സാമൂഹ്യനീതിയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ വീഴ്ച ഓര്‍മിപ്പിച്ച് ഹകീം അസ്ഹരി; സാമ്പത്തിക സംവരണ കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച ധൃതി സംശയകരം
ഒന്നാം പിണറായി സര്‍ക്കാര്‍ പത്ത് ശതമാനം മുന്നാക്ക സംവരണം നടപ്പാക്കിയപ്പോള്‍ കാര്യമായ വിമര്‍ശനം കാന്തപുരം വിഭാഗം ഉയര്‍ത്തിയിരുന്നില്ല. വിദ്യാര്‍ഥി വിഭാഗമായ എസ്.എസ്.എഫിന്റെ മുഖപത്രമായ രിസാല വാരികയില്‍ മുന്നാക്ക സംവരണത്തെ പിന്തുണച്ച് ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
കോഴിക്കോട് :സാമ്പത്തിക സംവരണം തിടുക്കത്തില്‍ നടപ്പാക്കി സാമൂഹ്യനീതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്‌തെന്ന വിമര്‍ശനമവുമായി സുന്നി യുവജനസംഘം ജനറല്‍ സെക്രട്ടറി ഹകീം അസ്ഹരിയുടെ ലേഖനം. കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ 'സിറാജി'ലാണ് സത്യപ്രതിജ്ഞാ ദിനത്തില്‍ ഹകീം അസ്ഹരിയുടെ ലേഖനം പ്രസിദ്ധീകരിച്ചത്.
സാമ്പത്തിക നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കാണിച്ച ഉത്സാഹം സാമൂഹിക നീതിയുടെ കാര്യത്തില്‍ ഉണ്ടായോ എന്നത് സംശയകരമാണ്. സാമ്പത്തിക സംവരണ കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച ധൃതി സംശയം ബലപ്പെടുത്തുന്നു. ഇത്തരം കാര്യങ്ങളില്‍ തമിഴ്‌നാടിന്റെ സമീപനത്തെ കേരള സര്‍ക്കാര്‍ ഉള്‍ക്കൊള്ളണമെന്നും ഹകീം അസ്ഹരി ലേഖനത്തില്‍ പറയുന്നു. സാമൂഹിക നീതിയുടെ ചോദ്യങ്ങളെ കൂടുതല്‍ കണിശതയോടെ അഭിമുഖീകരിക്കണം. വിദ്യാഭ്യാസ മേഖലയില്‍ സാമൂഹിക നീതിയും അവസര സമത്വവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. എയ്ഡഡ് മേഖലയെ പൊതുവിദ്യാഭ്യാസ നയങ്ങളുമായി അടുപ്പിക്കണം. നിമനങ്ങളില്‍ അവസര സമത്വം ഉറപ്പാക്കണം. സര്‍ക്കാര്‍ സഹായം പറ്റുന്ന എല്ലാ സ്ഥാപനങ്ങളിലും സംവരണം ഉറപ്പാക്കണമെന്നും അസ്ഹരി ആവശ്യപ്പെടുന്നു.
ഒന്നാം പിണറായി സര്‍ക്കാര്‍ പത്ത് ശതമാനം മുന്നാക്ക സംവരണം നടപ്പാക്കിയപ്പോള്‍ കാര്യമായ വിമര്‍ശനം കാന്തപുരം വിഭാഗം ഉയര്‍ത്തിയിരുന്നില്ല. വിദ്യാര്‍ഥി വിഭാഗമായ എസ്.എസ്.എഫിന്റെ മുഖപത്രമായ രിസാല വാരികയില്‍ മുന്നാക്ക സംവരണത്തെ പിന്തുണച്ച് ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് കേരള മുസ്ലിം ജമാഅത്തില്‍ അടക്കം നടന്ന ചര്‍ച്ചയില്‍ പിന്നാക്ക അവകാശങ്ങളുടെ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന നിലപാടിലേക്ക് സംഘടന എത്തി. പൊതുവെ സര്‍ക്കാര്‍ അനുകൂല നിലപാട് എടുക്കുന്ന ഹകീം അസ്ഹരി സത്യപ്രതിജ്ഞാ ദിനത്തില്‍ തന്നെ സാമൂഹിക നീതി ഓര്‍മിപ്പിച്ച് ലേഖനമെഴുതിയതിലും കൗതുകമുണ്ട്. സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറി പദവിയില്‍ അടുത്തിടെ അവരോധിതനായ അസ്ഹരിയുടെ ലേഖനം പിന്നാക്ക അവകാശങ്ങളുടെ കാര്യത്തില്‍ സംഘടന കണിശനിലപാടെടുക്കും എന്ന സൂചന കൂടി നല്‍കുന്നുണ്ട്.
Adjust Story Font
16