്‍റെയും കെപ്ലറുടെയും ഗലീലിയോയുടെയും ഒന്നും സിദ്ധാന്തമല്ല ഈ ലോകം ചലിപ്പിക്കുന്നതെന്നും അതിനൊക്കെ വേറെ ശക്തികൾ ഉണ്ടെന്നുമുള്ള ന്യായങ്ങൾ. "ഒരു വ്യക്തിയിലെ എല്ലാവിധ നന്മകളെയും ഗുണങ്ങളെയും പുറത്തുകൊണ്ടുവന്നു അവനെ ഒരു നല്ല മനുഷ്യനാക്കി എടുക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം എന്ന് പറയുന്നത്" എന്നു പറഞ്ഞ ഗാന്ധിജിയാണ് വിദ്യാഭ്യാസത്തിന് ഒരുപക്ഷേ ഏറ്റവും നല്ല നിർവചനം നൽകിയിരിക്കുന്നത്.
അങ്ങനെ പറയുമ്പോൾ നമ്മളിൽ 99% ആളുകളും വിദ്യാഭ്യാസമില്ലാത്തവർ തന്നെയാണ്. മൈസൂരിൽ ട്രാഫിക് നിയമങ്ങൾ അന്ധവിശ്വാസമാണ്. ബാക്കി എല്ലാ അന്ധവിശ്വാസങ്ങളും അവർക്ക് അക്ഷരംപ്രതി അനുസരിക്കാനുള്ളതുമാണ്. ഇങ്ങനെ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്നവരിൽ ഓട്ടോ ഓടിക്കുന്ന ആൾ മുതൽ ബെൻസ് ഓടിക്കുന്ന ആൾ വരെയുണ്ട്. ഡ്രെയിനേജ് ക്ലീൻ ചെയ്യുന്ന ആൾ മുതൽ ഡോക്ടർ വരെ, സ്ത്രീയും പുരുഷനും, എല്ലാ പ്രായത്തിലുള്ളവരും, ചെറുപ്പക്കാരും വൃദ്ധരും, സർക്കാർ ഉദ്യോഗസ്ഥരും എല്ലാം ഒരേ രീതിയിൽ തന്നെയാണ് ട്രാഫിക് നിയമ ലംഘനം നടത്തുന്നത്. അതായത് അവർക്ക് വിദ്യാഭ്യാസം ഉണ്ടായിട്ടില്ല എന്നർത്ഥം.
ഇവിടെ ഒരു ഇന്‍റർനാഷണൽ വിദ്യാലയം ഉണ്ട്. മൈസൂറിലെ ആദ്യത്തെ റൈഫിൾ ഷൂട്ടിംഗ് പഠിപ്പിക്കുന്ന വിദ്യാലയം എന്നാണ് അവിടെ അവർ അഭിമാനപൂർവ്വം എഴുതിവെച്ചിരിക്കുന്നത്. ഇതുകൊണ്ട് ജീവിതത്തിൽ എന്ത് പ്രയോജനം ഉണ്ട് എന്ന് ആരും ഇവരോട് ചോദിച്ചിട്ടുണ്ടാവില്ല. കോട്ടയം ജില്ലയിലെ ആദ്യത്തെ കുതിര സഫാരി പഠിപ്പിക്കുന്നത് ഞാൻ പഠിച്ച വിദ്യാഭ്യാലയത്തിലാണ്. മറ്റു ചില സ്ഥലങ്ങളിൽ സ്കേറ്റിംഗ് ആണ് പഠിപ്പിക്കുന്നത്. സായിപ്പിന്‍റെ നാട്ടിലെ ശൈത്യകാല വിനോദങ്ങൾ പഠിപ്പിക്കുന്നതുകൊണ്ട് നമുക്ക് ഇന്ന് എന്താണ് പ്രയോജനം.
ഒരു പന്ത്രണ്ടാം ക്ലാസ് വരെ വളരെ അടിസ്ഥാനപരമായ കാര്യങ്ങൾ പഠിപ്പിച്ചതിനു ശേഷം അതിനുശേഷം എന്തെങ്കിലും ഒരു തീരുമാനമെടുത്താൽ മതി എന്നുള്ള അവസ്ഥ തന്നെയാണ് ഇന്നുള്ളത്. കാരണം ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അത്ര വേഗമാണ് മുന്നേറുന്നത്. ഈ സൂര്യന് താഴെയുള്ള എന്ത് ജോലിയും ആർട്ടിഫിഷ്യൻസിന് മനുഷ്യൻ ചെയ്യുന്നതിനെക്കാളും നന്നായിട്ട് ചെയ്യാൻ സാധിക്കും.
