ചുവപ്പുരാശി പടരുമോ യൂറോപ്പിൽ? ജർമനിയിൽ ഒലാഫ് ഷൂൾസ് വരുമ്പോൾ
ബിജെപിയുടെ ഹിന്ദുത്വ, വിദ്വേഷരാഷ്ട്രീയ പ്രവാഹത്തില്‍ അമ്പരന്നുനില്‍ക്കുന്ന ഇന്ത്യയ്ക്ക് ഒരു പ്രതീക്ഷയുടെ കിരണം പകരുന്നില്ലേ പുതിയ ജർമനി? യൂറോപ്പില്‍ പുതിയ തൊഴിലാളി വിപ്ലവത്തിലേക്ക്, ഇടതുപക്ഷ രാഷ്ട്രീയത്തിന്‍റെ വസന്തത്തിലേക്ക് ഒലാഫ് ഷൂള്‍സ് പടനയിക്കുമോ?
- Updated:
2021-12-07 21:29:21.0
യൂറോപ്പിനെ പിടിച്ചുകുലുക്കിയ അഭയാർത്ഥി പ്രതിസന്ധി മുതൽ പോപുലിസ്റ്റ് രാഷ്ട്രീയത്തിന്റെ കൊടുങ്കാറ്റിലടക്കം ജനാധിപത്യത്തിന്റെയും ജനക്ഷേമത്തിന്‍റെയും ജീവകാരുണ്യത്തിന്‍റെയും മുഖമായി വേറിട്ടുനിന്നയാളാണ് ആംഗെലാ മെർക്കൽ. ജർമനിയുടെ ഉരുക്കുവനിത. 16 വർഷത്തെ നീണ്ട അധികാരകാലത്തിനുശേഷം മെർക്കൽ പടിയിറങ്ങുമ്പോൾ ജർമനിയിൽ പുതിയൊരു ചുവപ്പ് വസന്തം പടരുകയാണോ? മധ്യ-ഇടതുപക്ഷ കക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി(എസ്പിഡി)യുടെ കരുത്തനായ നേതാവ് ഒലാഫ് ഷൂൾസ് ജർമനിയുടെ ചാൻസലറായി അധികാരമേൽക്കാനിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്കുശേഷം ജർമനിയിൽ സോഷ്യൽ ഡെമോക്രാറ്റുകൾ ജർമനിയിൽ തിരിച്ചെത്തുമ്പോൾ, യൂറോപ്പിലും പോപുലിസ്റ്റ് രാഷ്ട്രീയം സംഹാരരൂപം പ്രാപിക്കുന്ന ആഗോളരാഷ്ട്രീയത്തിലും പ്രതീക്ഷയുടെ പുതിയ പുലരിയാകുമോ അതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
യുഎസിലെ ആ യാത്രകൾ, വായിച്ച പുസ്തകങ്ങൾ; കണ്ടും മിണ്ടിയും കിട്ടിയ മനുഷ്യർ, ആശയങ്ങള്‍
ഡൊണാൾഡ് ട്രംപിസം ലോകരാഷ്ട്രീയത്തിൽ പുതിയൊരു പാത വെട്ടിത്തുറക്കുന്നതിനും വർഷങ്ങൾക്ക് മുൻപ്, 2016നും ഏറെ മുൻപെ ഒലാഫ് ഷൂൾസ് യുഎസ് ഗ്രാമങ്ങളിൽ സഞ്ചരിക്കുന്നുണ്ടായിരുന്നു. വിവിധ അമേരിക്കൻ സംസ്ഥാനങ്ങളിൽ ജനങ്ങളുടെ പൾസറിഞ്ഞായിരുന്നു ആ യാത്രകൾ. 2016ൽ അമേരിക്കയിൽ സംഭവിക്കാൻ പോകുന്നതെന്താണെന്നതിനെക്കുറിച്ചുള്ള അപായമണി ഷൂൾസിന്റെ കാതിൽ കൃത്യമായെത്തി. ടീം ട്രംപിന്റെ കാടിളക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുമുൻപ് തന്നെ ഒരു സ്വകാര്യ സംഭാഷണത്തിൽ തെരഞ്ഞെടുപ്പ് ഫലം ഷൂൾസ് പ്രവചിച്ചുകഴിഞ്ഞിരുന്നു.
