ഇത് ബ്ലാസ്റ്റേഴ്സിന് കൊടുത്ത വാക്ക്'; ഹൈദരാബാദിനെ 61 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്
രാജസ്ഥാനായി നൂറാം മത്സരത്തില്‍ കളത്തിലിറങ്ങി ബാറ്റുകൊണ്ട് വെടിക്കെട്ട് തീര്‍ത്ത സഞ്ജുവാണ് ടീം ടോപ് സ്കോറര്‍.
പുനെ: ആദ്യം അടിച്ചൊതുക്കി, പിന്നെ എറിഞ്ഞിട്ടു, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സിന്‍റെ റോയല്‍ പ്രകടനം. രാജസ്ഥാന്‍ ഉയര്‍ത്തിയ 210 റണ്‍സ് പിന്തുടര്‍ന്ന സണ്‍റൈസേഴ്സിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
രാജസ്ഥാനായി നൂറാം മത്സരത്തില്‍ കളത്തിലിറങ്ങി ബാറ്റുകൊണ്ട് വെടിക്കെട്ട് തീര്‍ത്ത സഞ്ജുവാണ് ടീം ടോപ് സ്കോറര്‍. ക്യാപ്റ്റന്‍റെ ഇന്നിങ്സുമായി സഞ്ജു ടീമിനെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ രാജസ്ഥാന്‍ മികച്ച ടോട്ടലിലേക്ക് കുതിക്കുകയായിരുന്നു. അഞ്ച് സിക്സറും മൂന്ന് ബൌണ്ടറിയുമുള്‍പ്പടെയായിരുന്നു സഞ്ജുവിന്‍റെ ഇന്നിങ്സ്. സഞ്ജുവിന്‍റെ 16 ആം ഐ.പി.എല്‍ അര്‍ദ്ധസെഞ്ച്വറിയായിരുന്നു. സഞ്ജുവിന് കൂട്ടായി മലയാളി താരം ദേവ്ദത്ത് പടിക്കലും തകര്‍ത്തടിച്ചെങ്കിലും അര്‍ദ്ധസെഞ്ച്വറിക്കരികില്‍ താരം വീണു. 29 പന്തില്‍ നാല് ബൌണ്ടറിയും രണ്ട് സിക്സറുമുള്‍പ്പെടെയായിരുന്നു ദേവ്ദത്ത് പടിക്കലിന്‍റെ ഇന്നിങ്സ്. 27 പന്തില്‍ 55 റണ്‍സെടുത്ത സഞ്ജു അര്‍ദ്ധ സെഞ്ച്വറി നേടിയതിന് പിന്നാലെ പുറത്താകുകയായിരുന്നു. നേരത്തെ സിക്സറിലൂടെയാണ് സഞ്ജു ഫിഫ്റ്റി തികച്ചത്.
രാജസ്ഥാന്‍റെ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് തുടക്കം തന്നെ പിഴച്ചു. ഓപ്പണിങ് റോളിലെത്തിയ ക്യാപ്റ്റന്‍ വില്യംസണെ തന്നെ രണ്ടാം ഓവറില്‍ ഹൈദരാബാദിന് നഷ്ടമായി.അവിടുന്നങ്ങോട്ട് ഹൈദരാബാദിന്‍റെ വിക്കറ്റുകള്‍ തുടരെ വീണു. അഞ്ച് ഓവര്‍ പൂര്‍ത്തിയാക്കുമ്പോഴേക്കും ഒന്‍പത് റണ്‍സ് മാത്രമെടുത്ത ഹൈദരാബാദിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീടും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. മൂന്ന് വിക്കറ്റെടുത്ത ചാഹലും രണ്ട് വീതം വിക്കറ്റുകളെടുത്ത പ്രസീദ് കൃഷ്ണയും ട്രെന്‍റ് ബൌള്‍ട്ടുമാണ് ഹൈദരാബാദിന്‍റെ നടുവൊടിച്ചത്.
ഹൈദരാബാദ് നിരയില്‍ 57 റണ്‍സോടെ പുറത്താകാത നിന്ന എയ്ഡന്‍ മാര്‍ക്രവും 40 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറും മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്.
നേരത്തേ രാജസ്ഥാന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത ജോസ് ബട്‍ലറും ജെയ്സ്വാളും ചേര്‍ന്ന് ടീമിന് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 75 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത്. നിലയുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ജയ്സ്വാളിനെയാണ് രാജസ്ഥാന് ആദ്യം നഷ്ടമായത്. റണ്‍സെടുത്ത ജയ്സ്വാളിനെ സ്റ്റെഫേര്‍ഡ് പുറത്താക്കുകയായിരുന്നു. വണ്‍ഡൌണായെത്തിയ സഞ്ജു ജോസ് ബട്‍ലറിന് മികച്ച പിന്തുണ നല്‍കുമെന്ന് തോന്നിച്ച സമയത്ത് ബട്‍ലറിനെ പുറത്താക്കി ഉമ്രാന്‍ മാലിക്ക് ഹൈദരാബാദിന് ആശ്വാസമേകി. 28 പന്തില്‍ മൂന്ന് ബൌണ്ടറിയും മൂന്ന് സിക്സറുമുള്‍പ്പടെ 35 റണ്‍സാണ് ബടലര്‍ നേടിയത്.
പിന്നീടൊത്തുചേര്‍ന്ന മലയാളി കോംബോ രാജസ്ഥാന്‍ ഇന്നിങ്സിനെ കൂറ്റന്‍ സ്കോറിലേക്ക് നയിക്കുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്ന് രാജസ്ഥാന്‍ റാഞ്ചിയ മലയാളി താരം പടിക്കല്‍ രാജസ്ഥാന്‍ ജഴ്സിയില്‍ അരങ്ങേറ്റം ഗംഭീരമാക്കി. സഞ്ജുവിനൊപ്പം 73 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ പടിക്കല്‍ പടുത്തുയര്‍ത്തിയത്. 29 പന്തില്‍ നാല് ബൌണ്ടറിയും രണ്ട് സിക്സറുമുള്‍പ്പെടെയായിരുന്നു ദേവ്ദത്ത് പടിക്കല്‍ 41 റണ്‍സെടുത്തു.
ടോപ് ഗിയറില്‍ ബാറ്റ് വീശിയ സഞ്ജു അഞ്ച് സിക്സറും മൂന്ന് ബൌണ്ടറിയുമുള്‍പ്പടെ അര്‍ദ്ധസെഞ്ച്വറിയിലേക്ക് അതിവേഗം കുതിക്കുകയായിരുന്നു. 27 പന്തില്‍ 55 റണ്‍സെടുത്ത സഞ്ജു അര്‍ദ്ധ സെഞ്ച്വറി നേടിയതിന് പിന്നാലെ പുറത്തായി. സിക്സറിലൂടെയാണ് സഞ്ജു തന്‍റെ അര്‍ദ്ധ സെഞ്ച്വറി കണ്ടെത്തിയത്.
അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹെറ്റ്മെയറാണ് രാജസ്ഥാനെ 200 കടത്തിയത്. 13 പന്തില്‍ രണ്ട് ബൌണ്ടറിയും മൂന്ന് സിക്സറുമുള്‍പ്പടെ 32 റണ്‍സാണ് ഹെറ്റ്‍മെയര്‍ അവസാന ഓവറുകളില്‍ അടിച്ചുകൂട്ടിയത്.
Adjust Story Font
16