Quantcast

രാജ്യത്തെ തൊഴിലില്ലായ്മയിൽ വിമർശനവുമായി രാഹുൽ ഗാന്ധി

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവും ഇന്ന് ആഗ്രയില്‍ നിന്നുള്ള ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുത്തു

MediaOne Logo

Web Desk

  • Updated:

    2024-02-25 12:37:38.0

Published:

25 Feb 2024 11:00 AM GMT

Rahul Gandhi_Congress MP
X

ഡല്‍ഹി: കോണ്‍ഗ്രസ്സ് എം.പി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അലീഗഢില്‍ പുനരാരംഭിച്ചു. രാജ്യത്ത് തൊഴിലില്ലായ്മ ഇല്ലായിരുന്നെങ്കില്‍ യുവാക്കള്‍ 12 മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി സംഭാലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചന്ദൗസിയില്‍ സംസാരിച്ച രാഹുല്‍ ഗാന്ധി ഒരു യുവാവിനോട് എത്ര മണിക്കൂര്‍ മൊബൈല്‍ ഉപയോഗിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ 12 മണിക്കൂര്‍ എന്നായിരുന്നു അയാളുടെ മറുപടി. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

'ഇന്ത്യയില്‍ തൊഴിലില്ല, അതുകൊണ്ടാണ് നിങ്ങള്‍ 12 മണിക്കൂര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. വന്‍കിട വ്യവസായികളുടെ മക്കള്‍ റീല്‍സ് കാണില്ല. അവര്‍ 24 മണിക്കൂറും വരുമാനം നോക്കി ഇരിക്കുകയാണെന്ന് നിങ്ങള്‍ക്കറിയാമോ'? അദ്ദേഹം ചോദിച്ചു.

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ഇന്ന് ആഗ്രയില്‍ നിന്നുള്ള യാത്രയില്‍ പങ്കെടുത്തു . മണിപ്പൂരില്‍ നിന്ന് ആരംഭിച്ച യാത്ര 6,713 കിലോമീറ്റര്‍ സഞ്ചരിക്കും. 67 ദിവസത്തിനുള്ളില്‍ 100 ലോക്സഭാ മണ്ഡലങ്ങളിലൂടെയും 110 ജില്ലകളിലിലൂടെയും യാത്ര കടന്ന് പോകും. മാര്‍ച്ച് 21 ന് മുംബൈയില്‍ സമാപിക്കും.

ഭാരത് ജോഡോ ന്യായ് യാത്ര മൊറാദാബാദ്, അംറോഹ വഴി സംഭാലിലെത്തി. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയേയും സ്വീകരിച്ചു.

ഏതെങ്കിലും കമ്പനിയുടെ ജീവനക്കാരുടെയോ ഉടമകളുടെയോ പട്ടിക എടുത്താല്‍ ഒരു പിന്നാക്ക-ദലിത് ഉടമയെപ്പോലും കണ്ടെത്താനാവില്ല. മാധ്യമ സ്ഥാപനങ്ങളുടെയോ സ്വകാര്യ കോളേജുകളുടെയോ ഹൈക്കോടതികളിലെ ജഡ്ജിമാരുടെയോ പട്ടിക എടുക്കുക. ഉന്നത ജാതിയിലുള്ള ആളുകളാണ് ഈ സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നത്. രാഹുല്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് ചെറുകിട കര്‍ഷകരെയും വ്യാപാരികളെയും ഉന്മൂലനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു.

'നിങ്ങള്‍ പട്ടിണി കിടന്ന് മരിക്കുന്നു. നിങ്ങള്‍ ഇല്ലാതാക്കപ്പെടുന്നു. ഇന്ത്യയിലെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. അവര്‍ക്ക് ഒരിക്കലും തൊഴില്‍ നല്‍കാന്‍ കഴിയില്ല' .കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

TAGS :

Next Story