കൃത്യമായ ലക്ഷ്യങ്ങളോടെയും പദ്ധതികളോടെയുമായിരുന്നു ഷൂൾസിന്റെ യുഎസ് പര്യടനം. ഒരൊറ്റ ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയായിരുന്നു പ്രധാനമായി മുന്നിലുണ്ടായിരുന്നത്; ''ഡെമോക്രാറ്റുകൾക്ക് എങ്ങനെ ജനവിശ്വാസം നഷ്ടപ്പെടുന്നു, തെരഞ്ഞെടുപ്പുകളിൽ ജനസമ്മതി കുത്തനെ ഇടിയുന്നു?''
താഴേത്തട്ടിലുള്ള തൊഴിലാളിവർഗത്തോട് വിശദമായി സംസാരിച്ചു. യുഎസിനു പുറമെ ഫ്രാൻസിലും ജർമനിയിലുമെല്ലാമുള്ള തൊഴിലാളിവർഗത്തിൽനിന്നു വരുന്ന, തൊഴിലാളി ആഭിമുഖ്യമുള്ള അക്കാദമിക്കുകളുടെയും എഴുത്തുകാരുടെയും പുസ്തകങ്ങൾ എമ്പാടും വായിച്ചു. ട്രംപിന്റെ വിജയത്തിനുശേഷവും ആ ഗവേഷണവും പര്യവേക്ഷണവും തുടർന്നു. അമേരിക്കയിൽ സത്യത്തിലെന്താണ് സംഭവിച്ചതെന്ന് ആഴത്തിൽ പഠിക്കുകയായിരുന്നു ഷൂൾസ് എന്നാണ് പുതിയ ജർമൻ സർക്കാരിൽ സഖ്യകക്ഷിയായ ഗ്രീൻ പാർട്ടിയുടെ തലമുതിർന്ന നേതാവായ സെസ് ഒസ്‌ദെമിർ പറഞ്ഞത്. ഹിലരി ക്ലിന്റണ് എന്തുകൊണ്ട് ജയിക്കാനായില്ല, ഡെമോക്രാറ്റുകൾക്ക് എവിടെ പിഴച്ചുവെന്നെല്ലാം വിശദമായി അന്വേഷിച്ചു.
2017ൽ ജർമനിയിൽ നടന്ന തെരഞ്ഞെടുപ്പിൽ തുടർച്ചയായി നാലാം തവണയും സോഷ്യൽ ഡെമോക്രാറ്റുകൾക്ക് തിരിച്ചടിയുണ്ടായി. തെരഞ്ഞെടുപ്പിനുശേഷം ഷൂൾസ് വിശദമായൊരു പ്രബന്ധം എഴുതിത്തയ്യാറാക്കി പ്രസിദ്ധീകരിച്ചു. എന്തുകൊണ്ട് പാർട്ടിക്ക് ജനവിശ്വാസം ആർജിക്കാനാകുന്നില്ലെന്ന അന്വേഷണമായിരുന്നു പഠനത്തിൽ. അതിന്റെ ആകെത്തുക ഇതായിരുന്നു: പാർട്ടിയുടെ പ്രധാന വോട്ട്ബാങ്കായ തൊഴിലാളി വർഗത്തിന് അര്‍ഹമായ അംഗീകാരം സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്കാകുന്നില്ല.
കോവിഡ് തന്ന തിരിച്ചറിവുകൾ; ഉർവശീശാപം ഉപകാരമായത്
കഴിഞ്ഞ വർഷം കോവിഡ് ലോകത്തെ പിടിമുറുക്കുമ്പോൾ, മനുഷ്യരായ മനുഷ്യരെല്ലാം സ്വന്തം വീടകങ്ങളിലേക്ക് ഉൾവലിയാൻ നിർബന്ധിതരായ കാലത്ത് എല്ലാവരെയും പോലെ പുസ്തകങ്ങളിലും സിനിമകളിലുമെല്ലാമായിരുന്നു ഒലാഫ് ഷൂൾസിന്റെയും അഭയം. എന്നാൽ, ഈ സമയത്ത് വായിച്ച ഒരു പുസ്തകം കണ്ണുതുറപ്പിക്കുന്നതായിരുന്നു. ഹാർവാർഡ് സർവകലാശാലയിൽ അധ്യാപകനായ, രാഷ്ട്രമീമാംസാ അക്കാദമിക്ക് പ്രൊഫസർ മൈക്കൽ സാൻഡലിന്റെ പുതിയ പുസ്തകം The Tyranny of Merit: What's Become of the Common Good? ആയിരുന്നു അത്.
