Quantcast

ശബരിമലയും ന്യൂനപക്ഷ വോട്ടുകളും വിധിയെഴുതുന്ന തിരുവനന്തപുരം 

തിരുവനന്തപുരം ലോക്‍സഭ മണ്ഡലത്തിലെ സാധ്യതകള്‍ അവലോകനം ചെയ്യുന്നു.

MediaOne Logo
ശബരിമലയും ന്യൂനപക്ഷ വോട്ടുകളും വിധിയെഴുതുന്ന തിരുവനന്തപുരം 
X

  • ശബരിമല വലിയ സ്വാധീനം ചെലുത്തുന്ന മണ്ഡലം
  • മൂന്നരലക്ഷത്തോളം വരുന്ന നായര്‍ വോട്ടുകളും അത്രത്തോളം വരുന്ന ക്രിസ്ത്യന്‍, മുസ്‍ലിം ന്യൂനപക്ഷ വോട്ടുകളും നിര്‍ണായകം.
  • ശബരിമല സ്വാധീനിക്കുന്ന വോട്ടുകള്‍ യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികളിലേക്ക് പോകാന്‍ സാധ്യത
  • ന്യൂനപക്ഷ വോട്ടുകള്‍ ജയസാധ്യതയുള്ള മതേതര സ്ഥാനാര്‍ഥിക്ക്
  • ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം
  • 2014 ലെ തെരഞ്ഞെടുപ്പില് ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലം
  • യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ശശി തരൂര്‍ 2014 ല്‍ വിജയിച്ചത് 15,470 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

സ്ഥാനാര്‍ഥികള്‍

  • യു.ഡി.എഫ് - ഡോ. ശശി തരൂര്‍

മൂന്നാം തവണ ജനവിധി തേടുന്നു. വിശ്വപൌരന്‍ എന്ന വിളിപ്പേരുന്ന തരൂര്‍ ദേശീയതലത്തില്‍ പ്രതിപക്ഷനിരയിലെ പ്രമുഖന്‍. 2019 ലെ തെരഞ്ഞെടുപ്പിനുള്ള നയരൂപീകരണത്തില്‍ കോണ്‍ഗ്രസിലെ മുന്‍നിരയില്‍.

  • എല്‍.ഡി.എഫ് - സി.ദിവാകരന്‍

മുന്‍ മന്ത്രി, നിലവില്‍ നെടുമങ്ങാട് എം.എല്‍.എ, കോണ്‍ഗ്രസ് സീറ്റുകള്‍ പിടിച്ചെടുത്ത ചരിത്രം ശക്തി

  • ബി.ജെ. പി - കുമ്മനം രാജശേഖരന്‍

ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് സ്ഥാനാര്‍ഥിയായി. ആര്‍.എസ്.എസ്, ഹിന്ദു ഐക്യമുന്നണി വഴി ബി.ജെ.പി അധ്യക്ഷ സ്ഥാനത്തേക്കെത്തി. ശബരിമല മൂലധനം.

13,67,523 വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 70 ശതമാനത്തില്‍ താഴെയാണ് സാധാരണ വോട്ടിങ് നടക്കുക
നായര്‍ - മൂന്നരലക്ഷത്തോളം
ക്രിസ്ത്യന്‍ - മൂന്നേകാല്‍ ലക്ഷം (നാടാര്‍ വിഭാഗം അടക്കം)
മുസ്‍ലിം - 1,35,000
ഈഴവ - 1,35,000
മറ്റുഹിന്ദുക്കള്‍ - രണ്ടു ലക്ഷത്തിനിടയില്‍

പ്രചരണം
കോണ്‍ഗ്രസിനകത്തുണ്ടായിരുന്ന ചില സംഘടനാ പ്രശ്നങ്ങള്‍ ആദ്യ ഘട്ടത്തിലെ പ്രചരണത്തെ ബാധിച്ചെങ്കില്‍ അവസാന ഘട്ടത്തില്‍ അവര്‍ മേല്‍കൈ നേടിയിട്ടുണ്ട്. സംഘടനാ പ്രശ്നങ്ങളില്‍ ഹൈകമാന്‍ഡ് ഇടപെടുകയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മണ്ഡലം പ്രത്യേകമായി ശ്രദ്ധിക്കുകയും ചെയ്തു. കൊട്ടിക്കലാശ ദിനത്തില്‍ പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്റണി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചരണത്തിന് നേതൃത്വം നല്‍കി.

