Quantcast

ഒരു ലക്ഷമല്ല, ഇനി നിയന്ത്രണങ്ങളില്ലാതെ പ്രവാസികൾക്ക് പത്തു ലക്ഷം വരെ പണമയക്കാം

വിദേശ സംഭാവനാ നിയന്ത്രണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

MediaOne Logo

Web Desk

  • Updated:

    2022-07-03 11:49:04.0

Published:

3 July 2022 11:27 AM GMT

ഒരു ലക്ഷമല്ല, ഇനി നിയന്ത്രണങ്ങളില്ലാതെ പ്രവാസികൾക്ക് പത്തു ലക്ഷം വരെ പണമയക്കാം
X

ന്യൂഡൽഹി: പ്രവാസികൾക്ക് ഇന്ത്യൻ അധികൃതരെ അറിയിക്കാതെ വിദേശത്തെ ബന്ധുക്കളില്‍നിന്ന് കൂടുതൽ പണമയക്കാൻ സൗകര്യമൊരുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വിജ്ഞാപനം. ഇതിനായി വിദേശ സംഭാവനാ നിയന്ത്രണ ചട്ട(എഫ്.സി.ആർ.എ)ത്തിൽ ഭേദഗതി വരുത്തി. ഭേദഗതി പ്രകാരം ഇനി മുതൽ വർഷം പത്തു ലക്ഷം രൂപ വരെ അധികൃതരെ അറിയിക്കാതെ നാട്ടിലേക്കയക്കാം. നേരത്തെ, ഒരു ലക്ഷം രൂപ വരെ അയക്കാനായിരുന്നു അനുമതിയുണ്ടായിരുന്നത്.

അയക്കുന്ന പണം പത്തു ലക്ഷത്തില്‍ കൂടുതലുണ്ടെങ്കിൽ വ്യക്തികൾക്ക് ഇക്കാര്യം സർക്കാറിനെ അറിയിക്കാൻ 90 ദിവസത്തെ സമയമുണ്ടാകുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. നേരത്തെ ഇത് 30 ദിവസമായിരുന്നു. 2011ലെ എഫ്.സി.ആർ.എ നിയമത്തിലെ ആറ്, ഒമ്പത്, പതിമൂന്ന് ചട്ടങ്ങളാണ് ഭേദഗതി വരുത്തിയത്.

പ്രവാസി ബന്ധുക്കളിൽനിന്ന് പണം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ചട്ടം ആറ്. വിദേശത്തു നിന്നുള്ള സംഭാവനകൾ സ്വീകരിക്കാനുള്ള രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടതാണ് ചട്ടം ഒമ്പത്.

വിദേശത്തു നിന്ന് സംഭാവനകൾ സ്വീകരിക്കുന്ന വ്യക്തികൾ/ സംഘടനകൾ എന്നിവയ്ക്ക് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കാനുള്ള സമയപരിധി മുപ്പതിൽനിന്ന് 45 ദിവസമാക്കിയതാണ് ഒമ്പതാം ചട്ടത്തിലെ ഭേദഗതി. ചട്ടം 13ലെ 'ബി' വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. പണം സംഭാവന നൽകിയ ആൾ, സ്വീകരിച്ച പണം, രശീതിയുടെ തിയ്യതി തുടങ്ങിയവ സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും സ്വന്തം വെബ്‌സൈറ്റിൽ ഡിക്ലയർ ചെയ്യണമെന്ന വ്യവസ്ഥയാണ് നീക്കിയത്.

ഇനി മുതൽ എഫ്.സി.ആർ.എ പ്രകാരം വിദേശ സഹായം സ്വീകരിക്കുന്നവർ വിദേശസഹായം, ഇൻകം-എക്‌സ്പൻഡിചർ സ്റ്റേറ്റ്‌മെന്റ്, പേയ്‌മെന്റ് അക്കൗണ്ട്, ഓരോ വർഷത്തെയും ബാലൻസ് ഷീറ്റ് തുടങ്ങിയ എല്ലാ വിവരങ്ങളും സാമ്പത്തിക വർഷം അവസാനിക്കുന്നതിന്റെ ഒമ്പത് മാസങ്ങൾക്കുള്ളിൽ ഔദ്യോഗിക വെബ്‌സൈറ്റിലോ കേന്ദ്രം നിർദേശിക്കുന്ന വെബ്‌സൈറ്റിലോ പ്രസിദ്ധപ്പെടുത്തണം. നേരത്തെ ഈ വിവരങ്ങൾ സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും പ്രസിദ്ധപ്പെടുത്തേണ്ടിയിരുന്നു.

വിദേശ സംഭാവന സ്വീകരിക്കുന്ന ബാങ്ക് അക്കൗണ്ട്, പേര്, വിലാസം, ലക്ഷ്യം എന്നിവയിൽ മാറ്റമുണ്ടായാൽ അത് 45 ദിവസത്തിനുള്ളിൽ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണം. നേരത്തെ ഇത് 15 ദിവസമായിരുന്നു. പുതിയ ചട്ടങ്ങൾ പ്രകാരം സർക്കാർ സർവീസിലുള്ളവർക്ക് വിദേശത്തു നിന്ന് സംഭാവന സ്വീകരിക്കാനാവില്ല. എൻജിഒകളുടെ ഭാരവാഹികൾക്ക് ആധാർകാർഡ് സമർപ്പണം നിർബന്ധമാക്കിയിട്ടുണ്ട്. വിദേശത്തു നിന്ന് സംഭാവന ലഭിക്കുന്ന എല്ലാ എൻജിഒകളും എഫ്.സി.ആർ.എയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്യണമെന്നാണ് ചട്ടം.

TAGS :

Next Story