മെറിറ്റോക്രസിയുടെ രാഷ്ട്രീയം പറയുന്ന പുസ്തകം. അമേരിക്കയിൽ പുതുതായി ആരംഭിച്ച വിദ്യാഭ്യാസ മെരിറ്റോക്രസിയെ ഉപജീവിച്ചുള്ള പുതിയ പ്രചാരണങ്ങളും പുനരാലോചനകളും മധ്യ-ഉപരി വർഗങ്ങൾക്കിടയിൽ അമർഷവും അസംതൃപ്തിയും സൃഷ്ടിച്ചു. ഈയൊരു നരേറ്റീവിന് സമൂഹത്തിനിടയിൽ വലിയ തോതിലുള്ള സ്വീകാര്യത കിട്ടി. ട്രംപിന്റെ വിജയത്തിൽ അതൊരു നിർണായകമായ രാസത്വരകമായി വർത്തിക്കുകയും ചെയ്‌തെന്നുള്ള നിരീക്ഷണം പങ്കുവയ്ക്കുന്നു പുസ്തകം.
ഒരു അഭിമുഖത്തിൽ സോഷ്യൽ ഡെമോക്രാറ്റുകളുടെ പരാജയത്തിനു കാരണവും പ്രൊഫ. സാൻഡൽ വിശദീകരിച്ചു. ആ നിരീക്ഷണങ്ങളുടെ ചുരുക്കം ഇങ്ങനെയാണ്: പുതിയ സാമ്പത്തികക്രമത്തിൽ പിടിച്ചുനിൽക്കാൻ നിങ്ങൾ പ്രയാസപ്പെടുന്നുണ്ടെങ്കിൽ അതിനു കാരണം നിങ്ങൾ തന്നെയാണ്, നിങ്ങളുടെ പരാജയം നിങ്ങളുടെ തന്നെ പിഴയാണെന്നായിരുന്നു സോഷ്യൽ ഡെമോക്രാറ്റുകൾ അധ്വാനിക്കുന്ന വർഗത്തോട് പറഞ്ഞുകൊണ്ടിരുന്നത്. സമൂഹത്തിലെ അസമത്വങ്ങളോടുള്ള പാർട്ടിയുടെ സമീപനത്തില്‍ പ്രകടമായ അവജ്ഞയും പുച്ഛവും തന്നെയായിരുന്നു ഉണ്ടായിരുന്നത്.
കഴിഞ്ഞ മെർക്കൽ സർക്കാരിൽ സഖ്യകക്ഷിയായിരുന്നു സോഷ്യൽ ഡെമോക്രാറ്റുകൾ. ഷൂൾസ് ധനമന്ത്രിയും. മഹാമാരിക്കാലം ശരിക്കും ഉർവശീശാപം ഉപകാരം തന്നെയായി ഷൂൾസിന്. കോവിഡിൽ ജീവിതം തകർന്ന സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെ സഹായിക്കാൻ സർക്കാർ വലിയ പദ്ധതികൾ പ്രഖ്യാപിച്ചു. ശതകോടികളാണ് തൊഴിലാളികൾക്കും വ്യവസായ സംരംഭങ്ങൾക്കും ധനസഹായമായി നൽകിയത്. നഴ്‌സുമാർ, ശുചീകരണ തൊഴിലാളികൾ, സൂപ്പർമാർക്കറ്റുകളിലെ സെയിൽസ്മാന്മാരും കാഷ്യർമാരും മുതൽ ഓൺലൈൻ ഡെലിവറി തൊഴിലാളികൾവരെ സമൂഹത്തിലെ അധ്വാനിക്കുന്നവർഗത്തെ മുഴുവൻ തൊട്ടറിഞ്ഞുള്ളതായിരുന്നു പുതിയ ക്ഷേമപദ്ധതികൾ.
