Quantcast

'ബലാത്സംഗം ചെയ്തവനെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടോയെന്നോ?' തപ്സി പന്നു

ഇത് പഴയകാലത്തെ ബോളിവുഡ് രീതിയിലുള്ള പരിഹാരമായിരിക്കും. പക്ഷേ എങ്ങനെ സുപ്രീംകോടതിക്ക് ഈ നിലയിലേക്ക് തരംതാഴാൻ കഴിഞ്ഞു-സോന മഹോപാത്ര

MediaOne Logo

  • Published:

    2 March 2021 8:41 AM GMT

ബലാത്സംഗം ചെയ്തവനെ  വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടോയെന്നോ? തപ്സി പന്നു
X

ബലാത്സംഗ കേസിലെ ഇരയെ വിവാഹം ചെയ്യാമോയെന്ന് പ്രതിയോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചതിനെതിരെ വ്യാപക വിമര്‍ശനം. പുറത്തുപറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി 16 വയസ്സുകാരിയെ 12 തവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയോടാണ് കോടതി ഇങ്ങനെ ചോദിച്ചത് എന്നതാണ് വിചിത്രമായ കാര്യം.

ബോളിവുഡ് താരം തപ്സി പന്നുവിന്‍റെ ട്വീറ്റ് ഇങ്ങനെ- "ആരെങ്കിലും ഈ ചോദ്യം ആ പെൺകുട്ടിയോട് ചോദിച്ചോ? ബലാത്സംഗം ചെയ്തവനെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടോയെന്ന്? ഇത് പരിഹാരമാണോ അതോ ശിക്ഷയോ? തികച്ചും അസ്വസ്ഥപ്പെടുത്തുന്നത്".

ഗായിക സോന മഹോപാത്രയുടെ പ്രതികരണം ഇങ്ങനെ- "ഇത് വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ബലാത്സം​ഗ ഇരയെ പ്രതി കല്യാണം കഴിക്കുന്നത് പഴയകാലത്തെ ബോളിവുഡ് രീതിയിലുള്ള പരിഹാരമായിരിക്കും, പക്ഷേ എങ്ങനെ സുപ്രീംകോടതിക്ക് ഈ നിലയിലേക്ക് തരംതാഴാൻ കഴിഞ്ഞു?"

ഇന്നലെ കോടതിയില്‍ നടന്നത്

മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷന്‍ കമ്പനിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് പ്രതി. 16 വയസ്സുള്ള വിദ്യാര്‍ഥിനിയായ അകന്ന ബന്ധുവിനെ ബലാത്സംഗം ചെയ്തു എന്നാണ് ഇയാള്‍ക്കെതിരായ പരാതി. പ്രതിയോട് സുപ്രീംകോടതി പറഞ്ഞതിങ്ങനെ-

"പരാതിക്കാരിയെ വിവാഹം ചെയ്യുമെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. ഇല്ലെങ്കില്‍ നിങ്ങളുടെ ജോലി നഷ്ടപ്പെടും. ജയിലില്‍ പോകേണ്ടിയും വരും. ഒരു പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് നിങ്ങള്‍ ബലാത്സംഗം ചെയ്തിരിക്കുന്നു".

പ്രതിയുടെ അഭിഭാഷകന്‍ പറഞ്ഞത് ഇയാളുടെ മാതാവ് വിവാഹ വാഗ്ദാനവുമായി പെണ്‍കുട്ടിയെ സമീപിച്ചിരുന്നുവെന്നാണ്. പെണ്‍കുട്ടി അപ്പോള്‍ നിരസിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് 18 വയസ്സാകുമ്പോള്‍ വിവാഹം നടത്താമെന്ന് തീരുമാനിച്ചു. എന്നാല്‍ പെണ്‍കുട്ടിക്ക് 18 വയസ്സായപ്പോള്‍ വിവാഹം ചെയ്യാന്‍ പ്രതി വിസമ്മതിച്ചു. പിന്നാലെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബലാത്സംഗ പരാതി നല്‍കിയതെന്ന് പ്രതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കോടതിയുടെ മറുപടിയിങ്ങനെ- "ഇരയെ വിവാഹം ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കുകയല്ല. നിങ്ങളതിന് തയ്യാറാണോ എന്ന് അറിയിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ പറയും കല്യാണം കഴിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിച്ചെന്ന്".. താന്‍ മറ്റൊരാളെ വിവാഹം ചെയ്തെന്നായിരുന്നു പ്രതിയുടെ മറുപടി. തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് നാല് ആഴ്ചത്തേക്ക് കോടതി സ്റ്റേ ചെയ്തു. അതിനിടെ ജാമ്യത്തിന് അപേക്ഷിക്കാമെന്നും കോടതി വ്യക്തമാക്കി.

പ്രതി ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി

വീട്ടില്‍ ആരും ഇല്ലാത്തപ്പോള്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയുടെ കൈകാലുകള്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി. സംഭവം പുറത്തുപറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി 12 തവണ ഇയാള്‍ ബലാത്സംഗം ചെയ്തെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് വീട്ടുകാര്‍ ഇക്കാര്യം അറിഞ്ഞത്. പൊലീസില്‍ പരാതിപ്പെടാന്‍ കുടുംബം തീരുമാനിച്ചതോടെ പ്രതിയുടെ അമ്മ വീട്ടിലെത്തി പെണ്‍കുട്ടിക്ക് 18 വയസ്സാകുമ്പോള്‍ മകനുമായുള്ള വിവാഹം നടത്താമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു.

അതിനിടെ പ്രതിയുടെ അമ്മ, പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പമായിരുന്നുവെന്നും പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധമാണ് ഉണ്ടായതെന്നും സ്റ്റാമ്പ് പേപ്പറില്‍ ഒപ്പിട്ടുവാങ്ങി. പെണ്‍കുട്ടിയുടെ അമ്മയുടെ ഒപ്പാണ് വാങ്ങിയത്. എന്താണ് സ്റ്റാമ്പ് പേപ്പറില്‍ എഴുതിയിരിക്കുന്നതെന്ന് അറിയാതെ ഒപ്പിട്ട് നല്‍കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ നിരക്ഷരയായ അമ്മ പറഞ്ഞു.

പെണ്‍കുട്ടിക്ക് 18 വയസ്സായപ്പോള്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നും അമ്മയും മകനും പിന്മാറിയതോടെയാണ് പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. സെഷന്‍സ് കോടതി പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കി. പെണ്‍കുട്ടി ബോംബെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ പോക്സോ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് കോടതി ഉത്തരവിട്ടു. തുടര്‍ന്ന് പ്രതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് സുപ്രീംകോടതി വിചിത്ര പരാമര്‍ശം നടത്തിയത്.

TAGS :

Next Story