തീഗോളമായി എംഐ 17 വി 5; രാജ്യത്തെ ഞെട്ടിച്ച് കോപ്ടർ ദുരന്തം
നിയന്ത്രണം വിട്ട് നിമിഷ നേരം കൊണ്ട് കോപ്ടർ വനമേഖലയിൽ താഴേക്കു പതിക്കുകയായിരുന്നു
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ടത് മോശം കാലാവസ്ഥ മൂലമെന്ന് റിപ്പോർട്ട്. വ്യോമ സേനയുടെ എംഐ 17 വി5 കോപ്ടറാണ് അപകടത്തിൽപ്പെട്ടതെന്ന് വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സുലുർ എയർ ഫോഴ്‌സ് സ്‌റ്റേഷനിൽ നിന്ന് വെല്ലിങ്ടണിലെ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിലേക്കുള്ള യാത്രയിലായിരുന്നു കോപ്ടർ. ഉച്ചയ്ക്ക് 12.30ന് കട്ടേരി പാർക്കിലാണ് കോപ്ടർ തകർന്നു വീണത്.
നിയന്ത്രണം വിട്ട് നിമിഷ നേരം കൊണ്ട് കോപ്ടർ വനമേഖലയിൽ താഴേക്കു പതിക്കുകയായിരുന്നു. മോശം കാലാവസ്ഥ മൂലം പൈലറ്റിന് കോപ്ടറിന്റെ ദിശ നിർണയിക്കാനായില്ല എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാലു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.ബിപിൻ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ് ലിഡ്ഡർ, ലെഫ്.കേണൽ ഹർജീന്ദർ സിങ്, എൻ.കെ ഗുർസേവക് സിങ്, എൻ.കെ ജിതേന്ദ്രകുമാർ, ലാൻസ് നായിക്, വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് അപകടത്തിൽ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.
ആശുപത്രിയിലേക്ക് മാറ്റിയ രണ്ടു പേർക്ക് എൺപത് ശതമാനം പൊള്ളലേറ്റതായി നാട്ടുകാരെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ സൈന്യം സമഗ്ര അന്വേഷണം പ്രഖ്യാപിച്ചു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും ആശയവിനിമയം നടത്തി. രാജ്നാഥ് സിങ് സംഭവ സ്ഥലത്തേക്ക് തിരിച്ചു.
സോവിയറ്റ് റഷ്യയിൽ നിന്ന് ഇന്ത്യ വാങ്ങിയ ട്രാൻസ്‌പോർട്ട് ഹെലികോപ്ടറാണ് എംഐ 17. എംഐ 8എം എന്നും ഇതറിയപ്പെടുന്നുണ്ട്. റഷ്യൻ ഹെലികോപ്‌റ്റേഴ്‌സിന്റെ ഉപ കമ്പനി കസാൻ ഹെലികോപ്‌ടേഴ്‌സാണ് കോപ്ടർ നിർമിക്കുന്നത്. ലോകത്തെ ഏറ്റവും വികസിതമായ കോപ്ടറുകളിൽ ഒന്നു കൂടിയാണിത്. 2013ലാണ് ഇവ സേനയുടെ ഭാഗമായത്.
Adjust Story Font
16