Quantcast

ഓണ്‍ലൈനില്‍ പുസ്തകം വിറ്റു തുടങ്ങി ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ജെഫ് ബെസോസിന്‍റെ ജീവിതം; മനുഷ്യരാശിയെ മാറ്റിമറിച്ച ആമസോണിന്‍റെ കഥ

ഒരു ഓഹരിക്ക് 18 ഡോളർ എന്ന നിരക്കിലാണ് ആമസോണിന്റെ ആദ്യ ഷെയർ പുറത്തിറക്കിയത്. കമ്പനിയുടെ വിപണിമൂല്യം അന്ന് 300 മില്യൺ ഡോളറായി കണക്കാക്കിയാരുന്നു ആ വിലയ്ക്ക് ഓഹരി പുറത്തിറക്കിയത്. ആ ഷെയർ ഇന്ന് വിപണനം ചെയ്യുന്നത് 3500 ഡോളറിനാണ്. ആകെ മൂലധനം ഇപ്പോൾ 1.75 ട്രില്യൺ ഡോളറാണ്.

MediaOne Logo

Nidhin

  • Published:

    5 July 2021 5:19 PM GMT

ഓണ്‍ലൈനില്‍ പുസ്തകം വിറ്റു തുടങ്ങി ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ജെഫ് ബെസോസിന്‍റെ ജീവിതം;  മനുഷ്യരാശിയെ മാറ്റിമറിച്ച ആമസോണിന്‍റെ കഥ
X

കാലം 1994 ഇന്‍റർനെറ്റ് അതിന്‍റെ ചരിത്രപരമായ വളർച്ചയുടെ ഗതിവേഗം പതിയെ കൂട്ടിവരുന്ന കാലഘട്ടം. അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ ഒരു 30 വയസുകാരന് തലയിൽ ഒരു ആശയം മിന്നിമറഞ്ഞു. പിന്നീട് ലോകത്തെ തന്നെ ഏറ്റവും വലിയ കോടീശ്വരനായി അദ്ദേഹത്തെ വളർത്താൻ കെൽപ്പുള്ളതായിരുന്നു ആ ആശയം.

അതെ ജെഫ് ബെസോസായിരുന്നു ആ 30കാരൻ. ഇന്ന് വളർന്നു പന്തലിച്ചിരിക്കുന്ന ഇ-കൊമേഴ്്‌സ് വെബ്‌സൈറ്റായ ആമസോണിന്റെ എല്ലാമെല്ലാമായ ജെഫ് ബെസോസ്.

കഴിഞ്ഞ വർഷം ഇന്ത്യയിൽ വന്നപ്പോൾ ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ നിറഞ്ഞ സ്റ്റേഡിയത്തിലെ ജനങ്ങളോട് അദ്ദേഹം സംസാരിച്ചിരുന്നു. ' 1994 ൽ ന്യൂയോർക്ക് നഗരത്തിൽ ജോലിയെടുത്ത് ജീവിക്കുകയായിരുന്ന ഞാൻ ഒരു കാര്യ മനസിലാക്കി. വേൾഡ് വൈഡ് വെബ് (WWW) വേഗത്തിൽ വളരുകയാണ്. പെട്ടെന്ന് ഞാൻ ആലോചിച്ചു എന്തുകൊണ്ട് ഈ സാധ്യത നമ്മുക്ക് ഉപയോഗിച്ചുകൂട? ഞാൻ എന്റെ മുതലാളിയായ ഡേവിഡിനോട് അതിനെകുറിച്ച് സംസാരിച്ചു. ഓൺലൈൻ വഴി പുസ്തകങ്ങൾ വിൽക്കാനായിരുന്നു എന്റെ ആശയം. എന്റെ ആശയം കേട്ട അദ്ദേഹം എന്നെയും കൊണ്ട് സെൻട്രൽ പാർക്കിൽ നടക്കാൻ പോയി എന്നിട്ട് പറഞ്ഞു- നിന്റെ ആശയം നല്ലതാണ് എനിക്കിഷ്ടമായി, എന്നാലും നീ കുറച്ചു ദിവസം ആലോചിച്ചു നോക്ക് കാരണം നീ പറഞ്ഞ ആശയം നിലവിൽ നല്ലയൊരു ജോലിയുള്ള നിന്നെ പോലുള്ള ഒരാൾക്ക് ചേർന്നതല്ല.''

