ലോക റെസ്ലിങ് കൂട്ടായ്മയിൽനിന്ന് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പുറത്ത്; അംഗത്വം റദ്ദാക്കി
ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾക്ക് ദേശീയപതാകയ്ക്കു കീഴിൽ മത്സരിക്കാനാകില്ല
ബ്രിജ് ഭൂഷണ്‍ സിങ്
സൂറിച്ച്: ലോക റെസ്ലിങ് കൂട്ടായ്മയിൽനിന്ന് ഇന്ത്യൻ ഗുസ്തി ഫേഡറേഷൻ(ഡബ്ല്യു.എഫ്.ഐ) പുറത്ത്. യുനൈറ്റഡ് വേൾഡ് റെസ്ലിങ്(യു.ഡബ്ല്യു.ഡബ്ല്യു) ആണ് ഇന്ത്യൻ ഫെഡറേഷന്റെ അംഗത്വം റദ്ദാക്കിയത്. ഇതോടെ അടുത്ത ലോക ചാംപ്യൻഷിപ്പുകളിൽ ഇന്ത്യൻ താരങ്ങൾക്ക് ദേശീയപതാകയ്ക്കു കീഴിൽ മത്സരിക്കാനാകില്ല.
ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പീഡന പരാതിയുടെ കോളിളക്കം ഇനിയും അടങ്ങാത്ത സമയത്താണ് ഇരുട്ടടിയായി യു.ഡബ്ല്യു.ഡബ്ല്യുവിന്റെ നടപടി വരുന്നത്. കൃത്യസമയത്ത് തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനാകാത്തതിനാലാണു നടപടി. അനിശ്ചിതകാലത്തേക്കാണ് അംഗത്വം റദ്ദാക്കിയത്. തെരഞ്ഞെടുപ്പ് നടത്തണമെന്നും ഇല്ലെങ്കിൽ നടപടിയുണ്ടാകുമെന്നും യു.ഡബ്ല്യു.ഡബ്ല്യു നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നു.
2023 ജൂണിലായിരുന്നു ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ, ബ്രിജ് ഭൂഷണിനെതിരായ ഗുസ്തി താരങ്ങൾ പരാതിയുമായി രംഗത്തെത്തിയതിനു പിന്നാലെ ഇതു നീളുകയായിരുന്നു. താരങ്ങൾ പ്രതിഷേധം കടുപ്പിച്ചിട്ടും ഫെഡറേഷൻ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതോടെ തെരഞ്ഞെടുപ്പും അനിശ്ചിതമായി നീളുകയായിരുന്നു. ഇതിനിടെ യു.ഡബ്ല്യു.ഡബ്ല്യു തെരഞ്ഞെടുപ്പ് നടത്താൻ 45 ദിവസത്തെ സമയം അനുവദിച്ചിരുന്നെങ്കിലും ഇതും ഫെഡറേഷൻ പാലിച്ചില്ല.
നിഷ്പക്ഷ താരങ്ങളായായിരിക്കും അടുത്ത ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾ അണിനിരക്കുക. ഒളിംപിക്‌സ് യോഗ്യതാ ടൂർണമെന്റ് കൂടിയാണിത്. സെപ്റ്റംബർ 16നാണ് ചാംപ്യൻഷിപ്പ് തുടങ്ങുന്നത്. അതേസമയം, സെപ്റ്റംബർ 23ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പതാകയ്ക്കു കീഴിൽ താരങ്ങൾക്ക് അണിനിരക്കാനാകുമെന്നാണ് വിവരം. ഇന്ത്യൻ ഒളിംപിക് അസോസിയേഷനാണ് ഏഷ്യൻ ഗെയിംസിനുള്ള എൻട്രികൾ അയച്ചത്.
Summary: World wrestling body suspends WFI, wrestlers won’t play under India flag at Championships
Adjust Story Font
16