മഹാമാരിക്കിടെ വന്ന ആ തിരിച്ചറിവിനെക്കുറിച്ച് ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഷൂൾസ് തന്നെ വെളിപ്പെടുത്തി: ''ആരുടെ ചുമലിൽ ചവിട്ടിയായിരുന്നു നമ്മുടെ സമൂഹം ഈ നിലയിലെത്തിനിൽക്കുന്നതെന്ന ഉൾക്കാഴ്ച നൽകി മഹാമാരി. എല്ലുമുറിയെ പണിയെടുക്കുന്നു അവർ. പക്ഷെ, ആ അധ്വാനത്തിന് അർഹിച്ചതിന്റെ കാൽശതമാനം അംഗീകാരമോ ആനുകൂല്യങ്ങളോ അവർക്ക് ലഭിക്കുന്നില്ല.''
ആ ഉൾക്കാഴ്ചകൾ സോഷ്യൽ ഡെമോക്രാറ്റുകളുടെ പ്രകടനപത്രികയായാണ് ഇത്തവണ തെരഞ്ഞെടുപ്പിനെത്തിയത്.
Respect: അതിലുണ്ട് എല്ലാം
അവസാനമായി സോഷ്യൽ ഡെമോക്രാറ്റുകൾ ജർമനി ഭരിച്ച കാലത്ത്, 2003-2005 കാലഘട്ടത്തിൽ, അന്നത്തെ ചാൻസലറായിരുന്ന ജെറാഡ് ഷ്രോഡർ രാജ്യത്തെ തൊഴിലില്ലായ്മാ പ്രശ്‌നം പരിഹരിക്കാനായി വലിയ ചുവടുവയ്പ്പുകള്‍ നടത്തി. അന്ന് അരകോടിക്കുമീതെയായിരുന്നു ജർമനിയിലെ തൊഴിൽരഹിതർ. ഈ അപകടനിരക്ക് കുറയ്ക്കാനായി കടുത്ത നടപടികളിലേക്കു നീങ്ങി. തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചും തൊഴിൽവിപണിയിൽ വലിയ നയംമാറ്റങ്ങൾ വരുത്തിയുമെല്ലാമായിരുന്നു സോഷ്യൽ ഡെമോക്രാറ്റുകളുടെ പരിഹാരക്രിയ. ഇത് സമൂഹത്തിൽ ഒരേസമയം വലിയ കോളിളക്കവും മാറ്റവും സൃഷ്ടിച്ചു.
അന്ന് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന ഒലാഫ് ഷൂൾസ് ആയിരുന്നു പുതിയ മാറ്റങ്ങളുടെയെല്ലാം മുഖമായി പൊതുസമൂഹത്തിലുണ്ടായിരുന്നത്. തൊഴിലില്ലായ്മാനിരക്ക് ഘട്ടംഘട്ടമായി കുറക്കാൻ ആ കടുത്ത നടപടികൾക്കായി. എന്നാൽ, മിനിമം വേതനക്കാരുടെ പുതിയൊരു സമൂഹത്തെയും അതു സൃഷ്ടിച്ചു. തൊഴിലാളിവർഗഹൃദയത്തില്‍ സോഷ്യൽ ഡെമോക്രാറ്റുകൾക്ക് ചൂഷകമുതലാളിത്തത്തിന്‍റെ പ്രതിച്ഛായയായി. പതുക്കെ അവർ പാർട്ടിയിൽനിന്ന് മറ്റു ചില്ലകളിലേക്ക് ചേക്കേറി.
