പബ്ജിയിലെ തോക്കാണോ? 'മലയാളി സർക്കിളി'ൽ വന്നുകയറി അമേരിക്കൻ പൊലീസുകാരൻ; ശേഷം സംഭവിച്ചത്
അമേരിക്കയിലെ പൊലീസ് ഡിപ്പാർട്ട്‌മെന്റിലുള്ള ഒരു മലയാളിയെ കയ്യിൽകിട്ടിയതോടെ ഗ്രൂപ്പംഗങ്ങൾ ശരിക്കും അർമാദിച്ചു. പലർക്കും അറിയേണ്ടിയിരുന്നത് പ്രേമിന്റെ കൈവശമുള്ള യന്ത്രത്തോക്കിനെപ്പറ്റിയായിരുന്നു.
മലയാളികളുടെ ഫേസ്ബുക്ക് ലോകത്തിപ്പോൾ ഗ്രൂപ്പുകളിയുടെ കാലമാണ്. 'ദി മലയാളി ക്ലബ്ബ്' എന്ന പബ്ലിക് ഗ്രൂപ്പ് ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് സ്വന്തമാക്കിയത് ഒന്നരലക്ഷത്തിലേറെ അംഗങ്ങളെയാണ്. സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെ ഇടിച്ചുകയറി സ്വയം പരിചയപ്പെടുത്തിയ 'ടി.എം.സി' വളരെ വേഗം വിവാദങ്ങളിൽ ചെന്നുപെടുകയും ചെയ്തു. 'രാഷ്ട്രീയം പറയാൻ പാടില്ലാത്ത' ഗ്രൂപ്പിന്റെ അണിയറക്കാർക്ക് ഒരു പ്രത്യേകതരം രാഷ്ട്രീയമുണ്ടെന്ന ആരോപണമുയർന്നതോടെ 'കുറ്റസമ്മതം നടത്തി' പലരും ഗ്രൂപ്പിൽനിന്ന് ലെഫ്റ്റടിച്ചു. വിവാദം പക്ഷേ, ടി.എം.സിയെ ബാധിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. രൂപീകരിച്ച് രണ്ടാഴ്ച പോലും പിന്നിട്ടിട്ടില്ലാത്ത ഗ്രൂപ്പിൽ ഈ കുറിപ്പെഴുതുമ്പോൾ 1.64 ലക്ഷത്തിലേറെ മെമ്പർമാരുണ്ട്.
മലയാളി ഗ്രൂപ്പ് എന്ന വന്മരം വീഴാൻ തുടങ്ങിയതോടെ ലോകമെങ്ങുമുള്ള മലയാളികളെ ഉൾക്കൊള്ളുന്ന മറ്റ് ഗ്രൂപ്പുകളും രംഗത്തുവരാൻ തുടങ്ങി. അവയിലൊന്നാണ് 'വേൾഡ് മലയാളി സർക്കിൾ.' ഒറ്റ ദിവസംകൊണ്ടുതന്നെ കാൽലക്ഷം അംഗങ്ങളെ സ്വന്തമാക്കിയാണ് മലയാളി സർക്കിൾ വരവറിയിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് വീട്ടിലിരിക്കുന്നതിനാലാവാം ലോകമെങ്ങുമുള്ള മലയാളികൾ പോസ്റ്റും കമന്റുമെല്ലാമിട്ട് അരങ്ങ് തകർക്കുകയാണ് ഗ്രൂപ്പിൽ.
വെള്ളിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ അഞ്ചുമണിക്ക് പ്രത്യക്ഷപ്പെട്ട ഒരു അമേരിക്കൻ പൊലീസുകാരനാണ് ഇപ്പോൾ ഗ്രൂപ്പിലെ താരം. മലയാളിയും അമേരിക്കൻ പൗരനുമായ പ്രേം മേനോൻ കൊളറാഡോ സ്‌റ്റേറ്റിലെ ഒരേയൊരു മലയാളി-ഇന്ത്യൻ പൊലീസുകാരനാണ് താനെന്ന കലക്കൻ ഇൻട്രോയുമായാണ് രംഗത്തുവന്നത്. യൂണിഫോമിൽ തോക്കുംപിടിച്ചു നിൽക്കുന്ന പ്രേമിന്റെ പോസ്റ്റ് ഗ്രൂപ്പിലും പുറത്തും വൈറലായിക്കഴിഞ്ഞു.
പ്രേമിന്റെ പോസ്റ്റ് ഇങ്ങനെ:
എന്റെ പേര്: പ്രേം മേനോൻ.. 44വയസ്സ്- അമേരിക്കൻ പൗരൻ. അമേരിക്കയിൽ 21 കൊല്ലമായി ജീവിക്കുന്നു. അമേരിക്കൻ പോലീസിൽ 16 കൊല്ലമായി ജോലി. എന്റെ സ്റ്റേറ്റിൽ (കൊളറാഡോ) ഒരേയൊരു മലയാളി- ഇന്ത്യൻ പോലീസ്‌കാരൻ... ആ റെക്കോർഡ് ഇപ്പോഴും കൈവശം ഉണ്ട്.
ഒരു ഭാര്യ.( അമേരിക്കക്കാരി), രണ്ടു മക്കൾ: ആൺ കുട്ടികൾ, ട്വിൻസ് 11 വയസ്സുകാർ.
ഞാൻ ഒരു തിരുവനന്തപുരം മലയാളി. നാട്ടിലെ വീട് ക്ലിഫ്ഹൗസിനടുത്ത്. രാഷ്ട്രീയം ഇല്ലാ... നല്ലതിന് സപ്പോർട്ട് ചെയ്യും, അത് ആരായാലും എന്ത് പാർട്ടിയാണേലും. ജനങ്ങൾക്ക് ഗുണം വരണം! അത് നാട്ടിലായാലും ഇവിടെയായാലും.
ഈ ഗ്രൂപ്പിൽ വരാനും നിങ്ങളെയൊക്കെ പരിചയപ്പെടാനും സാധിച്ചതിനു സന്തോഷം.
അമേരിക്കയിലെ പൊലീസ് ഡിപ്പാർട്ട്‌മെന്റിലുള്ള ഒരു മലയാളിയെ കയ്യിൽകിട്ടിയതോടെ ഗ്രൂപ്പംഗങ്ങൾ ശരിക്കും അർമാദിച്ചു. പലർക്കും അറിയേണ്ടിയിരുന്നത് പ്രേമിന്റെ കൈവശമുള്ള യന്ത്രത്തോക്കിനെപ്പറ്റിയായിരുന്നു. പബ്ജി ഗെയിമിൽ കാണാറുള്ള തോക്കാണോ എന്നായിരുന്നു മിക്കവരുടെയും സംശയം.
അമേരിക്കൻ പൊലീസിൽ കയറാൻ എന്തു ചെയ്യണമെന്നായിരുന്നു മറ്റൊരാൾക്ക് സംശയം.
ചോദ്യങ്ങൾക്കെല്ലാം തനിക്കാവുംവിധത്തിൽ മറുപടി നൽകിയ പ്രേം 'ആരാധകരെ' നിരാശപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു.
Adjust Story Font
16