പ്രതിഷേധത്തിൽ നിന്നും പിന്മാറി ഗുസ്തി താരങ്ങൾ; താരങ്ങൾക്ക് പിന്തുണയുമായി അനിൽ കുംബ്ലെ, ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വാര്‍ത്തകള്‍
ചെന്നൈയുടെ ഐ.പി.എല്‍ വിജയവും നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയവും ഇന്ന് ട്വിറ്ററിനെ സജീവമാക്കി
മെഡലുകൾ ഗംഗയിൽ ഒഴുക്കിയുള്ള പ്രതിഷേധത്തിൽ നിന്നും പിന്മാറി ഗുസ്തി താരങ്ങൾ #WrestlerProtests
മെഡലുകൾ ഗംഗയിൽ ഒഴുക്കിയുള്ള പ്രതിഷേധത്തിൽ നിന്നും താൽകാലികമായി പിന്മാറി ഗുസ്തി താരങ്ങൾ. ഹരിദ്വാറിലെത്തിയ കര്‍ഷക നേതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് താരങ്ങൾ സമരത്തിൽ നിന്നും താൽക്കാലികമായി പിൻമാറിയത്. ഭാരതീയ കിസാൻ യൂണിയൻ നേതാവ് നരേഷ് ടികായത്ത് ഉൾപ്പെടെയുള്ളവർ ഹരിദ്വാറിൽ ഗുസ്തിതാരങ്ങളുടെ അടുത്തെത്തി ആശ്വസിപ്പിച്ചാണ് അവരെ കടുത്ത തീരുമാനത്തിൽനിന്നും പിന്തിരിപ്പിച്ചത്.
അന്ന് മുഹമ്മദ് അലി നദിയിലെറിഞ്ഞ ഒളിമ്പിക്സ് മെഡല്‍ #Muhammad Ali
ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ തീരുമാനിച്ച ഗുസ്തി താരങ്ങളുടെ തീരുമാനം ഞെട്ടലോടെയാണ് രാജ്യം കേട്ടു നിന്നത്. കര്‍ഷക നേതാക്കള്‍ ഇടപെട്ടാണ് താരങ്ങളെ കടുത്ത തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചത്. ഇതിന് മുമ്പും കായിക ലോകത്ത് ഇതിന് സമാനമായ പ്രതിഷേധം അരങ്ങേറി
അമേരിക്കയുടെ ഇതിഹാസ ബോക്‌സർ മുഹമ്മദലി ക്ലേ തന്റെ ഒളിമ്പിക്‌സ് ഗോൾഡ് മെഡൽ ഓഹിയോ നദിയില്‍ വലിച്ചെറിഞ്ഞ സംഭവം ചരിത്ര പ്രസിദ്ധമാണ്. 1960 റോം ഒളിമ്പിക്‌സിൽ നേടിയ സ്വർണ മെഡലാണ് മുഹമ്മദ് അലി നദിയിലേക്ക് വലിച്ചെറിഞ്ഞത്. കായിക ചരിത്രം കണ്ട എക്കാലത്തേയും വലിയ പോരാട്ടത്തിന്റെ പ്രതീകമായി മാറുകയായിരുന്നു പിന്നീട് ക്ലേ. 1975 ൽ പുറത്തിറക്കിയ മുഹമ്മദ് അലിയുടെ ആത്മകഥയിലൂടെയാണ് ഈ സംഭവം പുറംലോകമറിഞ്ഞത്. മുഹമ്മദ് അലിയുടേത് അമേരിക്കയിലെ വെള്ളക്കാരന്‍റെ വംശീയ ഹുങ്കിനെതിരായ പോരാട്ടമായിരുന്നു.
Muhammad Ali threw his Olympics medal in the Ohio river after 1960 games to protest against the racial abuse he had to go through!
— Vijay Thottathil (@vijaythottathil) May 30, 2023
History will repeat today if our wrestlers throw their medal in Ganga, this time because of an inaction from our government headed by a self styled… pic.twitter.com/yoLlsMoHXM
നാണക്കേടായി നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം #narendra modi stadium
നാണക്കേടിന്റെ അധ്യായം തുറന്നാണ് ഐ.പി.എൽ 16-ാം സീസണിന് തിരശ്ശീല വീഴുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഹ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തെക്കുറിച്ചുള്ള അവകാശവാദങ്ങളെല്ലാം രണ്ടു ദിവസം പെയ്ത മഴയിൽ കുത്തിയൊലിച്ചുപോകുന്ന കാഴ്ചയാണ് കണ്ടത്. ഗാലറിയുടെ മേൽക്കൂരയിലൂടെ മഴവെള്ളം ചോരുന്നതിന്റെയും കോണിപ്പടിയിലൂടെയും നടപ്പാതകളിലൂടെയും വെള്ളം ഒലിച്ചിറങ്ങുന്നതിന്റെയും വിഡിയോ പുറത്തുവന്നിട്ടുണ്ട്.
എന്നാൽ, അതിലേറെ നാണക്കേടുണ്ടാക്കുന്ന രംഗമായിരുന്നു ഇന്നലെ ഗ്രൗണ്ടിൽ കണ്ടത്. മഴയിൽ കുതിർന്ന ഗ്രൗണ്ടും പിച്ചും ഉണക്കാൻ ഗ്രൗണ്ട് സ്റ്റാഫ് കഷ്ടപ്പെടുന്ന രംഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അത്യാധുനിക സംവിധാനങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന മോദി സ്‌റ്റേഡിയത്തിൽ സ്‌പോഞ്ചും ഹെയർ ഡ്രയറുമെല്ലാമായിരുന്നു ഇന്നലത്തെ താരം.
ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി അനിൽ കുംബ്ലെ #anil kumble
ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ക്രിക്കറ്റ് താരം അനിൽ കുംബ്ലെ. ഗുസ്തി താരങ്ങളുടെ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് അനിൽ കുംബ്ലെ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു കുംബ്ലെയുടെ പ്രതികരണം. ഇതാദ്യമായാണ് ക്രിക്കറ്റില്‍ നിന്നും ഗുസ്തി താരങ്ങള്‍ക്ക് വേണ്ടി ശബ്ദമുയരുന്നത്.
മെഡലുകൾ ഗംഗയിൽ ഒഴുക്കിയില്ല; പ്രതിഷേധത്തിൽ നിന്നും താൽകാലികമായി പിന്മാറി ഗുസ്തി താരങ്ങൾ
മെഡലുകൾ ഗംഗയിൽ ഒഴുക്കിയുള്ള പ്രതിഷേധത്തിൽ നിന്നും താൽകാലികമായി പിന്മാറി ഗുസ്തി താരങ്ങൾ. ഹരിദ്വാറിലെത്തിയ കര്‍ഷക നേതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് താരങ്ങൾ സമരത്തിൽ നിന്നും താൽക്കാലികമായി പിൻമാറിയത്.
ഭാരതീയ കിസാൻ യൂണിയൻ നേതാവ് നരേഷ് ടികായത്ത് ഉൾപ്പെടെയുള്ളവർ ഹരിദ്വാറിൽ ഗുസ്തിതാരങ്ങളുടെ അടുത്തെത്തി ആശ്വസിപ്പിച്ചാണ് അവരെ കടുത്ത തീരുമാനത്തിൽനിന്നും പിന്തിരിപ്പിച്ചത്.
കായിക താരങ്ങളോട് അഞ്ച് ദിവസം സമയം തരണമെന്നും പ്രശ്നപരിഹാരത്തിന് ഇടപെടലുണ്ടാകുമെന്നും കർഷക നേതാക്കൾ അറിയിച്ചു. ഈ അഭ്യർത്ഥന പരിഗണിച്ചാണ് താരങ്ങൾ പിൻമാറിയത്.
സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടുമടക്കമുള്ള താരങ്ങള്‍ മെഡലുകള്‍ ഗംഗയില്‍ നിമജ്ജനം ചെയ്യാന്‍ ഹരിദ്വാറിലെത്തിയിരുന്നു. വൈകാരികമായ ദൃശ്യങ്ങളാണ് ഇവിടെ അരങ്ങേറിയത്. മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് കരഞ്ഞാണ് ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലെത്തിയത്.
രാജ്യത്തെ ഞെട്ടിച്ച് ഡൽഹി കൊലപാതകം
ഡല്‍ഹിയിലെ രോഹിണിയില്‍ പതിനാറുകാരിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവം രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. സാഹിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തികൊണ്ട് 21 തവണ കുത്തുകയും ഭാരമേറിയ കല്ല് പല തവണ ശരീരത്തിലേക്ക് ഇടുകയും ചെയ്താണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് നിമിഷങ്ങൾക്കകം സാഹിൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. തുടർന്ന് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലേക്ക് ബസിൽ കയറി.ഏതാനും മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഡൽഹി പൊലീസിന് ഇയാളെ കണ്ടെത്താനും പിതാവിനെ ബുലന്ദ്ഷെറിലേക്ക് കൊണ്ടുപോയി പ്രതിയെ പിടികൂടാനും സാധിച്ചു.സാഹിലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലപാതകത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ സാക്ഷി ദീക്ഷിതിനെ ഒന്നിലധികം തവണ കുത്തുന്നതും കൊലയാളി ഒരു പാറക്കല്ലുകൊണ്ട് ദയനീയമായി ഇടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പെണ്‍കുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടു. തന്‍റെ മകൾ സാഹിലിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു. "എന്‍റെ മകളെ പലതവണ കുത്തിയിട്ടുണ്ട്, അവളുടെ തലയും കഷ്ണങ്ങളാക്കി. പ്രതികൾക്ക് ശക്തമായ ശിക്ഷ നൽകണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു," പിതാവ് ആവശ്യപ്പെട്ടു.
സാക്ഷി സാഹിലുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചതാണ് കൊലപാതക കാരണമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. സാക്ഷിയുടെ സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികളാണ് പൊലീസിന് മൊഴി നൽകിയത്. കൊല്ലപ്പെട്ട സാക്ഷിയും സാഹിലും തമ്മിൽ നാല് വർഷത്തെ പരിചയമാണ് ഉണ്ടായിരുന്നത്. സാഹിലിൻ്റെ പെരുമാറ്റത്തിൽ മാറ്റം വന്നതോടെ ആണ് സാക്ഷി സാഹിലിൽ നിന്നും വിട്ട് നിൽക്കാൻ തീരുമാനിച്ചത് എന്നും സുഹൃത്തുക്കൾ പൊലീസിൽ മൊഴി നൽകി. അതേസമയം സാഹിലിനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യാൻ ആണ് പൊലീസ് നീക്കം. കൃത്യം നടത്തിയ ശേഷം ഉത്തർപ്രദേശിലേക്ക് കടക്കാൻ സാഹിലിനെ ആരെങ്കിലും സഹായിച്ചോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.
Adjust Story Font
16