സച്ചിൻ പൈലറ്റിൻ്റെ പദയാത്ര; രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു
ഇന്നലെ പദയാത്രയുടെ സമാപന സമ്മേളനത്തിൽ പൈലറ്റിന് ലഭിച്ച ജനപിന്തുണ ദേശീയ നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്
ജയ്‍പ്പൂര്‍: സച്ചിൻ പൈലറ്റിൻ്റെ പദയാത്രയ്ക്ക് പിന്നാലെ രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു. സച്ചിനെതിരെ കേന്ദ്ര നേതൃത്വത്തെ സമീപിക്കാനാണ് അശോക് ഗെഹ്ലോട്ടിൻ്റെ നീക്കം. എന്നാൽ, തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാനും ദേശീയ നേതൃത്വം മടിക്കുകയാണ്.
ഒരു വിഭാഗം നേതാക്കളുടെ പിന്തുണ മാത്രമാണ് പാർട്ടിക്കുള്ളിൽ സച്ചിൻ പൈലറ്റിനുത്. എന്നാൽ, ഇന്നലെ പദയാത്രയുടെ സമാപന സമ്മേളനത്തിൽ പൈലറ്റിന് ലഭിച്ച ജനപിന്തുണ ദേശീയ നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. ഈ വർഷം അവസാനം രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അദ്ദേഹത്തിനെതിരെ കടുത്ത നടപടി എടുക്കാൻ കഴിയില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ നിലപാട്.
എന്നാൽ, അശോക് ഗെഹ്ലോട്ട് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന സച്ചിൻ പൈലറ്റിനെതിരെ നടപടി സ്വീകരിക്കാതെ മുന്നോട്ടുപോകാനും കഴിയില്ല. സച്ചിനെതിരെ നടപടി ആവശ്യപ്പെട്ട് ഗെഹ്ലോട്ട് പക്ഷവും കേന്ദ്ര നേതൃത്വത്തിൽ സമ്മർദം ചെലുത്തുന്നുണ്ട്. കർണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ രാജസ്ഥാനിൽ കൂടുതൽ ശ്രദ്ധ നൽകാനാണ് ഹൈക്കമാൻഡ് നിർദേശം. ഇതുവരെ ഹൈക്കമാൻഡ് മുന്നോട്ടുവച്ച ഫോർമുലകളൊന്നും തന്നെ രാജസ്ഥാനിലെ പ്രശ്നപരിഹാരത്തിന് സഹായിച്ചിട്ടില്ല. കൂടുതൽ മുതിർന്ന നേതാക്കൾക്ക് രാജസ്ഥാൻ്റെ ചുമതല നൽകി സംസ്ഥാനത്തേക്ക് അയക്കുന്നത് ഉൾപ്പെടെയുള്ള നീക്കങ്ങൾ കോൺഗ്രസ് ദേശീയനേതൃത്വം ആലോചിക്കുന്നുണ്ട്.
Summary: After Sachin Pilot's padayatra, the crisis in Rajasthan Congress worsens
Adjust Story Font
16