എല്‍.ഡി.എഫ് പതിവ് പോലെ ചിട്ടയായ പ്രചരണമാണ് കാഴ്ചവെച്ചത്. നല്ല തെരഞ്ഞെടുപ്പ് മാനേജര്‍കൂടിയായ സി ദിവാകരനായി സി.പി.എം, സി.പി.ഐ ഭേദമന്യേ പ്രവര്‍ത്തകര്‍ റോഡിലിറങ്ങി.

ആര്‍.എസ്.എസ് നിയന്ത്രണത്തിലായിരുന്നു ബി.ജെ.പി പ്രചരണം. ചിട്ടയായും പൊലിമ നിറഞ്ഞതുമായി പ്രചരണമാണ് ബി.ജെ.പി കാഴ്ചവെച്ചത്. കുമ്മനത്തിന്‍റ വ്യക്തിത്വം പ്രചരണ ആയുധമാക്കുകയുംചെയ്തു.

നിലവിലെ സാധ്യതകള്‍
നായര്‍ വിഭാഗത്തിന് മുന്‍തൂക്കമുള്ള മണ്ഡലത്തില്‍ ശബരിമല നിര്‍ണായകം. ശബരിമല സ്വാധീനിക്കുന്ന ഈ വോട്ടുകള്‍ യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികളിലേക്ക് പോകാന്‍ സാധ്യത. നായര്‍ വിഭാഗത്തില്‍ നിന്ന് കേഡര്‍ വോട്ടുകള്‍ മാത്രമേ എല്‍.ഡി.എഫിന് ലഭിക്കുകയുള്ളൂ. ഈഴവര്‍ ഉള്‍പ്പെടെ മറ്റു ഹിന്ദുവോട്ടുകള്‍ മൂന്ന് മുന്നണിയിലേക്കും പോകും. ഈ വിഭാഗത്തിലും സ്ത്രീ വോട്ടുകള്‍ യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികളിലേക്ക് പോകും. ലത്തീന്‍ ക്രിസ്ത്യന്‍ വിഭാഗം അധിവസിക്കുന്ന തീരദേശം യു.ഡി.എഫിന്‍റെ ഉറച്ച കോട്ടയാണ്. ഇത്തവണയും അതിന് മാറ്റമുണ്ടാകില്ല. പ്രചരണത്തിന്‍റെ അവസാന ദിവസങ്ങളില്‍ എ.കെ ആന്‍റണിയും, ഉമ്മന്‍ചാണ്ടിയും നടത്തിയ റോഡ് ഷോകള്‍ അതിന്‍റെ വ്യക്തമായ സൂചനയാണ് നല്‍കിയത്.

സി.എസ്.ഐ സഭയാണ് മണ്ഡലത്തിലെ മറ്റൊരു പ്രധാന ക്രിസ്ത്യന്‍ വിഭാഗം. കഴിഞ്ഞ തവണ സി.എസ്.ഐ സഭാഗമായ ബെനറ്റ് എബ്രഹാം സി.പി.ഐ സ്ഥാനാര്‍ഥിയായി മത്സരിച്ചതിനാല്‍ ഒരു വിഭാഗം വോട്ടുകള്‍ സി.പി.ഐക്ക് പോയിരുന്നു. ഇത്തവണ അതുണ്ടാകില്ലെന്നാണ് സഭാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നഗരത്തിലുള്ള മറ്റു ക്രിസ്ത്യന്‍ വിഭാഗങ്ങളിലും നല്ലൊരു ശതമാനം വോട്ടി യു.ഡി.എഫിനാണ് പോവുക.

