പുതിയ സർക്കാറിനോട്...
പുതിയ സർക്കാർ രൂപംകൊണ്ട രാഷ്ട്രീയ പശ്ചാത്തലത്തിൽ ജമാഅത്തെ ഇസ്ലാമി കേരള അമീർ എഴുതുന്നു
പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരമേറ്റെടുത്തിരിക്കുകയാണ്. പുതുമകളുള്ള സർക്കാറാണ് അധികാരത്തിൽ എന്ന പ്രത്യേകതയുണ്ട്. വലിയ ജനപിന്തുണയോടെ ഭരണത്തിലേറിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിനന്ദിക്കുന്നു. സംസ്ഥാനത്തിന്റെയും എല്ലാ വിഭാഗം ജനങ്ങളുടെയും നന്മയെ മുൻനിർത്തി നീതിപൂർവം കേരളത്തെ മുന്നോട്ട് നയിക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.
മുഖ്യമന്ത്രി തന്നെ മുമ്പ് സൂചിപ്പിച്ചപോലെ വർധിച്ച ജനപിന്തുണ ഗവൺമെന്റിന്റെയും ഇടതുപക്ഷത്തിന്റെയും ഉത്തരവാദിത്വം വർധിപ്പിക്കുകയാണ്. ആ ബോധ്യം ഉൾക്കൊണ്ടിട്ടുണ്ട് എന്നു തന്നെയാണ് പുതിയ സർക്കാറിന്റെ പ്രഥമ മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോടായി പറഞ്ഞ കാര്യങ്ങൾ.പുതിയൊരു സർക്കാറിന്റെ ഏതാനും വാഗ്ദാനങ്ങൾ എന്നതിനപ്പുറം കേരളത്തെ എങ്ങോട്ടു നയിക്കണം, എങ്ങോട്ടു നയിക്കാനാഗ്രഹിക്കുന്നു എന്ന കൃത്യമായ കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നുണ്ട് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം. പൊതുവിൽ ആ ആശയങ്ങളോട് വിയോജിക്കേണ്ട കാര്യവുമില്ല. എന്നാൽ കഠിനാധ്വാനവും കവിഞ്ഞ ഇച്ഛാശക്തിയും ആവശ്യമുള്ള കാര്യങ്ങളാണ് അവയോരോന്നും. അവ പ്രാവർത്തികമാക്കാനായാൽ വലിയ മാറ്റം തന്നെയായിരിക്കും കേരളത്തിലുണ്ടാവുക.
ജനാധിപത്യം,മതനിരപേക്ഷത,അഴിമതിരഹിത വികസനം,ജനങ്ങളുടെ ക്ഷേമം തുടങ്ങിയവയോടുള്ള ഇടതുപക്ഷത്തിന്റെ പ്രതിബദ്ധത മുഖ്യമന്ത്രിയുടെ വാക്കുകളിൽ ആവർത്തിച്ചു വരുന്നുണ്ട്. തീർച്ചയായും ഒരു സർക്കാറിനുണ്ടാവേണ്ട അടിസ്ഥാന യോഗ്യത തന്നെയാണത്. പക്ഷെ, ഈ മൂല്യങ്ങളിൽ നിന്നുണ്ടായ വ്യതിചലനമാണ് കഴിഞ്ഞ സർക്കാറിനെ കുഴക്കിയത് എന്ന കാര്യം വിസ്മരിച്ചു പോകരുത്.അങ്ങേയറ്റം ദുർബലനായ അവസാനത്തെ മനുഷ്യന്റെയും അഭിപ്രായത്തെ മാനിക്കാനും അതാണ് സത്യമെങ്കിൽ,അതെത്ര കയ്പ്പുറ്റതാണെങ്കിലും അംഗീകരിക്കാനുമുള്ള സന്നദ്ധതയാണ് ജനാധിപത്യം. ആ തലത്തിലേക്ക് വളരാൻ ഇടതുപക്ഷവും സർക്കാറും വലിയ ശ്രദ്ധ വെക്കണം.
