"ഇന്ത്യൻ മീഡിയയെ വിശ്വസിച്ചു, പറ്റിപ്പോയി, ഇനിയുണ്ടാകില്ല"; വായനക്കാരോട് ക്ഷമചോദിച്ച് ദി ഇന്റർനാഷണൽ മാഗസിൻ
'ഇന്ത്യൻ വാർത്താ ഏജൻസിയുമായുള്ള ഞങ്ങളുടെ ആദ്യത്തെയും അവസാനത്തെയും സഹകരണമാണിത്.'
വാർത്ത തയാറാക്കുന്നതിൽ ഇന്ത്യൻ മാധ്യമത്തെ ആശ്രയിച്ചതിൽ തെറ്റുപറ്റിയെന്നും ഇന്ത്യൻ വാർത്താ ഏജൻസികളുമായി ഇനി ഒരു ബന്ധവുമുണ്ടാകില്ലെന്നും വ്യക്തമാക്കി 'ദി ഇന്റർനാഷണൽ' മാഗസിൻ. തിങ്കളാഴ്ച റഷ്യയിലെ പേം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ഒന്നാം വർഷ വിദ്യാർത്ഥി ആറു സഹപാഠികളെ വെടിവെച്ചു കൊന്ന സംഭവത്തിന്റെ വാർത്തയിൽ പറ്റിയ പിഴവിനാണ് ഇടതുപക്ഷ മാഗസിനായ ദി ഇന്റർനാഷണൽ ക്ഷമചോദിച്ചിരിക്കുന്നത് എന്നാണ് സൂചന. എന്നാൽ, ഏത് ഏജൻസിയെയാണ് തങ്ങൾ ആശ്രയിച്ചത് എന്ന് മാഗസിൻ വ്യക്തമാക്കിയിട്ടില്ല.
ദി ഇന്റർനാഷണലിന്റെ ട്വീറ്റ്
'വായനക്കാരേ,
റഷ്യയിലെ ഇസ്ലാമിസ്റ്റ് ആക്രമണം സംബന്ധിച്ചുള്ള പോസ്റ്റ് ഉണ്ടാക്കിയ ആശയക്കുഴപ്പത്തിൽ പൂർണമനസ്സോടെ ഇന്റർനാഷണൽ മാഗസിൻ ക്ഷമാപണം നടത്തുകയാണ്. ഇന്ത്യൻ മീഡിയയിലെ ചിലരെ ആശ്രയിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണം.
ഇന്ത്യൻ വാർത്താ ഏജൻസിയുമായുള്ള ഞങ്ങളുടെ ആദ്യത്തെയും അവസാനത്തെയും സഹകരണമാണിത്.'
മോസ്‌കോയിൽ നിന്ന് 1,300 കിലോമീറ്റർ കിഴക്കുമാറി സ്ഥിതി ചെയ്യുന്ന ഉരൽസ് നഗരത്തിലെ പേം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ തിങ്കളാഴ്ച രാവിലെയാണ് ഒന്നാം വർഷ വിദ്യാർത്ഥി വെടിവെപ്പ് നടത്തിയത്. തോക്കുമായി കാമ്പസിലെത്തിയ 18-കാരൻ തിമുർ ബെക്മൻസുറോവ് കണ്ണിൽക്കണ്ടവരെയെല്ലാം വെടിവെക്കുകായിരുന്നു. ആറു പേർ കൊല്ലപ്പെട്ടതിനു പുറമെ 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
താൻ മതവിശ്വാസിയല്ലെന്നും ആക്രമണം ആസൂത്രണം ചെയ്ത് നടത്തിയത് ഒറ്റക്കാണെന്നും ഇയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യം റഷ്യൻ അധികൃതർ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യയിലെ ചില മാധ്യമങ്ങൾ ഇതൊരു ഇസ്ലാമിസ്റ്റ് ആക്രമണമാണെന്ന തരത്തിൽ വാർത്ത നൽകുകയും സോഷ്യൽ മീഡിയയിലെ വലതുപക്ഷ ഹാൻഡിലുകളും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര മാധ്യമങ്ങൾ അക്രമിയുടെ പേരിന് പ്രാധാന്യം നൽകാതിരുന്നപ്പോൾ ഇന്ത്യയിലെ വലതുപക്ഷ മാധ്യമങ്ങൾ തലക്കെട്ടിൽ തന്നെ പേര് പ്രസിദ്ധീകരിച്ചു.
ഇന്ത്യൻ മാധ്യമങ്ങളെ ഉദ്ധരിച്ച് റഷ്യയിൽ നടന്നത് 'ഇസ്ലാമിസ്റ്റ് ആക്രമണം' ആണെന്ന് ഇന്റർനാഷണൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു എന്നാണ് സൂചന. നിലവിൽ മാഗസിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ അത്തരം പോസ്റ്റുകൾ കാണുന്നില്ല.
'ഇടത് പ്രത്യയശാസ്ത്ര ചായ്‌വ്' പരസ്യമായി പ്രഖ്യാപിക്കുന്ന ദി ഇന്റർനാഷണൽ, പ്രിന്റ് മാഗസിൻ ആയും ഓൺലൈൻ ആയുമാണ് പ്രവർത്തിക്കുന്നത്. ലോകമെങ്ങുമുള്ള വിഖ്യാതരായ രാഷ്ട്രീയ വ്യക്തിത്വങ്ങളുടെുയം മാർക്‌സിസ്റ്റ് ബുദ്ധിജീവികളുടെയും അഭിമുഖങ്ങൾ, ആഗോള രാഷ്ട്രീയ വാർത്തകൾ, ശാസ്ത്രീയ വിശകലനങ്ങൾ എന്നിവയാണ് ഇന്റർനാഷണലിന്റെ ഉള്ളടക്കം.
ബംഗാൾ സ്വദേശി ശുവം ബാനർജിയാണ് മാഗസിന്റെ എഡിറ്റർ ഇൻചീഫ്. ഇന്ത്യക്കു പുറമെ ബ്രിട്ടൻ, സ്വീഡൻ, ഓസ്ട്രിയ, ഈജിപ്ത്, റഷ്യ, ബ്രസീൽ, ഗ്രീസ്, ഇറ്റലി, ശ്രീലങ്ക, കുവൈത്ത്, അയർലാന്റ്, ഫലസ്തീൻ, കനഡ, ഫിലിപ്പീൻസ്, ജർമനി, വെനിസ്വേല, സിറിയ, അർജന്റീന, ജോർദാൻ, ദക്ഷിണാഫ്രിക്ക, നൈജീരിയ, തുർക്കി രാജ്യങ്ങളിൽ നിന്നുള്ളവരാണ് പത്രാധിപ സമിതി അംഗങ്ങൾ.
Adjust Story Font
16