നമ്മുടെ കലാലയങ്ങളിൽ ഒരു കുട്ടിക്ക് താങ്ങാവുന്നതിനപ്പുറം ലോഡാണ് ഇന്ന് കൊടുക്കുന്നത്. പല സ്കൂളുകളിലും അവർ അഭിമാനത്തോടെ പറയുന്ന ഒന്നാണ് ഞങ്ങൾ ഇപ്പോഴേ അവരെ പ്രോഗ്രാമിംഗ് പഠിപ്പിക്കുന്നുവെന്ന്. സാങ്കേതികവിദ്യ അതിവേഗം മുന്നോട്ട് പോകുമ്പോൾ നിങ്ങൾ എന്തിനാണ് കുട്ടികളെ ഏതെങ്കിലും ഒരു പ്രോഗ്രാമിംഗ് ലാംഗ്വേജ് ഇപ്പോഴേ പഠിപ്പിക്കുന്നത്? അഞ്ചുവർഷം കഴിയുമ്പോൾ ഈ പ്രോഗ്രാമിങ് ഭാഷ ഒരിക്കലും യൂസ് ചെയ്യണമെന്നില്ല
ഇപ്പോൾ കുട്ടികളെ അടിസ്ഥാനപരമായി പഠിപ്പിക്കേണ്ട ഒരുപാട് ഗുണങ്ങളുണ്ട്. അതിൽ ശരീരത്തിന്‍റെയും മനസിന്‍റെയും ആരോഗ്യം എങ്ങനെ പരിപാലിക്കാം എന്നുള്ളതാണ് പരമപ്രധാനം. നമ്മുടെ വടി വീശാനുള്ള സ്വാതന്ത്ര്യം എന്ന് പറയുന്നത് അന്യന്‍റെ മൂക്കിന്‍റെ തുമ്പ് തുടങ്ങുന്ന സ്ഥലത്തു തീരുന്നു എന്ന് മനസ്സിലാക്കാനുള്ള വിദ്യാഭ്യാസം. മൊബൈൽ ഫോൺ എന്ന ഇരുതല വാൾ ഉള്ള സൗകര്യത്തെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നുള്ള വിദ്യാഭ്യാസം.
കുട്ടികളിൽ ശാസ്ത്രീയ മനോവൃത്തി ഉണ്ടാക്കിയെടുക്കുക. അതുപോലെതന്നെ വളരെ അത്യാവശ്യമായി പഠിപ്പിക്കേണ്ട ഒന്നാണ് CPR , First AID , നീന്തല്‍, ഡ്രൈവിംഗ്, ഡിസാസ്റ്റർ മാനേജ്മെൻറ് പോലെയുള്ള കാര്യങ്ങൾ. അതുപോലെ മാനസിക പ്രശ്നങ്ങൾ പ്രത്യേകിച്ച് ഡിപ്രഷൻ പോലുള്ള അവസ്ഥകൾ കണ്ടാൽ മനസ്സിലാക്കാനും തുടക്കം മുതല്‍തന്നെ അതിനെ നേരിടാനുള്ള ഇന്‍റർവെൻഷൻ നടത്താനും അവർക്ക് ഹെൽപ് കൊടുക്കാനും പറ്റുന്ന ട്രെയിനിങ് വേണം. അവരെ കൂടുതൽ ഔട്ട്ഡോർ ഗെയിമുകളും സ്പോർട്സുകളും, സംഗീതോപകരണങ്ങളുടെ ഉപയോഗവും പഠിപ്പിക്കുക. അനാവശ്യമായ കാര്യങ്ങളിലേക്ക് സമയം ചിലവഴിക്കാതിരിക്കാനും ശരീര/മാനസിക ആരോഗ്യം നന്നാക്കാനും സമൂഹ ബന്ധങ്ങൾ വളർത്താനും എല്ലാം ഇത് ഉതകും.