മേൽപാളിയിലുള്ള മതനിരപേക്ഷതക്കകത്ത് സാമുദായികതയും വർഗീയതയും കേരളത്തിൽ തിടംവെച്ച് വളരുന്നുണ്ട്. തെരഞ്ഞെടുപ്പുകളിൽ അതിന്റെ ആനുകൂല്യം പറ്റുന്നവരാണ് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ. ഏറ്റവുമൊടുവിൽ ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടം പോലും കേരളത്തിൽ സാമുദായിക ചേരിതിരിവിന്റെ ആഴം വർധിപ്പിക്കാനാണ് ഉപയോഗപ്പെടുത്തപ്പെട്ടത്! മതനിരപേക്ഷ സമൂഹത്തെ കുറിച്ച കൃത്യമായ കാഴ്ചപ്പാടും ജനങ്ങളോട് സംവദിക്കാനുള്ള സംഘടനാ ബലവുമുള്ളവരാണ് ഇടതുപക്ഷം.കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാർ സർക്കാരും,പുറമേ മതേതരമാകുമ്പോഴും അകം രോഗാതുരമായ ഉദ്യോഗസ്ഥവൃന്ദത്തിലെ വലിയൊരു വിഭാഗവും ഉയർത്തുന്ന സമ്മർദ്ദത്തെ അതിജീവിക്കാൻ പുതിയ സർക്കാറിനാവണം.
പൊതുഫണ്ടിൽ നിന്ന് കോടികൾ അടിച്ചുമാറ്റിയെടുക്കുന്നതു മാത്രമല്ല അഴിമതി. സ്വജനപക്ഷപാതവും അർഹിക്കാത്ത പരിഗണനകൾ നൽകുന്നതും നീതിപൂർവകമല്ലാത്ത വിഭവ വിതരണവുമെല്ലാം അഴിമതിയുടെ വകഭേദങ്ങളാണ്.രേഖകളും ഉത്തരവുകളും ശരിയായിരിക്കുക എന്നത് മാത്രമല്ല, ധാർമികമായും ശരിയായിരിക്കുക എന്നതും പ്രധാനമാണ്.
ഓഖിയും രണ്ട് പ്രളയവും കോവിഡും സംസ്ഥാനം അഭിമുഖീകരിച്ചിട്ടുണ്ട്. ദുരന്ത സമയത്ത് പട്ടിണി ഇല്ലാതെ നാടിനെ കാക്കാനും ആത്മവിശ്വാസം നൽകാനും ജാഗ്രതയോടെ സർക്കാർ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ പുനരധിവാസ പ്രവർത്തനങ്ങളിൽ ഈ ജാഗ്രത ഉണ്ടായിട്ടില്ല.
കോവിഡിനെ പ്രതിരോധിക്കുന്നതിലും ജീവൻ രക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിലും സർക്കാർ സാമാന്യ നിലവാരം പുലർത്തുന്നുണ്ട്. ലോക്ഡൗണിൽ വരുമാനമില്ലാതാകുന്നവരുടെ വയറിന് ആശ്വാസമാകാനും സർക്കാർ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ, അനേകം നിയന്ത്രണങ്ങളാൽ നമ്മുടെ തൊഴിൽ,വ്യാപാര മേഖല തകർന്നടിഞ്ഞിട്ടുണ്ട്. അതിനെ പുനരുജീവിപ്പിക്കാനും സർക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
തുടർന്നുള്ള കാലങ്ങളിൽ കൂടുതൽ മികവോടെയും സാമ്പത്തിക വ്യവസ്ഥ തകരാതെയും കോവിഡിനെ പ്രതിരോധിക്കുന്നതിനെ കുറിച്ച് നല്ല ഗൃഹപാഠം സർക്കാറിന് ആവശ്യമാണ്.
