ഇർഫാൻ പഠാൻ ഉംറ നിർവഹിച്ചു; ചിത്രങ്ങൾ പങ്കുവെച്ച് താരം
സൗദി ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് അൽ ഷെയ്ഖുമായി താരം കൂടിക്കാഴ്ച നടത്തി
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ഉംറ നിർവഹിച്ചു. 37-കാരനായ ഇർഫാൻ കുടുംബത്തോടൊപ്പമാണ് മക്കയിലെത്തിയത്. ഭാര്യയ്ക്കും ഇളയ മകനുമൊപ്പം ഇഹ്റാം വേഷത്തിൽ കഅ്ബയുടെ പരിസരത്തു നിന്നുള്ള ചിത്രങ്ങൾ പത്താൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
ചൊവ്വാഴ്ച വൈകുന്നേരമാണ് ഇർഫാൻ പഠാൻ ഭാര്യ സഫ ബെയ്ഗ്, മക്കളായ ഇംറാൻ ഖാൻ, സുലൈമാൻ ഖാൻ എന്നിവർക്കൊപ്പം മക്കയിലെത്തിയത്. ഇന്നലെ സൗദി ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് അൽ ഷെയ്ഖുമായി താരം കൂടിക്കാഴ്ച നടത്തിയിരുന്നു.
2007-ലെ ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന ഇർഫാൻ പത്താൻ ബൗളിങ് ഓൾറൗണ്ടറായാണ് ശ്രദ്ധനേടിയത്. കരിയറിന്റെ തുടക്കത്തിൽ മിന്നും പ്രകടനം കാഴ്ചവെക്കുകയും ടെസ്റ്റ് ഹാട്രിക് നേടുകയും ചെയ്ത താരത്തിന് സുസ്ഥിരവും സുദീർഘവുമായ കരിയർ ലഭിച്ചില്ല. 29 ടെസ്റ്റ് മത്സരങ്ങളിലും 120 ഏകദിനങ്ങളിലും 24 ടി20 മത്സരങ്ങളിലും ഇർഫാൻ ഇന്ത്യയെ പ്രതിനിധീകരിച്ചു. ടെസ്റ്റിലും ഏകദിനത്തിലും നൂറിലേറെ വിക്കറ്റെടുത്തു.
ഐ.പി.എല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബ്, ഡൽഹി ഡെയർഡെവിൾസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിങ്‌സ്, റൈസിങ് പൂനെ സൂപ്പർജയന്റ്‌സ്, ഗുജറാത്ത് ലയൺസ് എന്നീ ടീമുകളുടെ ഭാഗമായിരുന്ന ഇർഫാന് തന്റെ പ്രതിഭയോട് നീതിപുലർത്താൻ കഴിഞ്ഞില്ല. 2020-ൽ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു.
2016-ലാണ് മോഡലും മാധ്യമപ്രവർത്തകയുമായിരുന്ന സഫ ബെയ്ഗിനെ ഇർഫാൻ പത്താൻ വിവാഹം ചെയ്തത്. ഹൈദരാബാദ് സ്വദേശിയും സൗദിയിൽ വ്യവസായിയുമായ മിർസ ഫാറൂഖ് ബെയ്ഗിന്റെ മകളാണ് സഫ. മക്കയിൽ വെച്ചുനടന്ന വിവാഹത്തിനു ശേഷം മോഡലിങ് കരിയർ ഉപേക്ഷിച്ചിരുന്നു.
രണ്ട് മക്കളാണ് ഇർഫാൻ - സഫ ദമ്പതികൾക്കുള്ളത്. ആറു വയസ്സുകാരൻ ഇംറാൻ ഖാനും ഒന്നര വയസ്സുള്ള സുലൈമാൻ ഖാനും.
നിലവിൽ ജ്യേഷ്ഠ സഹോദരനും മുൻ ദേശീയതാരവുമായ യൂസുഫ് പത്താനൊപ്പം ആരംഭിച്ച പത്താൻസ് ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാണ് ഇർഫാൻ. ഇതിഹാസതാരം കപിൽദേവ്, കാമറോൺ ട്രാഡെൽ എന്നിവരുടെ സഹകരണത്തോടെയാണ് ഡൽഹി അക്കാദമി പ്രവർത്തിക്കുന്നത്.
Adjust Story Font
16