Quantcast

ലക്ഷദ്വീപിൽ ഇതുവരെ സംഭവിച്ചതെന്ത്?

രാഷ്ട്രീയപരമായി ദ്വീപിനെ കൈപിടിയിലൊതുക്കാന്‍ ഒരു പക്ഷെ ബി.ജെ.പിക്ക് അടുത്തകാലത്തൊന്നും കഴിഞ്ഞെന്ന് വരില്ല. എന്നാല് മറ്റു രീതിയില്‍ ദ്വീപിനെ മാറ്റിമറിക്കാനുള്ള ശ്രമം ഇപ്പോള്‍ നടക്കുന്നില്ലേയെന്ന് മനസിലാക്കാന്‍ ദ്വീപില്‍ സംഭവിച്ച കാര്യങ്ങള്‍ പരിശോധിക്കണം

MediaOne Logo
ലക്ഷദ്വീപിൽ ഇതുവരെ സംഭവിച്ചതെന്ത്?
X

ലക്ഷദ്വീപില് നടപ്പാക്കുന്നത് ഫാസിസ്റ്റ് അജണ്ടയാണോ കോര്‍പറേറ്റ് അജണ്ടയാണോ വികനസമാണോയെന്നതാണ് ഇപോഴും ചിലയിടങ്ങളിലെങ്കിലും തര്‍ക്കവിഷയമായി നിലനില്‍ക്കുന്നത്. ദ്വീപില്‍ ബി.ജെ.പി എന്ന പാര്‍ട്ടി പേരിനുണ്ട്. രാഷ്ട്രീയപരമായി ദ്വീപിനെ കൈപിടിയിലൊതുക്കാന്‍ ഒരു പക്ഷെ ബി.ജെ.പിക്ക് അടുത്തകാലത്തൊന്നും കഴിഞ്ഞെന്ന് വരില്ല. എന്നാല് മറ്റു രീതിയില്‍ ദ്വീപിനെ മാറ്റിമറിക്കാനുള്ള ശ്രമം ഇപ്പോള്‍ നടക്കുന്നില്ലേയെന്ന് മനസിലാക്കാന്‍ ദ്വീപില്‍ സംഭവിച്ച കാര്യങ്ങള്‍ പരിശോധിക്കണം.

പഴയ അഡ്മിനിസ്ട്രോ റ്റര്‍ ദ്വിനേശ്വര്‍ ശര്‍മ്മയുടെ മരണം മുതല്‍ ദ്വീപിന്റെ ചലനങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞത് നിരവധി കാര്യങ്ങളാണ്. കഴിഞ്ഞ ഡിസംമ്പര്‍ ആദ്യവാരത്തിലാണ് പ്രഫുല്‍ ഘോട പട്ടേല്‍ ലക്ഷദ്വീപില്‍ എത്തുന്നുവെന്ന വിവരം അറിയുന്നത്. ദാമന്‍ ദിയുവിന്റെ അഡ്മിനിസ്ട്രേറ്ററായിരിക്കെ അധിക ചുമതലയാണ് ലക്ഷദ്വീപില്‍ പട്ടേലിന് നല്‍കിയത്. വരുന്നതിനേ തൊട്ടു മുമ്പെ തന്നെ പട്ടേല്‍ ദ്വീപിലെ ഉദ്യോഗസ്ഥരോട് ചില നിര്‍ദേശങ്ങള് നല്‍കി. അദ്ദേഹം കടന്നുപോകുന്ന വഴിയിലുള്ള തെങ്ങുകളെല്ലാം കാവി കളറടിക്കണമെന്ന്. ദ്വീപുകാര്‍ ഇതുകേട്ട് ഞെട്ടി. ഉടമകളോട് അനുവാദമൊന്നും ചോദിക്കാതെ ഉദ്യോഗസ്ഥര്‍ തെങ്ങുകള്‍ക്ക് കാവിയടിക്കാന്‍ തുടങ്ങി. ചോദിച്ചവരോട് പറഞ്ഞു തെങ്ങിലെ കീടങ്ങള്‍ നശിപ്പിക്കാനാണെന്ന്. കാവി കളറിന് കീടങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന് ദ്വീപുകാര്‍ക്ക് പെട്ടെന്ന് പിടികിട്ടി. തെങ്ങുകള്‍ക്ക് മാത്രമല്ല പിന്നെ പൊതു കിണറുകള്‍ക്ക് വരെ കാവി നിറം. പിന്നീട് ഡിസംമ്പര്‍ 15 ന് വന്നിറങ്ങി പത്ത് ദിവസം കഴിയുമ്പോഴാണ് ലക്ഷദ്വീപിലൊരു അറസ്റ്റ് നടക്കുന്നത്.