വലിയ ജനപിന്തുണയാണ് സർക്കാറിന് ലഭിച്ചിട്ടുള്ളത്. അതിനെ കഴിഞ്ഞ സർക്കാറിന്റെ അബദ്ധങ്ങൾക്കും വീഴ്ചകൾക്കുമുള്ള അംഗീകാരമായിട്ട് വിലയിരുത്തരുത്. അതിലേറ്റവും പ്രധാനപ്പെട്ടതാണ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്തിരുന്ന പോലിസ്. പ്രശ്നക്കാരുണ്ടെന്നും നന്നാക്കിയെടുക്കാൻ സമയമെടുക്കുമെന്നുമായിരുന്നു കഴിഞ്ഞ സർക്കാർ അധികാരമേറ്റ ആദ്യ നാളുകളിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നത്.പക്ഷെ, അഞ്ചു വർഷത്തിന് ശേഷവും പോലീസിന്റെ നിയന്ത്രണം ബാഹ്യശക്തികളുടെ കൈകളിൽ തന്നെയാണോ എന്ന് സംശയിക്കേണ്ട സാഹചര്യമുണ്ടായിരുന്നു.
സംഘ്പരിവാർ ശക്തികളോട് പോലീസിന്റെ അനുഭാവ പൂർവമായ നിലപാട്,വ്യാജ ഏറ്റുമുട്ടലുകൾ,യു.എ.പി.എ കേസുകൾ എന്നിവയിൽ പോലിസ് ഭാഷ്യത്തിനപ്പുറത്തേക്ക് പോകാൻ സാധിച്ചിട്ടില്ല. ലോക്കപ്പ് കൊലപാതകങ്ങളും ഉണ്ടായിട്ടുണ്ട്.മറ്റെല്ലാ വകുപ്പുകളുടേയുംമേലെ നിൽക്കുന്ന ഒന്നായി പോലീസ് സേന മാറി. ഇപ്പോഴും അതനുഭവപ്പെടുന്നുണ്ട്. ഒരു ജനാധിപത്യ സമൂഹത്തിനനുയോജ്യമായ പോലീസ് സേനയെ സജ്ജമാക്കാനുള്ള അവസരമായി ഈ ഭരണകാലത്തെ ഉപയോഗപ്പെടുത്തണം.
സാമൂഹ്യ നീതിയെ കുറിച്ച പരിഗണനകളും പ്രധാനമാണ്.കേരള സമൂഹത്തിന്റെ പരിഛേദമല്ല മന്ത്രിസഭ എന്ന ആക്ഷേപം ഇപ്പോൾ തന്നെ ഉയർന്നു കഴിഞ്ഞു. വിവിധ വിഭാഗങ്ങൾക്കും മേഖലകൾക്കും മതിയായ പ്രാതിനിധ്യമില്ല.അതിനാൽ തന്നെ പ്രവർത്തനത്തിൽ ഈ അസന്തുലിതത്വത്തെ മറികടക്കാനും എല്ലാ വിഭാഗങ്ങളെയും മേഖലകളെയും നീതിയോടെ പരിഗണിക്കാനും പ്രത്യേക ശ്രദ്ധ വേണം.
പുതിയ സർക്കാറിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനത്തെ കുറിച്ചും കേരളത്തിലെ ജനങ്ങൾക്ക് പരാതിയുണ്ട്.വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള നിർബന്ധിതാവസ്ഥ ഇതിന് കാരണമാവാം. പക്ഷെ, ഭരണത്തിന്റെ തന്നെ മുൻഗണനകളെ ഇത്തരം സമ്മർദ്ദങ്ങൾ സ്വാധീനിക്കരുത്.
ദലിത്, മുസ്ലിം, പിന്നാക്ക, സ്ത്രീ വിഭാഗങ്ങളെയും അവരുടെ ആവശ്യങ്ങളെയും ശരിയായി മനസിലാക്കണം. അവരുടെ ജീവിതാവസ്ഥകളിൽ നിന്ന് കാര്യങ്ങളെ കാണണം. ഭൂമിയുടെ അവകാശം മുതൽ ദലിത് വിഭാഗങ്ങൾ കാലങ്ങളായി ഉന്നയിച്ചു കൊണ്ടിരിക്കുന്ന ആവശ്യങ്ങളെ പരിഗണിക്കണം.അതിന് പക്ഷേ, കോർപ്പറേറ്റുകളോടും വമ്പൻ കമ്പനികളോടും കരുതിവെപ്പില്ലാത്ത മൽപിടുത്തത്തിനുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കേണ്ടി വരും.
