Quantcast

കലാപമുണ്ടാക്കാനല്ല സമാധാനം സൃഷ്ടിക്കാനാണ് ഒരുമിച്ച് നിൽക്കേണ്ടത്: നുസ്റത്ത് ജഹാൻ എം.പി

തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഒരിക്കൽ പോലും നുസ്‌റത്ത് ജഹാൻ സന്ദേശ്ഖാലി സന്ദർശിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷാരോപണം.

MediaOne Logo

Web Desk

  • Updated:

    2024-02-25 12:43:32.0

Published:

25 Feb 2024 11:25 AM GMT

Nusrat Jahan_TNC MP
X

ബംഗാൾ: സന്ദേശ്ഖാലിയിൽ സമാധാനം ഉറപ്പാക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് നടിയും തൃണമൂൽ എം.പിയുമായ നുസ്റത്ത് ജഹാൻ പറഞ്ഞു. തന്റെ മണ്ഡലത്തിൽ ആത്മാർഥമായി ജനങ്ങളെ സേവിച്ചിട്ടുണ്ടെന്നും പാർട്ടിയുടെ മാർഗനിർദേശങ്ങൾ പാലിച്ചുവെന്നും എക്‌സിൽ എഴുതിയ കുറിപ്പിൽ അവർ പറഞ്ഞു. സന്ദേശ്ഖാലി നിവാസികളെ താൻ മറന്നുവെന്ന ആരോപണം ഹൃദയഭേദകമാണെന്ന് നുസ്‌റത്ത് ജഹാൻ പറഞ്ഞു. കലാപമുണ്ടാക്കാനല്ല സമാധാനം സൃഷ്ടിക്കാനാണ് ഒരുമിച്ച് നിൽക്കേണ്ടതെന്നും അവർ ചൂണ്ടിക്കാട്ടി.


''ഒരു സ്ത്രീ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ഞാൻ എപ്പോഴും എന്റെ പാർട്ടിയുടെ മാർഗനിർദേശങ്ങൾ പാലിക്കുകയും ജനങ്ങളെ സേവിക്കുകയും ചെയ്തിട്ടുണ്ട്. സംഘർഷം കത്തിപ്പടർന്ന സന്ദേശ്ഖാലിയിൽ നമ്മുടെ മുഖ്യമന്ത്രി ഇതിനകം തന്നെ സഹായമെത്തിച്ചിട്ടുണ്ട്. നമ്മൾ നിയമത്തിന് അതീതരല്ല. നിയമം പാലിച്ച് ഭരണത്തെ പിന്തുണയ്ക്കുകയാണ് ഒരാൾ ചെയ്യേണ്ടത്. എന്റെ നിയോജക മണ്ഡലത്തിൽ സന്തോഷമുണ്ടായപ്പോഴും പ്രശ്‌നങ്ങളുണ്ടായപ്പോഴും ഞാൻ ആത്മാർഥമായി ജനങ്ങൾക്കൊപ്പം നിന്നിട്ടുണ്ട്. എന്റെ പാർട്ടിയുടെ മാർഗനിർദേശമനുസരിച്ചാണ് ഞാൻ പ്രവർത്തിക്കുന്നത്. സംസ്ഥാന സർക്കാരിലും ഭരണത്തിലും നമുക്ക് വിശ്വാസമുണ്ടായിരിക്കണമെന്നാണ് ഞാൻ കരുതുന്നത്. മറ്റുള്ളവരെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കുകയും സമാധാനമുണ്ടാക്കാൻ ഒരുമിച്ച് നിൽക്കുകയും വേണം. ജനങ്ങളുടെ പുരോഗതിക്കും ക്ഷേമത്തിനുമാണ് പ്രഥമ പരിഗണന നൽകേണ്ടത്''- നുസ്‌റത്ത് ജഹാൻ എക്‌സിൽ കുറിച്ചു.

തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഒരിക്കൽ പോലും നുസ്‌റത്ത് ജഹാൻ സന്ദേശ്ഖാലി സന്ദർശിച്ചിട്ടില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിനാണ് അവർ സന്ദേശഖാലിയിലെത്തിയത്. അന്ന് അവർ പ്രചാരണത്തിന് ഉപയോഗിച്ച വാഹനം തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാന്റേതായിരുന്നുവെന്നും സന്ദേശ്ഖാലി സംഘർഷത്തിന്റെ മുഖ്യ സൂത്രധാരൻ അദ്ദേഹമാണെന്നുമാണ് ബി.ജെ.പി ആരോപിക്കുന്നത്.

നടനും പങ്കാളിയുമായ യഷ് ദാസ് ഗുപ്തയ്‌ക്കൊപ്പമുള്ള ജഹാന്റെ വാലന്റൈൻസ് ഡേ ഫോട്ടോഷൂട്ട് വൈറലായതിന് പിന്നാലെയാണ് ബി.ജെ.പി അവർക്കെതിരെ രംഗത്തെത്തിയത്. സന്ദേശ്ഖാലിയിൽ സ്ത്രീകൾ അവരുടെ മാനത്തിനായി പ്രതിഷേധിക്കുമ്പോൾ എം.പി വാലന്റൈൻസ് ദിനം ആഘോഷിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. അഴിമതിയാരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് സന്ദേശ്ഖാലിയിലെത്തിയ ഇ.ഡി സംഘത്തെ ശൈഖ് ഷാജഹാന്റെ സംഘം ആക്രമക്കുകയായിരുന്നുവെന്നും അദ്ദേഹത്തെ സംരക്ഷിക്കുന്നത് മമതാ ബാനർജിയാണെന്നുമാണ് ബി.ജെ.പിയുടെ ആരോപണം.

TAGS :

Next Story