Quantcast

''തോൽപിക്കാൻ ശ്രമിച്ചവർ പാർട്ടിയിൽ സർവസമ്മതരായി നടക്കുന്നു'': ഫേസ്ബുക്ക് കുറിപ്പിൽ യു പ്രതിഭയോട് സി.പി.എം വിശദീകരണം തേടും

പ്രതിഭ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധവും സംഘടനാവിരുദ്ധവുമാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പ്രതികരിച്ചു. വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും തുടർനടപടിയെന്നും ജില്ലാ സെക്രട്ടറി

MediaOne Logo

Web Desk

  • Updated:

    2022-02-22 13:42:02.0

Published:

22 Feb 2022 12:01 PM GMT

തോൽപിക്കാൻ ശ്രമിച്ചവർ പാർട്ടിയിൽ സർവസമ്മതരായി നടക്കുന്നു: ഫേസ്ബുക്ക് കുറിപ്പിൽ യു പ്രതിഭയോട് സി.പി.എം വിശദീകരണം തേടും
X

കായംകുളത്തെ വോട്ടുചോർച്ച ചർച്ചയാകാത്തതിൽ വിമർശനവുമായി ഫേസ്ബുക്കിലിട്ട കുറിപ്പിൽ യു. പ്രതിഭ എം.എൽ.എയോട് സി.പി.എം വിശദീകരണം ചോദിക്കും. പ്രതിഭ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധവും സംഘടനാവിരുദ്ധവുമാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പ്രതികരിച്ചു.

കായംകുളത്ത് തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം പ്രതിഭ ഒരിടത്തും ഉന്നയിച്ചിട്ടില്ല. ഇത്തരം വിഷയങ്ങളിൽ പരാതി പറയേണ്ടത് പാർട്ടി ഫോറത്തിലാണ്. ഇതേക്കുറിച്ച് വിശദീകരണം തേടും. വിശദീകരണം പരിശോധിച്ച ശേഷമായിരിക്കും തുടർനടപടിയെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.

പ്രതിഭയുടെ ആരോപണങ്ങൾ നേരത്തെ ഏരിയാ കമ്മിറ്റി തള്ളിയിരുന്നു. കായംകുളത്ത് വോട്ട് ചോർച്ച ഉണ്ടായിട്ടില്ലെന്നും വോട്ട് കൂടുകയാണുണ്ടായതെന്നും ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷൻ പറഞ്ഞു. പ്രതിഭക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തെ സമീപിക്കാൻ ഏരിയാ കമ്മിറ്റി നീക്കം നടത്തുന്നുണ്ട്.

കായംകുളത്ത് തന്നെ തോൽപ്പിക്കാൻ ഒരു വിഭാഗം നേതാക്കൾ ശ്രമിച്ചുവെന്നും അവരിപ്പോൾ പാർട്ടിയിൽ സർവസമ്മതരായി നടക്കുകയാണെന്നുമായിരുന്നു ഫേസ്ബുക്ക് കുറിപ്പിൽ പ്രതിഭ ആരോപിച്ചത്. പല മണ്ഡലങ്ങളിലും വോട്ട് ചോർച്ച പരിശോധിച്ചപ്പോഴും കായംകുളത്തിന്റെ കാര്യത്തിൽ ഒരു പരിശോധനയും ഉണ്ടായില്ല. ബോധപൂർവമായി തോൽപ്പിക്കാൻ മുന്നിൽനിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ വന്നത് ദുരൂഹമാണ്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിൽ സർവസമ്മതരായി നടക്കുക്കുകയാണ്-ഫേസ്ബുക്ക് കുറിപ്പിൽ പ്രതിഭ ആരോപിച്ചു.

വിവാദ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

നമ്മുടെ പാർക്ക് ജങ്ഷൻ പാലം നിർമാണം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം പോസ്റ്റ് ഷിഫ്റ്റിങ്ങുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ എന്റെ ശ്രദ്ധയിൽത(വ)ന്നിരുന്നു. അത് പരിഹരിച്ചിട്ടുണ്ട്. ഓരോ വികസനം ചെയ്യുമ്പോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി നൽകുന്നത്. എന്നെക്കൊണ്ട് സാധ്യമായതൊക്കെ ഇനിയും കായംകുളത്തിനായി ചെയ്യും.

തെരഞ്ഞെടുപ്പുകാലത്ത് കായംകുളത്തെ ചിലർക്കെങ്കിലും ഞാൻ അപ്രിയയായ സ്ഥാനാർത്ഥിയായിരുന്നു. എന്നാൽ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു. അഭിമാനകരമായി നമ്മൾക്ക് ജയിക്കാൻ കഴിഞ്ഞു..

ബോധപൂർവമായി തന്നെ എന്നെ തോൽപ്പിക്കാൻ മുന്നിൽനിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിൽ വന്നതും ദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ പോലും കായംകുളത്തെ വോട്ടുചോർച്ച എങ്ങും ചർച്ചയായില്ല. ഏറ്റവും കൂടുതൽ വോട്ട് ചോർന്നുപോയത് കായംകുളത്തുനിന്നാണ്.

കേരള നിയമസഭയിൽ കായംകുളത്തെയാണ് അഭിമാനപൂർവം പ്രതിനിധീകരിക്കുന്നത്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവസമ്മതരായി നടക്കുന്നു. ഹാ കഷ്ടം എന്നെല്ലാതെ എന്തുപറയാൻ. 2001ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പൂർണ്ണ മെമ്പറായി പ്രവർത്തനമാരംഭിച്ച എനിക്ക് ഇന്നും എന്നും എന്റെ പാർട്ടിയോട് ഇഷ്ടം. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ, നിങ്ങൾ ചവറ്റുകുട്ടയിലാകുന്ന കാലം വിദൂരമല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോകില്ല..

Summary: CPM will seek an explanation from U Prathibha MLA over controversial Facebook post

TAGS :

Next Story