മുസ്ലിം സമുദായത്തോട് വിവേചനപരമായി പെരുമാറിയതിന്റെ ഒരുപാട് ഉദാഹരണങ്ങളുണ്ട്. ആഗോള തലത്തിൽ രൂക്ഷമായികൊണ്ടിരിക്കുന്ന ഇസ്ലാഫോബിയ കേരളത്തിലും സജീവമാണ്. ഇത് കേരളത്തിന്റെ സാമുദായികാന്തരീക്ഷത്തെ തകർക്കുകയും സാമുദായിക ധ്രുവീകരണത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. പോലീസിലും എക്സിക്യൂട്ടിവിലും അത് രൂക്ഷമാണ്. ഇസ്ലാമോഫോബിയയുടെ ഗുണഭോക്താവാകുന്നതിന് പകരം അതിനെ പ്രതിരോധിക്കാനുള്ള ശ്രമമാണ് ഒരു മതനിരപേക്ഷ സർക്കാറിൽ നിന്നും പ്രതീക്ഷിക്കുന്നത്.
ന്യൂനപക്ഷ വകുപ്പ് ആർക്കും കൈകാര്യം ചെയ്യാവുന്നതാണ്. ആ അർഥത്തിൽ മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുക്കുന്നത് ആക്ഷേപാർഹവുമല്ല. എന്നാൽ നേരത്തെ പരസ്യപ്പെടുത്തിയതിൽനിന്ന് വ്യത്യസ്തമായി ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്തതിൽ ചില വിമർശനങ്ങൾ ഉയർന്നുവരുന്നുണ്ട്. കാലങ്ങളായി ന്യൂനപക്ഷ വകുപ്പ് കൈവശംവെച്ച് മുസ്ലിംകൾ അനർഹമായത് നേടിയെടുക്കുന്നു എന്നതായിരുന്നു കഴിഞ്ഞ സർക്കാറിൻ്റെ കാലത്ത് സവർണ, സംഘ്പരിവാർ വിഭാഗങ്ങൾ നടത്തിയ വർഗീയ പ്രചാരണം. കഴിഞ്ഞ സർക്കാറിനെയും വകുപ്പ് മന്ത്രിയെയും കൂടി അവരിതിൽ പ്രതിസ്ഥാനത്താക്കിയിരുന്നു. അതിനാൽ അത്യന്തം വർഗീയവും മുസ്ലിംവിരുദ്ധമായ ഈ ആരോപണത്തിൽ എത്രമാത്രം യാഥാർഥ്യമുണ്ടെന്ന് സ്ഥിതിവിവരക്കണക്കുകൾ പുറത്ത് വിട്ട് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയാറാവുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. മുസ്ലിം സമുദായ സംഘടനകളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും - ഇപ്പോഴും അവരത് ആവശ്യപ്പെടുന്നുണ്ട് - കഴിഞ്ഞ സർക്കാർ കാണിച്ച അമാന്തം മുസ്ലിം സമുദായത്തെ സംശയത്തിന്റെ നിഴലിൽ നിർത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ന്യൂനപക്ഷ വകുപ്പ് രൂപീകരിക്കാനിടയായ സാഹചര്യവും അതിന്റെ ലക്ഷ്യവും വിസ്മരിക്കപ്പെടരുത്. ന്യൂനപക്ഷ വകുപ്പ് മുസ്ലിംകൾ കൈവശം വെച്ചുകൂടാ എന്ന വർഗീയ മനോഭാവത്തെയും മുഖ്യമന്ത്രി അഭിമുഖീകരിക്കേണ്ടതുണ്ട്.
