മീഡിയവണിന്റെ പേരിൽ വ്യാജ പോസ്റ്ററുമായി സർക്കാർ ഉദ്യോഗസ്ഥൻ; പരാതി കൊടുത്തപ്പോൾ മാപ്പു പറഞ്ഞു
മലപ്പുറം ഡി.എം.ഒ ഓഫീസിലെ സീനിയർ സൂപ്രണ്ട് മുഹമ്മദ് അഷ്‌റഫ് എൻ ആണ് മീഡിയവൺ നിയമനടപടിയെ തുടർന്ന് മാപ്പുപറഞ്ഞത്
മലപ്പുറം: മീഡിയവണിന്റെ പേരിൽ വ്യാജ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥൻ മാപ്പു പറഞ്ഞു. മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിലെ സീനിയർ സൂപ്രണ്ടും കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.ഒ.എ) ജില്ലാ പ്രസിഡണ്ടുമായ മുഹമ്മദ് അഷ്‌റഫ് എൻ ആണ് വ്യാജ പോസ്റ്ററിനെതിരെ മീഡിയവൺ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്ന് മാപ്പുപറഞ്ഞത്. മാപ്പപേക്ഷ ഇയാൾ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു.
മലപ്പുറം എ.ആർ നഗർ കുറ്റൂർ നോർത്ത് സ്വദേശിയായ മുഹമ്മദ് അഷ്‌റഫ് എൻ.ജി.ഒ യൂണിയൻ മുൻ ഭാരവാഹിയാണ്. മീഡിയവണിന്റെ പത്താം വാർഷിക സോഷ്യൽ മീഡിയ കാർഡിൽ കൃത്രിമം നടത്തിയാണ് ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. തെറ്റിദ്ധാരണ പരത്താനും ചാനലിനെ അപകീർത്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ള ഈ നടപടിക്കെതിരെ മീഡിയവൺ നിയമനടപടി സ്വീകരിച്ചതോടെ ഇയാൾ പോസ്റ്റ് പിൻവലിച്ച് മാപ്പുപറയുകയായിരുന്നു.
തന്റെ ഒരു സുഹൃത്ത് ഇട്ട പോസ്റ്റ് സ്‌ക്രീൻഷോട്ട് എടുത്താണ് താൻ പോസ്റ്റ് ചെയ്തതെന്നും ഇതിന്റെ പേരിൽ മീഡിയവൺ ചാനലിനും അതിന്റെ പ്രവർത്തകർക്കും ഉണ്ടായ മനോവിഷമത്തിൽ ആത്മാർത്ഥമായി ഖേദിക്കുന്നതായും മുഹമ്മദ് അഷ്‌റഫ് ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ, യുക്തിവാദി നേതാവ് സി. രവിചന്ദ്രൻ മീഡിയവണിനെതിരെ പ്രചരിപ്പിച്ച വ്യാജ പോസ്റ്റർ മീഡിയവൺ നിയമനടപടി സ്വീകരിച്ചതിനെ തുടർന്ന് ഫേസ്ബുക്കിൽ നിന്ന് പിൻവലിച്ചിരുന്നു.
Adjust Story Font
16