ഗുജറാത്തിൽ ആം ആദ്മിക്കായി റോഡ്‌ഷോ; 'ബിൽകീസ് ബാനു', 'മുസ്‌ലിം' ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി മനീഷ് സിസോദിയ
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആം ആദ്മിക്കു പാർട്ടിക്കു വേണ്ടി വൻ പ്രചാരണ പരിപാടികളാണ് മനീഷ് സിസോദിയയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ നടക്കുന്നത്
അഹ്മദാബാദ്: ബിൽകീസ് ബാനു ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി ഗുജറാത്ത് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഗുജറാത്തിൽ നടക്കുന്ന ആം ആദ്മിക്കു പാർട്ടിയുടെ പ്രചാരണ പരിപാടികൾക്കിടെയാണ് ന്യൂനപക്ഷ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോടെല്ലാം പ്രതികരിക്കാൻ സിസോദിയ വിസമ്മതിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ്‌ഷോ അടക്കമുള്ള വൻ പ്രചാരണ പരിപാടികളിലാണ് സിസോദിയ പങ്കെടുത്തത്.
റോഡ് ഷോയ്ക്കിടെയാണ് ദേശീയ മാധ്യമമായ എ.ബി.പിയുടെ റിപ്പോർട്ടർ ബിൽകീസ് ബാനു വിഷയത്തിലടക്കം സിസോദിയയുടെ അഭിപ്രായം ആരാഞ്ഞത്. ഗുജറാത്തിൽ താങ്കൾ ബിൽകീസ് ബാനുവിന്റെയും മുസ്‌ലിംകളുടെയും വിഷയങ്ങൾ സംസാരിക്കുന്നില്ല, മൃദുഹിന്ദുത്വം പയറ്റുന്നുവെന്ന തരത്തിലെല്ലാം ആരോപണമുണ്ട്. ഇതേക്കുറിച്ച് എന്തു പറയുന്നുവെന്നായിരുന്നു ചോദ്യം. സിസോദിയയുടെ മറുപടി ഇങ്ങനെയായിരുന്നു:
''ഞങ്ങളുടെ പ്രധാന ശ്രദ്ധ വിദ്യാഭ്യാസം, സ്‌കൂളുകൾ, ആശുപത്രികൾ, തൊഴിൽ അടക്കമുള്ള വികസനകാര്യങ്ങളിലാണ്. ഇതൊക്കെയാണ് ഞങ്ങളുടെ ലക്ഷ്യം. ഓരോരുത്തരും അവരുടെ ലക്ഷ്യങ്ങളെക്കുറിച്ചാണ് സംസാരിക്കുക.''
ബിൽകീസ് ബാനു കേസിലെ പ്രതികളെ കുറ്റവിമുക്തരാക്കിയത് കേന്ദ്ര സർക്കാർ അനുമതിയോടെയാണെന്ന വാർത്തകൾ പുറത്തുവരുമ്പോഴാണ് ഇതേക്കുറിച്ച് സംസാരിക്കാൻ കൂട്ടാക്കാതെ മനീഷ് സിസോദിയ മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചത്. 2002ലെ ഗുജറാത്ത് വംശഹത്യയ്ക്കിടയിൽ ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നു വയസുകാരി ഉൾപ്പെടെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ മാസങ്ങൾക്കുമുൻപാണ് ഗുജറാത്ത് സർക്കാർ കുറ്റവിമുക്തരാക്കിയത്. ഇതിൽ വലിയ തോതിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി കേന്ദ്ര സർക്കാർ അനുമതിയോടെയാണെന്ന് ഗുജറാത്ത് സർക്കാർ സുപ്രിംകോടതിയിൽ അറിയിച്ചിരിക്കുന്നത്.
അതേസമയം, ഡൽഹി മദ്യനയ അഴിമതിക്കേസിൽ മനീഷ് സിസോദിയയെ കഴിഞ്ഞ ദിവസവും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. 24 മണിക്കൂറാണ് ചോദ്യംചെയ്യൽ നീണ്ടുനിന്നത്. ആം ആദ്മി പാർട്ടി വിടാൻ അന്വേഷണ സംഘം നിർബന്ധിക്കുന്നുവെന്നാണ് ചോദ്യംചെയ്യലിനു ശേഷം അദ്ദേഹം പ്രതികരിച്ചത്.
Summary: Aam Aadmi Party (AAP) senior leader and Delhi's deputy chief minister Manish Sisodia avoids question over Bilkis Bano case and Muslim issues
Adjust Story Font
16