Quantcast

മന്ത്രി അബ്ദുറഹ്മാന്റെ ധാര്‍ഷ്ട്യം വിലപ്പോവില്ല: എസ്.വൈ.എസ്

മതവിശ്വാസികള്‍ക്ക് ആവശ്യമായ ഉദ്‌ബോധനങ്ങള്‍ നടത്തുന്നത് പണ്ഡിതദൗത്യവുമാണ്.

MediaOne Logo

Web Desk

  • Updated:

    2023-12-28 06:39:21.0

Published:

28 Dec 2023 5:57 AM GMT

sys against minister v abdul rahman over his statement against hameed-faizy
X

കോഴിക്കോട്: സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവിനെതിരായ പരാമർശത്തിൽ മന്ത്രി അബ്ദുറഹ്മാനെതിരെ എസ്.വൈ.എസ്. മതനിയമങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ പണ്ഡിതന്‍മാരെ ജയിലിലടക്കുമെന്ന മന്ത്രി അബ്ദുറഹ്മാന്റെ ധാർഷ്ട്യം വിലപ്പോവില്ലെന്ന് എസ്.വൈ.എസ് സംസ്ഥാന ഭാരവാഹികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മതനിയമങ്ങള്‍ പറയുന്ന പണ്ഡിതരെ സര്‍ക്കാര്‍ വേദിയില്‍ വച്ച് ഭീഷണിപ്പെടുത്തുന്ന മന്ത്രിയുടെ നടപടിയെ കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.

മതവിശ്വാസികള്‍ക്ക് ആവശ്യമായ ഉദ്‌ബോധനങ്ങള്‍ നടത്തുന്നത് പണ്ഡിതദൗത്യവുമാണ്. അത് എല്ലാ മതവിഭാഗങ്ങളും കാലങ്ങളായി നിയമവിധേയമായി നിര്‍വഹിച്ചുവരുന്നുണ്ട്. ഇത് മതസൗഹാര്‍ദം തകര്‍ക്കുന്നതാണെന്ന വാദം വര്‍ഗീയകക്ഷികള്‍ക്ക് മരുന്നിട്ടു നല്‍കും. ഉത്തരവാദപ്പെട്ട മന്ത്രി ഇത്തരം പ്രചാരണം നടത്തുന്നതില്‍ ദുരൂഹതയുണ്ട്. ഇതു സര്‍ക്കാര്‍ ഗൗരവമായി കണ്ടില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ മുന്നറിയിപ്പു നല്‍കി.

മതസൗഹാര്‍ദവും രാജ്യനന്മയും ലക്ഷ്യമാക്കി ഒരു നൂറ്റാണ്ടായി കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയ്ക്കും അതിന്റെ നേതാക്കള്‍ക്കും മന്ത്രി അബ്ദുറഹ്മാനില്‍ നിന്ന് മതേതരത്വം പഠിക്കേണ്ട ഗതികേടില്ലെന്നും എസ്.വൈ.എസ് സംസ്ഥാന ഭാരവാഹികളായ എ.എം പരീത് എറണാകുളം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സി.കെ.കെ മാണിയൂര്‍, കെ.കെ ഇബ്രാഹിം ഫൈസി പേരാല്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു.

അബ്ദുൽ ഹമീദ് ഫൈസിയെ പോലെ മതസൗഹാർദത്തിന് എതിര് നിൽക്കുന്നവരെ ജയിലിലടയ്ക്കണമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ക്രിസ്ത്യൻ ആഘോഷങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് പറയാൻ അയാൾക്ക് എന്താണ് അവകാശമെന്നും മന്ത്രി ചോദിച്ചു. ന്യൂനപക്ഷ ക്ഷേമവകുപ്പ് സംഘടിപ്പിച്ച ന്യൂനപക്ഷ ദിനാചരണം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യവെയായിരുന്നു ഇന്നലെ മന്ത്രിയുടെ പരാമർശം.




TAGS :

Next Story