പക്ഷേ അതൊരു തുടക്കമായിരുന്നു. കമ്പ്യൂട്ടർ സയൻസിൽ പ്രാവീണ്യമുള്ള ബെസോസ് എന്ന മനുഷ്യൻ ന്യൂയോർക്കിൽ നിന്ന് സിയാറ്റിലേക്കുള്ള യാത്രയ്ക്കിടയിൽ ആമസോൺ എന്ന തന്റെ സ്വപ്‌നത്തിന്റെ രൂപരേഖ വരച്ചുണ്ടാക്കി. യഥാർത്ഥത്തിൽ 21-ാം നൂറ്റാണ്ടിൽ മനുഷ്യരാശിയുടെ ജീവിതരീതി തന്നെ മാറ്റിമറിച്ച ഒരു സംരഭത്തിന്റെ ചിത്രമാണ് അന്ന് ആ യാത്രയിൽ പിറന്നുവീണത്.

ആദ്യം അദ്ദേഹത്തിന്റെ കമ്പനിക്ക് നൽകിയ പേര് 'കഡാബ്ര' എന്നായിരുന്നു. പക്ഷേ പിന്നീട് അത് ആമസോൺ എന്നാക്കി മാറ്റുകയായിരുന്നു. അതിന് പിന്നിൽ രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്ന് അക്കാലത്ത് വെബ്‌സൈറ്റുകൾ ലിസ്റ്റ് ചെയ്യുന്നത് അക്ഷരമാല ക്രമത്തിലായിരുന്നു. രണ്ടാമത്തെ കാരണം ലോകത്തിലെ ഏറ്റവും വലിയ നദിയുടെ പേര് നൽകുന്നതിലൂടെ അദ്ദേഹത്തിന്റെ ഓൺലൈൻ ബുക്ക് സ്‌റ്റോറിന്റെ വലിപ്പം കൂടി കാണിക്കാൻ കൂടിയായിരുന്നു.

പിന്നെ നടന്നത് ചരിത്രമായിരുന്നു ഇന്നും ലോകത്തെ ഏത് ബിസിനസ് സംരഭങ്ങളെയും ത്രസിപ്പിക്കുന്ന ചരിത്രം. ചെറിയൊരു ഗാരേജിൽ നിന്ന് ഒരു ടു-ബെഡ് റൂം വീടിലേക്ക് ആമസോൺ മാറി. പക്ഷേ ആമസോൺ ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ അമേരിക്ക മുഴുവനും കൂടാതെ 45 രാജ്യങ്ങളിലും ആമസോൺ അവരുടെ സേവനം ആരംഭിച്ചു. ആ സമയങ്ങളിൽ ബെസോസ് സ്വയം പാർസലുകൾ പാക്ക് ചെയ്യുകയും സ്വന്തം കാറിൽ പാർസലുകൾ ഡെലിവറി ചെയ്യുകയും ചെയ്യുമായിരുന്നു.

1997 ൽ 256 ജോലിക്കാർ മാത്രമായിരുന്നു ആമസോണിലുണ്ടായിരുന്നത്. ആ സമയത്തായിരുന്നു ആമസോൺ ചരിത്രപരമായ മറ്റൊരു തീരുമാനത്തിലേക്ക് കടന്നത്-കമ്പനിയുടെ ഓഹരികൾ സ്‌റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുക. ഒരു ഓഹരിക്ക് 18 ഡോളർ എന്ന നിരക്കിലാണ് ആമസോണിന്റെ ആദ്യ ഷെയർ പുറത്തിറക്കിയത്. കമ്പനിയുടെ വിപണിമൂല്യം അന്ന് 300 മില്യൺ ഡോളറായി കണക്കാക്കിയാരുന്നു ആ വിലയ്ക്ക് ഓഹരി പുറത്തിറക്കിയത്. ആ ഷെയർ ഇന്ന് വിപണനം ചെയ്യുന്നത് 3500 ഡോളറിനാണ്. ആകെ മൂലധനം ഇപ്പോൾ 1.75 ട്രില്യൺ ഡോളറാണ്.




കേവലം ഓൺലൈൻ ബുക്ക് വിപണനത്തിൽ നിന്ന് എല്ലാ സാധനങ്ങളും ലഭിക്കുന്ന രീതിയിലേക്ക് ആമസോൺ മാറിയതിന് തൊട്ടുപിന്നാലെയാണ് ഈ ഓഹരികളും പുറത്തിറക്കിയതും.