ഏറെക്കുറെ ഇതേകാലത്തു തന്നെയായിരുന്നു അമേരിക്കയിൽ ബിൽ ക്ലിന്റന്റെ നേതൃത്വത്തിൽ ഡെമോക്രാറ്റുകൾ വലതുപക്ഷ, കമ്പോള, മുതലാളിത്ത പാതയിലേക്ക് തിരിയുന്നത്. അഭ്യസ്തവിദ്യരായ മധ്യവർഗത്തിന്റെ താൽപര്യങ്ങളായിരുന്നു അവരെ പുതിയ മാറ്റത്തിലേക്ക് നയിച്ചത്. പുതിയ നയംമാറ്റങ്ങൾ പതുക്കെ തൊഴിലാളി വർഗത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടാനാണ് സഹായിച്ചത്. ഈ വകകാര്യങ്ങളെല്ലാം ഷൂള്‍ഷിന്‍റെ സത്യാന്വേഷണ പരീക്ഷണത്തില്‍ പഠനവിധേയമായി. പുതിയ ആലോചനകളിലേക്കും പര്യാലോചനകളിലേക്കും തുറന്നിട്ട കിളിവാതിലുകളായി.
Respect എന്ന ഒറ്റ കാംപയിൻ വാചകം മാത്രം മതി ഇത്തവണ സോഷ്യൽ ഡെമോക്രാറ്റുകൾ എത്രമാത്രം പുനരാലോചനകളും തിരുത്തലുകളും
കഴിഞ്ഞാണ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതെന്ന് മനസിലാക്കാൻ. എത്രമാത്രം ആസൂത്രണത്തോടെയായിരുന്നു ഇത്തവണ ജനങ്ങളെ അഭിമുഖീകരിച്ചതെന്ന് ബോധ്യപ്പെടാൻ. ഇത്രയും കാലം അവഗണനകളേറ്റുവാങ്ങിക്കഴിഞ്ഞ, തങ്ങൾതന്നെ തീണ്ടാപാടകലം നിർത്തിയ തൊഴിലാളി വർഗത്തിന് ഒരൊറ്റ ഉറപ്പുനൽകുന്നു: നിങ്ങളുടെ അധ്വാനങ്ങൾക്കെല്ലാം അംഗീകാരം ലഭിക്കും, നിങ്ങൾ അർഹിക്കുന്ന ആ ആദരവ് ഞങ്ങൾ തിരിച്ചുതരും.
സോഷ്യൽ ഡെമോക്രാറ്റുകളുടെ ആത്മപരിശോധനയ്ക്കും തെറ്റുതിരുത്തലിനും തൊഴിലാളി വർഗം നൽകിയ മനസ്സറിഞ്ഞ വിധിയായിരുന്നു കഴിഞ്ഞ സെപ്റ്റംബറിൽ നടന്നത്. സോഷ്യലിസ്റ്റ്, ലിബറൽ കാഴ്ചപ്പാട് വച്ചുപുലർത്തുന്ന പരിസ്ഥിതിവാദികളായ ഗ്രീൻ പാർട്ടിയെയും നവഉദാരവാദികളായ ഫ്രീ ഡെമോക്രാറ്റിക് പാർട്ടിയെയും കൂട്ടുപിടിച്ച് ജർമനിയുടെ ചെങ്കോലേന്താൻ പോകുകയാണ് ഒലാഫ് ഷൂൾസ്. തെരഞ്ഞെടുപ്പ് വിദഗ്ധരുടെയും പ്രവചന പണ്ഡിറ്റുകളുടെയുമെല്ലാം നെറ്റിചുളിപ്പിച്ചായിരുന്നു തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. 16 വർഷങ്ങൾക്കുശേഷം മെർക്കലിന്റെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റിക് യൂനിയന് ഭരണം പിടിക്കാനുള്ള ഭൂരിപക്ഷം കിട്ടാതെ പോകുന്നു. 158 വർഷത്തെ രാഷ്ട്രീയപാരമ്പര്യം പറയാനുള്ള സോഷ്യൽ ഡെമോക്രാറ്റുകൾ അങ്ങനെ ഒന്നരപതിറ്റാണ്ടിനുശേഷം വീണ്ടും ജർമൻ ഭരണസിരാകേന്ദ്രത്തിലേക്ക് തിരിച്ചുവരുന്നു. ശരിക്കുമൊരു തൊഴിലാളിവർഗ വിജയം. രണ്ടു പതിറ്റാണ്ടിനിടെ പാർട്ടിയോട് തെറ്റിപ്പിരിഞ്ഞ ലക്ഷക്കണക്കിനുപേരാണ് പാർട്ടി തന്ന Respect വാഗ്ദാനം ഈ ഘട്ടത്തിലെങ്കിലും വിശ്വാസത്തിലെടുത്തിരിക്കുന്നത്.