ഇന്ത്യാ രാജ്യത്തിന്റെ ശിൽപികളുടെ സ്വപ്നങ്ങൾക്ക് മേൽ കത്തി വെക്കുകയായിരുന്നു സാമ്പത്തിക സംവരണം നടപ്പിലാക്കിയതിലൂടെ സർക്കാർ ചെയ്തത്. ഒരു ന്യായീകരണവും അതിനില്ലെന്ന് പിന്നീട് സുപ്രീം കോടതിയും തെളിയിച്ചു. ഇത്തരം കാഴ്ചപ്പാടുകളെ കയ്യൊഴിഞ്ഞാൽ മാത്രമേ സാമൂഹ്യ നീതിയെ സംബന്ധിച്ച അവകാശ വാദങ്ങൾ അർഥവത്താക്കുകയുള്ളൂ. അതേസമയം പി.എസ്.സി നിയമനങ്ങളിലെയും ജോലി സ്ഥിരപ്പെടുത്തുന്നതിലെയും സംവരണ നിഷേധത്തിന്റെ അനേകം വഴികൾ അടക്കാൻ കഴിഞ്ഞ സർക്കാർ ഒന്നും ചെയ്തിട്ടില്ല എന്നുതന്നെ പറയേണ്ടിവരും. നമ്മുടെ സെക്രട്ടറിയറ്റിലേയും ഉദ്യോഗസ്ഥ വൃന്ദത്തിലെയും സവർണ താൽപര്യങ്ങളെ മറികടന്നു മാത്രമേ ഇതു സാധിക്കൂ.
പിന്നാക്കം നിൽക്കുന്ന മേഖലകളോടും അനുഭാവപൂർണമായ സമീപനം സ്വീകരിക്കണം. കേരളത്തിൽ വികസനത്തിന്റെ ഏതളവ് കോലിലും പിറകിലാണ് മലബാർ മേഖല. അടിസ്ഥാന സൗകര്യ, വിദ്യാഭ്യാസ, വ്യവസായ മേഖലകളിൽ ഇത് പ്രകടമാണ്. ഈ തിരിച്ചറിവ് കേരളത്തിനുണ്ട്. വിശേഷിച്ചും വിദ്യാഭ്യാസ മേഖലയിൽ . പക്ഷെ കഴിഞ്ഞ രണ്ട് ഇടതുപക്ഷ സർക്കാറുകളും ഇത് കാര്യമായി പരിഗണിച്ചിട്ടില്ല. ഹയർ സെക്കണ്ടറി മേഖലയിൽ അനുഭവിക്കുന്ന സൗകര്യങ്ങളുടെ അപര്യാപ്തതക്ക് താൽക്കാലിക പരിഹാരം കണ്ടെത്തുക മാത്രമാണ് ഇടത് സർക്കാർ ചെയ്തത്.പുതിയ ഹയർ സെക്കണ്ടറി ബാച്ചുകളും ഉന്നത വിദ്യാഭ്യാസത്തിന് കോളേജുകളും അനുവദിച്ചത് ഉമ്മൻ ചാണ്ടി സർക്കാറായിരുന്നു. സൗകര്യക്കുറവ് ഇപ്പോഴും മലബാർ വൻതോതിൽ അനുഭവിക്കുന്നുണ്ട്. മതനിരപേക്ഷമൂല്യങ്ങൾ വിദ്യാഭ്യാസ മേഖലയിൽ ഉയർത്തിപ്പിടിക്കുന്ന സർക്കാർ നീതിപൂർവം വിദ്യാഭ്യാസ ലഭ്യത ഉറപ്പു വരുത്തുകയും വേണം.
സ്ത്രീ സമൂഹത്തെ സംബന്ധിച്ച സർക്കാറിന്റെ പരിഗണനകൾ ശ്രദ്ധേയമാണ്. എന്നാൽ അതോടൊപ്പംതന്നെ സ്ത്രീ സൗഹാർദപരമായ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക അന്തരീക്ഷം രൂപപ്പെടുത്തിയെടുക്കാൻ അനിവാര്യമായ സോഷ്യൽ എഞ്ചിനീയറിങും നിയമനിർമാണവും സർക്കാർ നടത്തേണ്ടതായിട്ടുണ്ട്.
Adjust Story Font
16