എന്താണ് ബെസോസിന്റെ ജീവിതവിജയത്തിന്റെ കാരണമെന്ന് ചോദ്യത്തി്‌ന് ബെസോസിന്റെ ഉത്തരമിതായിരു്ന്നു- 'നിങ്ങൾ പുതിയ കാര്യങ്ങൾ പഠിപ്പിക്കേണ്ട ജോലിക്കാർക്ക് പകരം നിങ്ങൾക്ക് പുതിയ കാര്യങ്ങൾ പഠിപ്പിച്ചുതരാൻ കഴിവുള്ള ജീവനക്കാരെ നിങ്ങൾ ജോലിക്കെടുക്കുക.''

ആമസോൺ സർവീസുകൾ

  • . റീട്ടെയിൽ ഗുഡ്‌സ്
  • . ആമസോൺ പ്രൈം
  • . കൺസ്യൂമർ ഇലക്ട്രോണിക്‌സ്
  • . ആമസോൺ സ്റ്റുഡിയോസ്
  • . ആമസോൺ ലൂണ
  • . ആമസോൺ വീഡിയോ
  • . ആമസോൺ ഡെലിവറി
  • . ആമസോൺ ബിസിനസ്
  • . ആമസോൺ ഡ്രൈവ്
  • . പ്രൈവറ്റ് ലേബൽസ് ആൻഡ് എക്‌സ്‌ക്യൂസീവ് മാർക്കറ്റിങ് അറേഞ്ച്‌മെന്റ്‌സ്
  • . ആമസോൺ വെബ് സർവീസസ്
  • . ആമസോൺ പബ്ലിഷിങ്
  • . ആമസോൺ സമൈൽ
  • . ആമസോൺ ലോക്കൽ
  • . ആമസോൺ റീട്ടെയിൽ സറ്റോർസ്
  • . ആമസോൺ ഹോം സർവീസസ്
  • . ആമസോൺ ക്യാഷ്/ടോപ്പ് അപ്പ്

200 ബില്യൺ ഡോളർ വരുന്ന സമ്പത്തുമായി നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികനാണ് ജെഫ് ബെസോസ്. അടുത്തിടെ അദ്ദേഹത്തിന്റെ ഭാര്യയായ മക്കെൻസി സ്‌കോട്ടുമായുള്ള വേർപിരിയൽ ലോകത്തെ ഏറ്റവും വിലകൂടിയ വിവാഹമോചനമായി രേഖപ്പെടുത്തിയിരുന്നു.

2021 ജൂലൈ അഞ്ചിന് ഇനിയൊന്നും നേടാനില്ലത്താവണ്ണം ആമസോണിനെ ശക്തമാക്കി ആമസോണിന്റെ 27-ാം ജന്മദിനത്തിൽ അതിന്റെ സിഇഒ സ്ഥാനത്തു നിന്ന് അദ്ദേഹം പടിയിറങ്ങി.

അതേസമയം ആമസോൺ അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിയമ പ്രശ്‌നങ്ങൾ നേരിടുമ്പോഴാണ് അദ്ദേഹത്തിന്റെ പടിയിറക്കം എന്നത് ചരിത്രത്തിന്റെ മറ്റൊരു വിരോധാഭാസമായി കണക്കാക്കാം.

ആമസോൺ അതിന്റെ വെയർഹൗസുകളിലെ തൊഴിൽ സാഹചര്യങ്ങൾ വഷളാകുന്നതിനും, മനുഷ്യത്വരഹിതമായ ജോലികൾക്കും, തൊഴിലാളികളെ യൂണിയൻവൽക്കരണത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചതിനും ആരോപണങ്ങൾ നേരിടുന്ന കാലഘട്ടം കൂടിയാണിത്.

ആമസോൺ അതിന്റെ ജീവനക്കാർക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ബെസോസ് ഓഹരി ഉടമകൾക്ക് അയച്ച അവസാന കത്തിൽ സമ്മതിച്ചിരുന്നു. എന്നാൽ ഇത് വിമർശകരെ കൂടുതൽ പ്രകോപിക്കുകയാണുണ്ടായത്.

ജെഫ് ബെസോസ് നികുതി അടക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപണവും നിലനിൽക്കുന്നുണ്ട്.