കൃത്യമായ ജനവികാരത്തിലാണ് ഷൂൾസ് തൊട്ടതെന്നാണ് ബെർലിൻ സോഷ്യൽ സയൻസ് സെന്റർ ഗവേഷണകേന്ദ്രത്തിന്റെ അധ്യക്ഷയായ ജുട്ട ആൾമെൻഡിങ്ങർ വിലയിരുത്തിയത്. മെർക്കലിൻ തനിപ്പകർപ്പായി ഷൂൾസിനെ കാണുന്നവരുണ്ട്. എന്നാൽ, ഉറച്ച സോഷ്യൽ ഡെമോക്രാറ്റാണ് അദ്ദേഹമെന്നും ജുട്ട പറയുന്നു. സാമൂഹിക അസമത്വങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് പേരുകേട്ടയാളാണ് ജുട്ട ആൾമെൻഡിങ്ങർ.
യൂറോപ്പിലേക്ക് പടരുമോ ചുവപ്പുവസന്തം? ഇന്ത്യയ്ക്കുള്ള പാഠങ്ങൾ
ഭൂരിഭാഗം വിഷയങ്ങളിലും സമാനചിന്ത വച്ചുപുലർത്തുന്നവരായതിനാൽ ഭാവിയിൽ ഫ്രീ ഡെമോക്രാറ്റുകളോടും ഗ്രീനുകളോടും അധികമൊന്നും കഹലിക്കേണ്ടിവരില്ലെന്നൊരു അനുകൂല സാഹചര്യമുണ്ട് ഷൂൾസിനു മുൻപിൽ. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള സുവര്‍ണാവസരം. സഖ്യസർക്കാർ രൂപീകരിക്കാനുള്ള കരാർ തന്നെ മൂന്നു കക്ഷികൾക്കുമിടയിൽ ഉരുവപ്പെട്ടത് ഒരു ആവശ്യത്തിനുമേലായിരുന്നു: മിനിമം വേതനം 12 യൂറോ(ഏകദേശം ആയിരം രൂപ)യായി വർധിപ്പിക്കുക. മണിക്കൂറിന് ആയിരം രൂപയായി വേതനം പുനക്രമീകരിക്കുക.
നിലവിൽ 9.60 യൂറോയാണ് ജർമനിയിലെ മിനിമം വേതനം. ഏകദേശം ഒരു കോടി ജനങ്ങൾക്കായിരിക്കും വേതനവർധനയുടെ ഗുണം ലഭിക്കുക. ഇതോടൊപ്പം ഭവനരഹിതരായ നാല് ലക്ഷം പേർക്ക് പുതിയ വീടുകൾ നിർമിച്ചുനൽകുമെന്നും ഷൂൾസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പെൻഷന്റെ കാര്യത്തിലും ജനപ്രിയമായ വാഗ്ദാനങ്ങളാണ് ഷൂൾസ് നൽകിയത്.
ഇതോടൊപ്പം ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടിയുണ്ട്. 'രണ്ടാം വ്യവസായ വിപ്ലവം' എന്ന വലിയൊരു പ്രഖ്യാപനമാണത്. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പരിസ്ഥിതി സൗഹൃദനയങ്ങളിൽ അധിഷ്ഠിതമായ ഒരു വ്യവസായ വിപ്ലവം. ജർമനിയെ അങ്ങനെ ലോകത്തെ നിർമാണ മേഖലയിലെ വൻശക്തിയാക്കി മാറ്റുക. അതൊരു ക്ഷേമരാജ്യത്തിലേക്ക് പരിവർത്തിപ്പിക്കുക.
രണ്ടുകാര്യങ്ങളാണ് തെരഞ്ഞെടുപ്പ് കാംപയിനിടെ ഷൂൾസ് ഉറപ്പുനൽകിയത്: ഒന്നാമതായി അർഹമായ ആദരവ്, മികച്ച വേതനം, തൊഴിലിനും അധ്വാനത്തിനും അര്‍ഹിക്കുന്ന അംഗീകാരം. രണ്ടാമത്തെ കാര്യം ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ.