കോണ്‍ഗ്രസുകാരനായ ആറ്റക്കോയ, സി.പി.എംകാരനായ റഹിം എന്നിവരടക്കം 5 പേരെ കവരത്തി പോലിസ് അറസ്റ്റ് ചെയ്യുന്നു. കാരണം അന്വേഷിച്ചപ്പോഴാണ് ഇന്ത്യയിലൊട്ടാകെ നടന്ന സി.എ.എ സമരത്തിന്റെ ഭാഗമായി ലക്ഷദ്വീപിലെ ഒരു ബോര്‍ഡ് അഡ്മിനിസ്ടേറ്റര്‍ ശ്രദ്ധിച്ചിരുന്നുവത്രെ. ഇന്ത്യ ഈസ് നോട്ട് നരേന്ദ്രമോഡീസ് ഫാദേഴ്സ് പ്രോപര്‍ട്ടി എന്നാണതില്‍ എഴുതിയിരുന്നത്. ഈ ബോര്‍ഡ് സ്ഥാപിച്ചതിന് രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. അവരിപ്പോ ജാമ്യത്തിലാണ്. ദ്വീപിലെ ഭൂരിഭാഗം പേരും മത്സ്യതൊഴിലാളിക‍ള്‍ ആണ്. മത്സ്യ തൊഴിലാളികളുടെ ബോട്ട് സൂക്ഷിക്കുന്ന ഷെഡുകള്‍ ഒരു രാത്രി ജെ.സി.ബി ഉപയോഗിച്ച് ഇടിച്ച് നിരത്തി. അവര്‍ നിലവിളിച്ചുകൊണ്ട് രാത്രിയില്‍ അവിടെ ഓടി നടന്നു. അതിന് കാരണം പറഞ്ഞത് സര്‍ക്കാര്‍ വക സ്ഥലത്താണ് ഷെഡുകളെന്നാണ്. കാലങ്ങളായി ആരും ചോദ്യം ചെയ്യാത്ത ആ ഷെഡുകളങ്ങനെ നാമാവശേഷമായി. ഇതിന്റെ പരിണിതഫലമാണ് ടോട്ടോ ചുഴലികാറ്റടിച്ചപ്പോള്‍ ബോട്ട് സൂക്ഷിക്കാനിടമില്ലാതെ എല്ലാം കടലില്‍ കിടന്ന് തകര്‍ന്നിടിഞ്ഞത്. അങ്ങനെ ദ്വീപ് ജനതയെ ഒന്നടങ്കം ദാരിദ്രത്തിലാക്കാന്‍ ഈ അഡ്മിനിസ്ടേറ്റര്‍ക്ക് പെട്ടന്ന് സാധിച്ചു. പിന്നീടിങ്ങോട്ടാണ് പരിഷ്കാരങ്ങള്‍ ഓരോന്നായി പല രൂപത്തിലെത്തുന്നത്.

കോവിഡ് കേസുകള്‍ ഒന്നും റിപോര്‍ട്ട് ചെയ്യാത്ത ദ്വീപെന്ന് പലതവണ വാര്‍ത്തകളില്‍ നിറഞ്ഞതാണ് ലക്ഷദ്വീപ്. എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ പെട്ടന്നൊരു സുപ്രഭാതത്തില്‍ മാറ്റി. പ്രോട്ടോക്കാള്‍ മാറ്റുന്നതായി അറിയിപ്പ് ലഭിച്ചതോടെ ദ്വീപില്‍ വലിയ പ്രതിഷേധം നടന്നു. കൊച്ചിയില്‍ നിരീക്ഷണം വേണം, പരിശോധന സര്ട്ടിഫിക്കറ്റ് വേണം, അവിടെയെത്തിയാല്‍ --7 ദിവസം ക്വാറന്റൈന്‍ വേണം എന്ന നിബന്ധനയൊക്കെ എടുത്തുമാറ്റി. ഇതോടെ താല്പര്യക്കാരായ ടൂറിസ്റ്റുകളെ കൊണ്ടുവന്നു. ഇതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയും കേസ്. ഈ സമയങ്ങളിലും ദ്വീപുകാര്‍ അത്ഭുതപ്പെട്ടത് മുമ്പുണ്ടായിരുന്ന അഡ്മിനിസ്ടേറ്റര്മാര്‍ ദീപുകാരുമായി ആലോചിച്ച് തിരുമാനമെടുത്തിരുന്ന പതിവ് രീതി മാറി തനിച്ച് തീരുമാനമെടുക്കുന്നതാണ്. മുന്‍കാല അഡ്മിനിസ്ടേറ്റര്മാര് കേന്ദ്ര സര്ക്കാര്‍ നോമിനികളായിരുന്ന ഐ.എ.എസുകാരായിരുന്നു. എന്നാല്‍ പട്ടേലെന്ന രാഷ്ട്രീയക്കാരനെത്തിയതിന് പിന്നിലെ താല്‍പര്യം അവര്‍ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.

