'കേരള പൊലീസ് മികച്ച സേന, പൊലീസിന്റെ സംശുദ്ധി നിലനിർത്താൻ കഴിയാത്ത ആരും അവിടെ വേണ്ട'- മുഖ്യമന്ത്രി
"ചിലർ യജമാനൻമാരാണെന്ന രീതിയിൽ ജനങ്ങളോട് പെരുമാറുന്നുണ്ട്.. അവർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകും"
തിരുവനന്തപുരം: കേരളാ പൊലീസിന്റെ സംശുദ്ധി നിലനിർത്താൻ കഴിയാത്ത ആരും സേനയിൽ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരള പൊലീസെന്നും യജമാനൻമാരെന്ന രീതിയിൽ ജനങ്ങളോട് പെരുമാറുന്നവർ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഇന്ന് നടന്ന കേരള പൊലീസ് റെയ്ഡിംഗ് ഡേ പരേഡിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
മുഖ്യമന്ത്രിയുടെ വാക്കുകൾ:
ചിലർ യജമാനൻമാരാണെന്ന രീതിയിൽ ജനങ്ങളോട് പെരുമാറുന്നുണ്ട്.. ഇത്തരം പെരുമാറ്റം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും മുഖം നോക്കാതെ നടപടിയുണ്ടാകും. അത്തരക്കാർക്കെതിരെ മുമ്പും നടപടി എടുത്തിട്ടുണ്ട്. സേനയുടെ സംശുദ്ധി നിലനിർത്താൻ കഴിയാത്ത ആരും സേനയിൽ വേണ്ട. ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുന്നവരെ കണ്ടെത്താൻ പ്രത്യേക നടപടി തന്നെ സ്വീകരിച്ച് വരുന്നുണ്ട്. സേനക്ക് യോജിക്കാത്ത പ്രവർത്തനം കാഴ്ചവെച്ച 108 പേരെ പിരിച്ചുവിട്ടു.
രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരള പൊലീസ്. കേരള രൂപീകരണം മുതൽ കേരള പൊലീസ് വരിച്ച വളർച്ച സമാനതകൾ ഇല്ലാത്തതാണ്. എല്ലാവർക്കും നീതി ഉറപ്പാക്കുക എന്നതാണ് പൊലീസിന്റെ ലക്ഷ്യം. ഇടത് സർക്കാരുകൾക്ക് കൃത്യമായ പൊലീസ് നയം എല്ലാക്കാലത്തും ഉണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച സേനയായി കേരള പൊലീസ് എട്ട് വർഷം കൊണ്ട് വളർന്നു. ആർക്കും ഏത് സമയവും സമീപിക്കാവുന്ന ഇടമായി പൊലീസ് സ്റ്റേഷനുകൾ മാറി.
സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന ആരും സേനയിൽ വേണ്ടെന്ന് കൂട്ടിച്ചേർത്ത മുഖ്യമന്ത്രി കുറ്റവാളികളെ ജോലിയിൽ തുടരാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
Adjust Story Font
16