ലോകത്തിലെ വലിയ കമ്പനികളുടെ അമരത്തിരിക്കുന്ന ഒരുപാടു ഇന്ത്യക്കാർ ഉണ്ടെന്ന് നമ്മൾ അഭിമാനപൂർവ്വം പറയുമ്പോൾ ഇപ്പോഴും ഓർക്കുക. മൈക്രോസോഫ്റ്റ് സിഇഒ ആണെന്ന് പറഞ്ഞാലും അയാൾ ഒരു തൊഴിലാളി മാത്രമാണ്. എന്തുകൊണ്ട് മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആലിബാബ, ആമസോൺ, ബൈഡൂ, വാവേ, സാംസങ്, സോണി ഇങ്ങനെ ഏതെങ്കിലും ഗണത്തിൽപ്പെടുന്ന ഒരു കമ്പനിയെങ്കിലും നമ്മുടെ നാട്ടിൽ നിന്നുണ്ടാകാത്തത്? നമ്മുടെ നാട്ടിൽ എടുത്ത് പറയാനുള്ള വലിയ കമ്പനികൾ ടാറ്റ, ബിർള, റിലയൻസ് പോലെയുള്ള കമ്പനികൾ ആണെങ്കിലും ലോകചരിത്രത്തിൽ അവരുടെ സംഭാവന എന്താണ്? പ്രത്യേകിച്ച് എടുത്തു പറയാൻ ഒന്നുമില്ല. അതേസമയം സോണി, മോട്ടറോള, GE, IBM, ഫോർഡ് മോട്ടോഴ്സ് പോലത്തെ കമ്പനികളുടെ പേറ്റന്‍റുകൾ തന്നെ നോക്കിയാൽ മതി. ആയിരക്കണക്കിനാണ് അത്.
ഇന്ത്യൻ പൗരൻ ആയിട്ടുള്ള ഒരു വ്യക്തിക്ക് പോലും ശാസ്ത്രത്തിൽ ഇതേവരെ നോബൽ സമ്മാനം കിട്ടിയിട്ടില്ല എന്ന് ഓർക്കണം. സി വി രാമന് നൊബേൽ പ്രൈസ് കിട്ടുമ്പോൾ അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യൻ പൗരൻ ആയിരുന്നു. നൊബേൽ സമ്മാനം ലഭിച്ച മറ്റ് ഇന്ത്യക്കാർ വേറെ രാജ്യങ്ങളിൽ ചെന്ന് അവിടുത്തെ ശാസ്ത്രസാങ്കേതികവിദ്യയും പരിജ്ഞാന ഉപയോഗിച്ച്, അവിടത്തെ പൗരന്മാരായി നിന്നുകൊണ്ട് നോബൽ സമ്മാനം നേടിയവരാണ്. പക്ഷേ, നമ്മളുടെ സർവകലാശാലകൾ ലോകത്തിന് നൽകുന്ന സംഭാവനകൾ എന്താണ്?
രണ്ട് വലിയ ആറ്റം ബോംബുകൾ കൊണ്ട് തകർന്ന തരിപ്പണമായ ജപ്പാൻ എങ്ങനെയാണ് ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉണർന്നുവന്നതെന്നും ലോകത്തിന് അവർ നൽകിയ സംഭാവനകൾ എന്താണെന്ന് നോക്കുക. നമ്മുടെ കുട്ടികളെ ചുമട് താങ്ങികൾ ആക്കി, ഭീമൻ ഫീസും കൊടുത്ത് സ്കൂളിലേക്ക് വിടുമ്പോൾ അവരുടെ ബാല്യകാലത്ത് അവരുടെ കൗമാര കാലത്ത് അവർ ആസ്വദിക്കേണ്ടതായിട്ടുള്ള ഒരുപാട് നല്ല കാര്യങ്ങൾ എല്ലാം വെറുതെയായി പോവുകയാണ്. ഒരു സർക്കാർ ഏറ്റവും കൂടുതൽ ഊന്നൽ നൽകേണ്ട രണ്ടു മേഖലയുണ്ട്. അതിലൊന്ന് ആരോഗ്യമാണ്, മറ്റേത് വിദ്യാഭ്യാസമാണ്.
- മൈസൂരിൽ ബിഹേവിയറൽ സൈക്കോളജിജിസ്റ്റും സൈബർ സൈക്കോളജി കൺസള്‍ട്ടൻ്റും ആണ് ലേഖകൻ.
Adjust Story Font
16