മുസ്‍ലിം ന്യൂനപക്ഷങ്ങള്‍ വിജയസാധ്യതയുള്ള മതേതര സ്ഥാനാര്‍ഥിക്കാണ് വോട്ട് ചെയ്യുക. ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫിന് തിരിച്ചടി കിട്ടാനുള്ള സാധ്യതയും ക്രിസ്ത്യന്‍ വോട്ടര്‍മാരുടെ യു.ഡി.എഫ് ആഭിമുഖ്യവും പരിഗണിച്ച് ഇത്തവണ യു.ഡി.എഫിലേക്ക് തിരിയാനുള്ള സാധ്യതയാണ് മുസ്‍ലിം വോട്ടര്‍മാര്‍ നല്‍കുന്നത്.

എല്‍.ഡി.എഫ് സ്ഥാനര്‍ഥിക്ക് വിജയസാധ്യതയുണ്ടെന്ന രീതിയില്‍ ഒരു പ്രചരണം അവസാനഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. ഒരു ദൃശ്യമാധ്യമത്തില‍് വന്ന സര്‍വെയും ഇതിന് കാരണമായി. ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ടെങ്കിലും എല്‍.ഡി.എഫിലേക്ക് മുസ്‍ലിം വോട്ടുകള്‍ പോകാനുള്ള സാധ്യത വിരളമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാല് നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി ക്ക് ലീഡ് ലഭിച്ചിരുന്നു. കഴക്കൂട്ടം - 7609, വട്ടിയൂര്‍ക്കാവ് - 2926, തിരുവനന്തപുരം - 1808, നേമം - 18,046.
കോണ്‍ഗ്രസ് ലീഡ് ചെയ്തത് മൂന്ന് മണ്ഡലങ്ങളില്‍
പാറശ്ശാല - 2407, കോവളം - 9289, നെയ്യാറ്റിന്‍കര - 8203

ബി.ജെ.പി 18,046 വോട്ട് ലീഡ് ചെയ്ത നേമം ബി.ജെ.പി എം.എല്‍.എ യുള്ള മണ്ഡലമാണ്. ഒ രാജഗോപാലെന്ന എം.എല്‍.എയുടെ ശരാശരയില്‍ താഴെയുള്ള പ്രകടനം ഇവിടെ ബി.ജെ.പിക്ക് ആശങ്കയാണ്. ഇവിടെ തിരിച്ചുപിടിക്കാനോ ബി.ജെ.പിയുടെ ലീഡ് വലിയ തോതില്‍ കുറക്കാനോ കഴിയുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.
ബി.ജെ.പി 7609 വോട്ട് ലീഡ് ചെയ്ത കഴക്കൂട്ടത്ത് ബി.ജെ.പി പിന്നാക്കം പോയിട്ടുണ്ട്. അവിടെ യു.ഡി.എഫോ എല്‍.ഡി.എഫോ ലീഡ് ചെയ്തേക്കും. തിരുവനന്തപുരം മണ്ഡലം ചെറിയ മാര്‍ജിനില്‍ തിരിച്ചുപിടക്കാമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.
വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി കൂടുതല്‍ പ്രതീക്ഷയും യു.ഡി.എഫിന് ആശങ്കയും നല്‍കുന്നു. യു.ഡി.എഫ് കഴിഞ്ഞ തെരഞ്ഞെുടുപ്പില്‍ ലീഡ് നല്‍കിയ പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം മണ്ഡലങ്ങളില്‍ ബി.ജെ.പി പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. അതെങ്ങിനെ പ്രതിഫലിക്കുമെന്നതും ഫലത്തെ ബാധിക്കും. ബി.ജെ.പി സ്വാധീനമേഖലകള്‍ തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും, യു.ഡി.എഫ് സ്വധീനമേഖലകളില്‍ കടന്നുകയറാന്‍ ബി.ജെ.പിയും നടത്തിയ ശ്രമം വിജയിക്കുന്നതനുസരിച്ചായിരിക്കും തിരുവനന്തപുരം മണ്ഡലത്തിന്‍റ ഫലം. യു.ഡി.എഫ്, ബി.ജെ.പി പോരിനിടിയില്‍ എല്‍.ഡി.എഫിന് പിന്നിലേക്ക് പോകേണ്ടി വന്നുവെന്നാണ് പൊതുവിലയിരുത്തല്‍.

TAGS :

Next Story