മദ്യമില്ലാത്ത ദ്വീപില്‍ ടൂറിസത്തിന്റെ ഭാഗമായി മദ്യം വേണമെന്നാക്കി. മദ്യം കുടിക്കണമെന്നുള്ളവര്‍ കുടിച്ചാല്‍ മതിയെന്ന് കരുതാം. എന്നാല്‍ ഒരു കേസ് പോലും റിപോര്‍ട്ട് ചെയ്യാത്ത ദ്വീപിലെന്തിന് ഗുണ്ടാ ആക്റ്റെന്ന് ചോദിക്കരുതെന്ന് മാത്രം. 2019 ലെ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പരിശോധിച്ചു നോക്കൂ. അതില്‍ പൂജ്യം കാണുന്നത് ലക്ഷദ്വീപില് മാത്രമാണ്. ഗുണ്ടാ ആക്ട് വന്നാല് ക്രമിനല്‍സ് മാത്രം പേടിച്ചാ മതിയെന്നാണ് ഭരണകൂടം പറയുന്ന ന്യായീകരണം. ക്രിമിനല്‍സ് ആരാണെന്ന് അവര്‍ നിശ്ചയിക്കും. അതാണതിലെ ഭയപ്പെടേണ്ട വസ്തുത. സ്കൂള്‍ വിദ്യാര്ത്ഥികളുടെ മെനു വെജിറ്റേറിയനാക്കുന്നു. ദ്വീപില്‍ ഗോവധം നിരോധിച്ചുള്ള ഉത്തരവ്. ബീഫിന് പൂര്ണ നിരോധനം. തദ്ദേശീയരായവരെ ജോലിയില്‍ നിന്ന് പിരിച്ച് വിടുന്നു. നിരവധി താല്‍കാലികക്കാരായ ആളുകള്‍ ജോലി ഇല്ലാതാകുന്നു. കപ്പല്‍ സര്‍വീസ് സ്വകാര്യവല്‍ക്കരിക്കുന്നു. തദ്ദേശീയരായ 10000 അധികം ജീവനക്കാര്‍ നിലവില്‍ കപ്പല്‍ സര്‍വീസ് ലക്ഷദ്വീപ് ഡവലപ്മെന്റ് അതോറിറ്റിക്ക് കീഴിലാണ്. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് ഇത് കൈമാറുന്നു. ദ്വീപിലെ പ്രധാന സാമ്പത്തിക സ്രോതസ് കപ്പലിലെ ജീവനക്കാരുടെ ശമ്പളമാണ്. ഇതാണ് ഇല്ലാതാക്കുന്നത്. ഡയറിഫാമുകള് അടച്ചുപൂട്ടുന്നു പകരം ഗുജറാത്തിലെ അമുല്‍ കമ്പനിയുടെ പാല്‍പ്പൊടി ദ്വീപിലെത്തുന്നു.

ചരക്കുഗതാഗതം ബേപ്പൂരില്‍ നിന്നും മാറ്റി മഗലാപുരത്തേക്കാക്കുന്നു. കേരളവുമായുള്ള ബന്ധം പൂര്‍ണമായും അടപ്പിക്കുന്ന തരത്തിലാണ് ഈ നീക്കങ്ങള്‍. സ്കൂളുകള്‍ പലതും അടച്ചു പൂട്ടുന്നു. 15 സ്കൂളുകള്‍ക്കാണ് താഴ്വീഴാന്‍ പോകുന്നത്. 2012 ലെ അധികാര വികേന്ദ്രീകരണത്തിന്റെ ഫലമായിട്ടാണ് പഞ്ചായത്തിന് ചില അധികാരമങ്ങള്‍ ദ്വീപിലുണ്ടാകുന്നത്. എന്നാല്‍ ഈ പഞ്ചായത്തിന്റെ അധികാരം എടുത്ത് കളയാന്‍ പോകുന്നതോടെയാണ് സത്യത്തില്‍ ദ്വീപ് ജനത ശരിക്കുമൊന്ന് ഉണര്‍ന്നതെന്ന് വേണമെങ്കില്‍ പറയാം. -അനിമല്‍ ഹസ്ബണ്ടറി, എഡ്യൂക്കേഷന്. ഹെല്‍ത്ത്, അഗ്രികള്‍ച്ചറല്‍, ഫിഷറീസ്.എന്നീ വകുപ്പുകളിലെ അധികാരങ്ങള്‍ പഞ്ചായത്തില് നിന്നും എടുത്തുമാറ്റുന്നു. ഇത് ഡ്രാഫ്റ്റായപ്പോഴേക്കും ഭരണകൂടം നടപടി തുടങ്ങി. വിദ്യാഭ്യാസ വകുപ്പിലില്‍ ഫിഷറീസിലൊക്കെ ട്രാന്‍സ്ഫറടക്കമുള്ള കാര്യങ്ങള്‍ ‍നടത്തികഴിഞ്ഞു. ഇതിനെതിരെ പഞ്ചായത്ത് തന്നെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.



പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് രണ്ട് മക്കളില്‍ കൂടുതലുണ്ടാവാന്‍ പാടില്ലെന്ന് നിബന്ധനയും ഇതൊടൊപ്പമുണ്ട്. ദ്വീപുകാര്‍ ഏറ്റവും ഭയക്കുന്നത് ലക്ഷദ്വീപ് കണ്ട്രീ ഡവലപ്മെന്റ് പ്ലാന് റെഗുലേഷനുമായി ബന്ധപ്പെട്ട് വരാന്‍ പോകുന്ന നിയമത്തെയാണ്. നിലവില്‍ പട്ടയമില്ലാത്ത പണ്ടാര ഭൂമിയുണ്ട് ദ്വീപിലാകമാനം. വികസനത്തിന്റെ പേരില്‍ അനുമതിയില്ലാതെ ഈ ഭൂമി ഏറ്റെടുക്കാമെന്നതാണ് ഇതിലെ വ്യവസ്ഥ. അതോടൊപ്പം ഭൂമിയിലെ ക്രയവിക്രയങ്ങള്‍ക്ക് എട്ട് മടങ്ങ് സ്റ്റാമ്പ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. നിലവില്‍ ഈ നിയമങ്ങളൊന്നും നടപ്പായില്ലെന്നാണ് പറയുന്നത്. എന്നാല്‍ നടപ്പാക്കികൊണ്ടിരിക്കുന്ന ചിലതുണ്ട്. ചികിത്സാ സൌകര്യമില്ലാത്ത ദ്വീപില്‍ എയര്‍ ആംമ്പുലന്‍സ് സൌകര്യമേര്‍പ്പെടുത്തണമെങ്കില്‍ ഇപ്പോള്‍ നാലംഗ ബോര്‍ഡിന്റെ അനുമതി വേണം. നിലവില്‍ ദ്വീപില്‍ തദ്ദേശിയരെ മാത്രം നിര്‍ത്തി ബാക്കിയുള്ളവരെ പറഞ്ഞയക്കുന്നു. പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് നിലപാട്. തെങ്ങുകൊണ്ട് നിറഞ്ഞ ദ്വീപില്‍ ഓല മടലൊന്നും ഇടാന്‍ പാടില്ലെന്ന് ഇട്ടാല്‍ പിഴയെന്നും അറിയിപ്പ്. ഇക്കാര്യങ്ങളൊക്കെ ദ്വീപുകാരെ പറഞ്ഞ മനസിലാക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപെടുത്തിയിരിക്കുയാണിപ്പോള്‍. മീന്‍ പിടുത്ത ബോട്ടില്‍ പോലും സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്ന് ഉത്തരവറിക്കിയതോടെ കടുത്ത പ്രതിഷേധം ഉയര്‍ന്നു. അത് നിലവില്‍ താല്കാലികമായി പിന്‍വലിച്ചിരിക്കുകയാണിപ്പോള്‍. രാഷ്ട്രീയപരമായി നേരിടാനാവാത്തത് പല വഴിയിലൂടെ നേടിയെടുക്കുന്നതിന്റെ നേര്‍ ചിത്രങ്ങളാണ് ദ്വീപിലിപ്പോള്‍ അരങ്ങേറുന്നത്. കോര്‍പ്പറേറ്റ് താല്പര്യങ്ങളെ മുന്നിര്‍ത്തി ഫാസിസ്റ്റ് അജണ്ട നടപ്പാക്കുകയാണ് ദ്വീപിലിപ്പോള്‍.

TAGS :

Next Story