ഇതൊക്കെ നിലനിൽക്കെ തന്നെ ഒരിക്കൽ ജെഫ് ബെസോസ് പറഞ്ഞിരുന്നു-

'' ഞാൻ ഒരു 80 വയസുള്ള എന്നെ സങ്കൽപ്പിച്ചു നോക്കി അന്ന് ഈ കമ്പനിയുടെ ആശയം ഉപേക്ഷിച്ചിരുന്നെങ്കിൽ പാതിയിൽ കമ്പനി നിർത്തിയിരുന്നെങ്കിൽ എനിക്ക് ഇപ്പോൾ കനത്ത കുറ്റബോധമുണ്ടായേനെ''

അതുകൊണ്ട് അദ്ദേഹത്തിന്റെ യാത്ര മുന്നോട്ട് തന്നെയാണ്. ആ 57 വയസുകാരൻ തന്റെ സ്വപ്‌നം ഇന്നു ലോക്ക് ചെയ്തു വച്ചിരിക്കുന്നത് അങ്ങ് ബഹിരാകാശത്താണ്. അതിന് വേണ്ടി അദ്ദേഹം ഉണ്ടാക്കിയ കമ്പനിയാണ് ബ്യൂ ഒറിജിൻ.

അതിന് കൃത്യമായ കാരണവും അദ്ദേഹത്തിനുണ്ട്. അദ്ദേഹം പറയുന്നത് അനുസരിച്ച് '' കുറേ കാലം കഴിഞ്ഞാൽ എന്നു പറഞ്ഞാൽ നൂറ്റാണ്ടിനപ്പുറം ഈ ഭൂമിയെ മലിനീകരിക്കു്ന്ന കമ്പനികൾ ബഹിരാകാശത്തേക്ക് പ്രവർത്തനം മാറ്റേണ്ടി വരും. ഭൂമി താമസിക്കാനും ചെറിയ വ്യവസായങ്ങൾക്കും വേണ്ടി മാറ്റിവയ്ക്കപ്പെടും- ഭൂമിയൊരു പൂന്തോട്ടമാകും.''

ഒരിക്കലും ബഹിരാകാശത്ത് ഒരു വലിയ കമ്പനിയാകാൻ അദ്ദേഹം ഇഷ്ടപെടുന്നില്ല. പക്ഷേ പറയുന്നത് ജെഫ് ബെസോസായതുകൊണ്ട് തന്നെ വലിയൊരു വിപ്ലവം തന്നെ പ്രതീക്ഷിക്കേണ്ടതുണ്ട്.

ബഹിരാകാശ യാത്ര എല്ലാവർക്കും പ്രാപ്തമാകുന്ന രീതിയിൽ ചെലവ് കുറയ്ക്കാനാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം.

ആമസോണിൽ നിന്ന് ഇറങ്ങി രണ്ടാഴ്ചക്കുള്ളിൽ അദ്ദേഹത്തിന്റെ കൂട്ടുകാരൻ മാർക്കിനെയും കൂടി ഒരു ബഹിരാകാശ യാത്ര നടത്താൻ തന്നെയാണ് അദ്ദേഹത്തിന്റെ പ്ലാൻ. അതുപോലെ വ്യത്യസ്തമായ പുതിയ പ്രഖ്യാപനങ്ങൾക്ക് കാതോർത്തിരിക്കുകയാണ് ലോകം.

വെറുമൊരു ഓൺലൈൻ പുസ്തക വിപണനത്തിൽ തുടങ്ങി ഇന്ന് ആമസോൺ പ്രൈം, കിൻഡിൽ, അലെക്‌സ, ക്ലൗഡ് സർവീസ് തുടങ്ങി കൈവയ്ക്കാത്ത് മേഖലകളില്ലാത്ത ഒന്നാക്കി ആമസോണിന്റെ മാറ്റിയത് ഇന്ന് അവിടെ നിന്ന് പടിയിറങ്ങിയ ജെഫ് ബെസോസ് എന്ന അതികായനാണ്. നൂറ്റാണ്ടിന്‍റെ ചരിത്രത്തിൽ തനിക്ക് എനിയും കുറേ ഏടുകൾ എഴുതി ചേർക്കാനുണ്ടെന്ന് പറഞ്ഞുകൊണ്ട് പുതിയ സംരഭവുമായി അദ്ദേഹം വരിക തന്നെ ചെയ്യും.

TAGS :

Next Story