Quantcast

സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തിരിച്ചടിയായി; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി

നടനും ഗായകനുമായ പവന്‍ സിംഗിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വിവാദ വ്യക്തി ജീവിതവുമാണ് പിന്‍മാറ്റത്തിന് പിന്നിലെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

MediaOne Logo

Web Desk

  • Updated:

    2024-03-03 11:51:59.0

Published:

3 March 2024 11:43 AM GMT

Pawan Singh_BJP Candidate
X

ബംഗാള്‍: പശ്ചിമ ബംഗാളിലെ അസാന്‍സോളിലെ ബി.ജെ.പി സ്ഥാനാര്‍ഥി പവന്‍ സിംഗ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. നടനും ഗായകനുമായ പവന്‍ സിംഗിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വിവാദ വ്യക്തി ജീവിതവുമാണ് പിന്‍മാറ്റത്തിന് പിന്നിലെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.

'ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിന് ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. പാര്‍ട്ടി എന്നെ വിശ്വസിക്കുകയും അസാന്‍സോളിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ ചില കാരണങ്ങളാല്‍ എനിക്ക് അസന്‍സോളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല' -സിംഗ് എക്‌സിലൂടെ അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രഖ്യാപിച്ച ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അദ്ദേഹത്തിന്റെ പേരും ഉള്‍പ്പെട്ടിരുന്നു.

സിംഗിന്റെ പോസ്റ്റിന് പിന്നാലെ പ്രതിപക്ഷ നേതാക്കള്‍ ബി.ജെ.പിക്കെതിരെ രംഗത്തുവന്നു. പശ്ചിമ ബംഗാളിലെ ജനങ്ങളുടെ അജയ്യമായ ആത്മാവും ശക്തിയുമാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അഭിഷേക് ബാനര്‍ജി എക്സില്‍ കുറിച്ചു.

അസന്‍സോള്‍ സ്ഥാനാര്‍ത്ഥി തന്റെ ലൈംഗിക - സ്ത്രീവിരുദ്ധ വീഡിയോകളില്‍ വലിയ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് പിന്മാറിയതെന്ന് രാജ്യസഭാ എം.പി സാഗരിക ഘോഷ് ട്വീറ്റ് ചെയ്തു. ബംഗാളിലെ ബി.ജെ.പിയുടെ സ്ത്രീശക്തി വിളി ഇപ്പോള്‍ തകര്‍ന്ന നിലയിലാണെന്നും അത് അര്‍ഥശൂന്യമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പവന്‍ സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം, അദ്ദേഹത്തിന്റെ സംഗീതത്തിലെ ബംഗാളി സ്ത്രീകളെക്കുറിച്ചുള്ള അനുചിതവും ആക്ഷേപകരവുമായ പരാമര്‍ശങ്ങളെ നിരവധി ആളുകള്‍ വിമര്‍ശിച്ചിരുന്നു. ഗാര്‍ഹിക പീഡനാരോപണങ്ങളും സിംഗിനെതിരെയുണ്ട്.

ഗായകന്റെ ഭൂതകാല പ്രവര്‍ത്തികളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബി.ജെ.പി സിംഗിനോട് ആവശ്യപ്പെടുകയായിരുന്നെന്ന് മുന്‍ ബി.ജെ.പി അംഗവും ടി.എം.സി നേതാവുമായ ബാബുല്‍ സുപ്രിയോ പറഞ്ഞു. ബാബുല്‍ സുപ്രിയോ 2014, 2019 പൊതുതെരഞ്ഞെടുപ്പുകളില്‍ അസന്‍സോള്‍ സീറ്റില്‍ വിജയിക്കുകയും പിന്നീട് ടി.എം.സി.യിലേക്ക് മാറുകയുമായിരുന്നു.

TAGS :

Next Story