ഷൂൾസിന്റെ ഈ തൊഴിലാളിവർഗ സ്വപ്‌നങ്ങൾക്ക്, ക്ഷേമരാഷ്ട്ര സങ്കൽപങ്ങൾക്ക് പ്രാക്ടിക്കൽ രാഷ്ട്രീയത്തിൽ സാക്ഷാൽക്കാരമുണ്ടാകുമോ എന്നതാണ് ഒന്നാമത്തെ ചോദ്യം. അതൊരു ഉട്ടോപ്യയായി അവസാനിക്കുമോ? രണ്ടാമത്തെ വിഷയം കുറച്ചുകൂടി പ്രത്യാശയുടേതാണ്. വലതുപക്ഷ, പോപുലിസ്റ്റ് രാഷ്ട്രീയം പിടിമുറുക്കുന്ന യൂറോപ്പിൽ ഷൂൾസിന് പിന്മുറക്കാരുണ്ടാകുമോ? ജർമനിയിലെ ചുവപ്പുവസന്തം അയൽരാജ്യങ്ങളിലേക്കും പടരുമോ?
യൂറോപ്യൻ യൂനിയനിൽ ആകെ 27 അംഗരാജ്യങ്ങളിൽ ഒൻപതിടത്തും ഭരണകക്ഷിയിൽ സോഷ്യൽ ഡെമോക്രാറ്റുകളുണ്ട്; വ്യത്യസ്ത ഊരിലും പേരിലുമാണെങ്കിലും. ഒരുകാര്യമെന്തായാലും സത്യമാണ്; ജർമനിയിലെ പുതിയ തൊഴിലാളിവർഗ പാഠങ്ങൾ അയൽരാജ്യങ്ങളിലും അലയൊലികൾ സൃഷ്ടിച്ചുതുടങ്ങിയിട്ടുണ്ട്. ഫ്രാൻസിൽ പാരീസ് മേയറായ സോഷ്യലിസ്റ്റ് നേതാവ് ആൻ ഹിഡാൽഗോ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞത് ഒരു തുടക്കം മാത്രം.
ഏറ്റവുമൊടുവിലായി, ബിജെപിയുടെ ഹിന്ദുത്വ, വിദ്വേഷരാഷ്ട്രീയ പ്രവാഹത്തില്‍ അമ്പരന്നുനില്‍ക്കുന്ന ഇന്ത്യയ്ക്ക് ഒരു പ്രതീക്ഷയുടെ കിരണം പകരുന്നില്ലേ പുതിയ ജർമനി? നരേന്ദ്ര മോദി ഭരണകൂടത്തിന്റെ, ഭൂരിപക്ഷ സമ്മതിയുടെ അഹന്തകളെയെല്ലാം കർഷകവീര്യത്തിനുമുന്നിൽ മുട്ടുമടക്കിയത് ഇതേദിവസങ്ങളിൽ തന്നെയാണ്. രാജ്യത്തിന്റെ രക്ഷ കർഷകരിലും തൊഴിലാളിവർഗത്തിലും അടിസ്ഥാനജനവിഭാഗത്തിലുമാണെന്ന കൃത്യമായ സന്ദേശം പ്രതിപക്ഷനിരയിൽ ആർക്കൊക്കെ ഉൾക്കൊള്ളാനാകുന്നുണ്ട്? പതിറ്റാണ്ടുകളായി അധസ്ഥിതരും ബഹിഷ്‌കൃതരുമായി കഴിയുന്ന ആ അടിസ്ഥാനവർഗത്തെ ബഹുമാനിക്കാൻ, ഷൂൾസിനെപ്പോലെ Respect എന്ന സത്യസന്ധമായ ഉറപ്പുനൽകാൻ ആർക്കൊക്കെയാകും?!
ദ ന്യൂയോർക്ക് ടൈംസിൽ കത്രീൻ ബെന്നോൾഡ് എഴുതിയ Can Germany's New Chancellor Revive the Left in Europe? എന്ന ലേഖനത്തിലെ നിരീക്ഷണങ്ങളെയും വിവരങ്ങളെയും ഉപജീവിച്ചെഴുതിയത്
Adjust Story Font
16